മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികില്‍സയിലായിരുന്നു.
എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്റെയും മകനായി ജനനം. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്‌ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു. എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കില്‍ നിത്യസന്ദര്‍ശകനായിരുന്ന കെ.രാഘവനാണു മൂസയെ മാപ്പിളപ്പാട്ടില്‍ പ്രോല്‍സാഹിപ്പിച്ചത്. കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് പ്രസിഡന്റാണ്. തലശേരിയിലെ വീട്ടില്‍ ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു.
മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്കു ശബ്ദം നല്‍കിയ കലാകാരനാണ്. അസുഖത്തെ തുടര്‍ന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ മാപ്പിളപ്പാട്ടു പാടിയിട്ടുണ്ട്. ദിലീപിന്റെ ഗ്രാമഫോണ്‍ സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍, സാദിഖ്, നസീറ, സമീം, സാജിദ.