ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാക്കിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങാന്‍ അമേരിക്കയുടെ തീരുമാനം. ഇക്കാര്യത്തില്‍ പാക്കിസ്ഥാനോടു വിശദീകരണം തേടുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു.
എന്നാല്‍ വിദേശ രാജ്യങ്ങളുമായുള്ള ആയുധവില്‍പന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് യുഎസ് പ്രതിരോധവകുപ്പ് വക്താവ് പറഞ്ഞു.
പ്രതിരോധത്തിനായി നല്‍കിയ പോര്‍വിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചുവെന്നും വിമാനം വാങ്ങുമ്പോള്‍ ധാരണയായ കരാര്‍ ലംഘിച്ചുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് വിശദീകരണം തേടാന്‍ അമേരിക്ക തീരുമാനിച്ചത്. ആക്രമണത്തിനു പാക്കിസ്ഥാന്‍ എഫ്16 ഉപയോഗിച്ചതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്‌ക്കു തെളിവു നല്‍കിയിരുന്നു.
ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ (അഡ്വാന്‍സ്‌ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ് 16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംറാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്.