സാങ്കേതിക വിദ്യാഭ്യാസ നിലവാര മികവ് ലക്ഷ്യമാക്കി സാങ്കേതിക സര്‍വകലാശാല നിലവില്‍ വന്നിട്ടും എന്‍ജിനീയറിംഗ് പഠന നിലവാരം താഴേയ്‌ക്കാണ്. 2014ല്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല രൂപവത്‌കരിച്ച ശേഷമുള്ള ആദ്യ ബി ടെക് ഫലം പുറത്തുവന്നപ്പോള്‍ വിജയ ശതമാനം 36.41 ശതമാനം മാത്രം. 35,104 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,803 പേരാണ് വിജയിച്ചത്. സര്‍വകലാശാലക്ക് കീഴിലുള്ള 144 കോളജുകളില്‍ 112ലും വിജയ ശതമാനം 40 ശതമാനത്തില്‍ താഴെ. 11 കോളജുകളില്‍ 10 ശതമാനത്തില്‍ താഴെ നില്‍ക്കുന്നു. ഒരു വിദ്യാര്‍ഥി പോലും വിജയിക്കാത്ത രണ്ട് എന്‍ജിനീയറിംഗ് കോളജുകളുമുണ്ട് സംസ്ഥാനത്ത്.
കൂണുപോലെ മുളച്ചു പൊന്തിയ സ്വാശ്രയ കോളജുകളും യോഗ്യതയുള്ള അധ്യാപകരുടെ അഭാവവുമൊക്കെയാണ് നിലവാരത്തകര്‍ച്ചയുടെ കാരണമായി സര്‍വകലാശാല അധികൃതര്‍ വിലയിരുത്തുന്നത്. ഏതാനും സര്‍ക്കാര്‍ കോളജുകളിലും മൂന്ന് എയ്‌ഡഡ് കോളജുകളിലുമായി ഒതുങ്ങിയതായിരുന്നു നേരത്തെ കേരളത്തിലെ എന്‍ജിനീയറിംഗ് പഠനം. അന്നത്തെ പഠന നിലവാരം മെച്ചമായിരുന്നു. തിരുവനന്തപുരത്തെയും തൃശൂരിലെയും സര്‍ക്കാര്‍ കോളജുകള്‍ ഐ ഐ ടികള്‍ക്ക് തൊട്ടുതാഴെയുള്ള സ്ഥാനം വരെ നേടിയെടുത്തു. പിന്നീട് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകള്‍ ധാരാളമായി നിലവില്‍ വരികയും കണക്കു പരീക്ഷക്ക് ജയിക്കാത്തവരും പ്രവേശനം നേടുകയും ചെയ്‌തതോടെയാണ് നിലവാരം താഴാന്‍ തുടങ്ങിയത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം അന്താരാഷ്ട്ര തലത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാനാണ് സ്വാശ്രയ മേഖലക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും വിപരീത ഫലമാണ് ഈ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചത്.
ഈ നിലവാരത്തകര്‍ച്ച സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ലഭിക്കുന്ന ജോലിയിലും പ്രകടമാണ്. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളിലെയും പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ കമ്പനികള്‍ നേരിട്ട് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴി ഉയര്‍ന്ന തസ്‌തികകളില്‍ ജോലിക്കെടുക്കുമ്പോള്‍ സ്വാശ്രയ മേഖലയിലെ എന്‍ജിനീയറിംഗ് കോളജുകള്‍ തൊഴില്‍രഹിതരെ സൃഷ്ടിക്കുന്ന ഫാക്ടറികളായി മാറിയിരിക്കുന്നു.
ഗേറ്റ്, ക്യാറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ എഴുതി ഉപരി പഠനത്തിന് അര്‍ഹത നേടുകയും, വിവിധ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ലഭിക്കുകയും ചെയ്‌ത വിദ്യാര്‍ഥികളില്‍ ബഹുഭൂരിഭാഗവും സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളജുകളില്‍ പഠിച്ചു വിജയിച്ചവരാണ്. സ്വാശ്രയ എന്‍ജിനീയറിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ബി ടെക് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ 90 ശതമാനവും തൊഴില്‍രഹിതരോ വൈദഗ്‌ധ്യം ആവശ്യമില്ലാത്ത ചുരുങ്ങിയ ശമ്പളമുള്ള തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരോ ആണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.