കോഴിക്കോട്: തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീപ് പോത്തന്‍ ചിത്രത്തിലെ കള്ളനെ അവിസ്മരണീയമാക്കിയതിനാണ് ഫഹദ് ഫാസിലിന് ഇത്തവണത്തെ മികച്ച രണ്ടാമത്തെ നടനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ഫഹദിന്റെ സിനിമാഭിനയ ജീവിതത്തിലെ ആദ്യത്തെ ദേശീയ പുരസ്‌ക്കാരം.
എന്നാല്‍ ഈ പുരസ്‌കാരം സ്വീകരിക്കേണ്ട എന്ന് തന്നെയാണ് 68 പേര്‍ക്കൊപ്പം ഫഹദും തീരുമാനിച്ചത്. ജേതാക്കളെ രണ്ടായി തരംതിരിച്ച നിലപാടിനോടുള്ള പ്രതിഷേധമായിരുന്നു അത്. ആ നിലപാടെടുത്തതിന്റെ പേരില്‍ ഫഹദിനെതിരെ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടിരിക്കുകയാണ് സംഘികള്‍. ഒറ്റ രാത്രി കൊണ്ടാണ് ഫഹദിന് അവര്‍ ജിഹാദിപ്പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
ജേതാക്കളുടെ പ്രതിഷേധത്തിനൊപ്പം
ഫഹദ് ഫാസില്‍ ഉള്‍പ്പെടെ മലയാളത്തിലെ അഭിനേതാക്കളും സംവിധായകരും അടക്കമുള്ള 11 ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് ഇത്തവണ ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. ഇവരില്‍ ഗായകന്‍ കെജെ യേശുദാസ്, സംവിധായകന്‍ ജയരാജ്, ക്യാമറാമാന്‍ നിഖില്‍ എസ് പ്രവീണ്‍ എന്നിവര്‍ പുരസ്‌ക്കാര വിതരണ ചടങ്ങില്‍ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ പങ്കെടുത്തു. ഫഹദും പാര്‍വ്വതിയും ഭാഗ്യലക്ഷ്മിയും രമേശ് നാരായണനും അടക്കമുള്ള ബാക്കി 8 പേര്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ട് നിന്നു.
ദില്ലി വിട്ട് നാട്ടിലേക്ക്
ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ദാനത്തിന്റെ 65 വര്‍ഷത്തെ ചരിത്രം അട്ടിമറിച്ച് കൊണ്ടാണ് 11 പുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതിയും ബാക്കി പുരസ്‌ക്കാരങ്ങള്‍ കേന്ദ്രമന്ത്രിമാരും വിതരണം ചെയ്യും എന്ന തീരുമാനമെടുത്തത്. രാഷ്ട്രപതി വിതരണം ചെയ്യും എന്ന് പറഞ്ഞ് കത്തയച്ച് ജേതാക്കളെ വിളിച്ച് വരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിക്കുന്നത് പോലും. ഇതോടെ 68 പേര്‍ സംയുക്തമായി ചടങ്ങില്‍ നിന്ന് വിട്ട് നിന്നു. ഫഹദ് ഭാര്യ നസ്രിയയ്‌ക്കൊപ്പം ദില്ലി വിട്ട് ബെംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു.
സൈബര്‍ ആക്രമണം തുടങ്ങി
പ്രതിഷേധക്കാര്‍ ചെയ്തത് ശരിയായോ എന്ന ചര്‍ച്ചകള്‍ ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. അതിനിടെ പ്രതിഷേധിച്ച മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നേരെയൊന്നും ഇല്ലാത്ത സൈബര്‍ ആക്രമണം ബിജെപി അനുകൂലികള്‍ ഫഹദിനെതിരെ സോഷ്യല്‍ മീഡിയയില്‍ അഴിച്ച് വിട്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ മതം തന്നെയാണ് സംഘികളുടെ പ്രശ്‌നമെന്ന് ഉറപ്പാണ്. ബിജെപി സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്ത ഫഹദ് വര്‍ഗീയവാദിയും മതമൗലികവാദിയും തീവ്രവാദിയുമാണ് എന്ന തരത്തിലാണ് ആക്രമണം.
