മറയൂര്‍: മൂന്നു വയസ്സുകാരന്റെ കണ്ണീരിനു മുന്നില്‍ മനംനൊന്ത് ആന. ഇരുചക്ര വാഹനവുമായി ആനയ്ക്കു മുന്നില്‍ മറിഞ്ഞുവീണ ഗണേശനെ ആന ചുമലില്‍ പിടിച്ചു വലിച്ചെടുക്കുന്നതിനിടിലായിരുന്നു ഒപ്പം വീണ മകന്‍ മണി അലറിക്കരഞ്ഞത്. ആ മൂന്നു വയസ്സുകതാരന്റെ കരച്ചില്‍ കണ്ട് മനം നൊന്ത ആന പിടി വിട്ടു പിന്നോട്ടു മാറി.
ബുധനാഴ്ച വൈകിട്ടോടെയാണ് വെട്ടുകാട് ഭാഗത്ത് മൂന്നുവയസുകാരന്റെ നിലവിളിയില്‍ ആനയില്‍ നിന്നും അച്ഛന്റെ ജീവന്‍ രക്ഷിക്കാനിടായായ സംവം ഉണ്ടായത്. കോവില്‍ക്കടവില്‍ നിന്നും കാന്തല്ലൂരിലേക്കു മടങ്ങുകയായിരുന്നു പുത്തൂര്‍ സ്വദേശി ഗണേശനും(32) മകന്‍ മണി (3)യും. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യവെ വൈകിട്ട് ഏഴുമണിയോടെ വെട്ടുകാടുഭാഗത്ത് കാട്ടാന ഇവര്‍ക്കു നേരേ പാഞ്ഞടുക്കുകയായിരുന്നു.
മരങ്ങള്‍ക്കിടയില്‍ നിന്നു ചീറിവന്ന ആനയെ കണ്ട് ഗണേശന്‍ വാഹനം തിരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അച്ഛനും മകനും ആനയ്ക്കു മുന്നില്‍ വീണു.
തുടര്‍ന്ന് വാഹനത്തിന്റെ അടിയില്‍ കാലുകള്‍ കുടുങ്ങിയതിനാല്‍ എഴുന്നേറ്റു മാറാന്‍ പറ്റിയില്ല. ഈ സമയം, കാട്ടാന ഗണേശന്റെ ചുമലില്‍ പിടിച്ചു. വലിച്ചടിക്കാനൊരുങ്ങിയപ്പോള്‍ മണി ഭീതിയോടെ അലറിവിളിച്ചു. ഇതോടെ ആന പിന്നോട്ടു വലിയുകയായിരുന്നു.
ആനയ്ക്കും മരണത്തിനുമിടയില്‍നിന്നു ഗണേശനെ രക്ഷിച്ചത് മണിയുടെ നിലവിളി ഒന്നു മാത്രമാണ്. വാഹനം വീണ് കാലിനു ചെറിയ മുറിവുണ്ടായതല്ലാതെ ഗണേശനും മണിക്കും മറ്റു പരുക്കൊന്നുമില്ല.