തെറിയും ആക്ഷേപവും
ഫഹദ് മാത്രമല്ല ഡോക്യുമെന്‌ററി വിഭാഗത്തിലെ പുരസ്‌ക്കാര ജേതാവായ അനീസ് കെ മാപ്പിളയ്ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. നാണക്കേടിന്‌റെ അരിശം സംഘികള്‍ തീര്‍ക്കുന്നത് ഫഹദിന്റെയും അനീസ് കെ മാപ്പിളയുടേയും ഫേസ്ബുക്ക് പേജില്‍ കയറി തെറിവിളിച്ചും ആക്ഷേപിച്ചും ആക്രോശിച്ചുമാണ്. ബിജെപി മന്ത്രിയുടെ കയ്യില്‍ നിന്നും ദേശീയ പുരസ്‌ക്കാരം വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം അനീസ് കെ മാപ്പിള ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
തിയറ്റില്‍ പോയി സിനിമ കാണില്ല
ഫഹദ് ഫാസിലിന്‌റെ സിനിമകള്‍ ഇനി സംഘപരിവാറുകാര്‍ തിയറ്ററില്‍ പോയി കാണില്ല എന്നാണ് മറ്റൊരു പ്രചാരണം നടക്കുന്നത്. ഫഹദിന്‌റെ ഫേസ്ബുക്ക് പേജിലെ ബിജെപി അനുകൂലികളുടെ ചില കമന്റുകള്‍ കാണാം: '' എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. പക്ഷെ ജീവനാണ് എനിക്കെന്റെ പ്രസ്ഥാനം. അതുകൊണ്ട് പ്രിയ ഫഹദ് താങ്കള്‍ എനിക്ക് നഷ്ടപ്പെടുകയാണ് ഇന്നു മുതല്‍. ദിലീഷ് പോത്തനേയും താങ്കള്‍ കാരണം നഷ്ടപ്പെടുമെന്ന വേദനയുണ്ട് . ഇവിടെ പരാജയപ്പെടാനാവില്ല എന്റെ പ്രസ്ഥാനത്തിന്.
ആ കസേര ഒഴിഞ്ഞ് കിടക്കും
കാരണം ഞാനടക്കമുള്ള ആയിരക്കണക്കിന് മെഴുകുതിരികള്‍ ഉരുകി തീര്‍ന്നാണ് എന്റെ പ്രസ്ഥാനമെന്ന വെളിച്ചമുണ്ടാകുന്നത്.. ആ വെളിച്ചം ഇല്ലാതാകണമെങ്കില്‍ ഞങ്ങളോരോരുത്തരും ഉരുകി തീരണം. രാഷ്ട്രീയത്തിന് അതീതനായിരിക്കണം കലാകാരന്‍ എന്ന മാന്യത പിന്‍തുടരുന്നു എന്നതു കൂടിയായിരുന്നു
താങ്കളോടുള്ള ഇഷ്ടത്തിനു കാരണം. താങ്കള്‍ വ്യതിചലിച്ച സ്ഥിതിക്ക് അനന്തവീര തീയേറ്ററിലെ 118 രൂപ കൊടുത്താല്‍ മാത്രം ഇരിക്കുവാന്‍ സാധിക്കുന്ന എന്റെ സ്ഥിരം ഇരിപ്പിടം താങ്കളുടെ സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയം ഒഴിഞ്ഞുകിടക്കും എന്നാണൊരു കമന്റ്.
ഇനി അവാര്‍ഡ് കിട്ടില്ലെന്ന്
ബി.ജെ.പി മന്ത്രിമാരുടെ കൈയ്യില്‍ നിന്നു അവാര്‍ഡ് വാങ്ങില്ല എന്നുള്ളത് നിങ്ങളുടെ ഉറച്ച തീരുമാനമെങ്കില്‍ ഈ ജന്മത്തില്‍ ഒരു അവാര്‍ഡ് വാങ്ങാനും നിങ്ങള്‍ക്ക് അവസരം ലഭിക്കുകയുമില്ല. ഉറപ്പാണ്. എഴുതിവച്ചേക്കൂ എന്ന് മറ്റൊരാള്‍. എന്തിന്റെയൊക്കെ പേരിലായാലും നീയൊക്കെ വിശ്വസിക്കാത്ത രാഷ്ട്രീയ പാര്‍ട്ടിയെ നഖശികാന്തം എതിര്‍ക്കാന്‍ നീയൊക്കെ കാണിക്കുന്ന ഈ അമിതാവേശം തന്നെയാണ് ഇന്ന് ഭാരതത്തിന്റെ ശാപമായ അസഹിഷ്ണുത, അല്ലാതെ ഏതെങ്കിലും മുക്കിലും മൂലയിലും നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ അല്ല ഭാരതീയര്‍ പേടിക്കേണ്ട അസഹിഷ്ണുത, ആളും തരവും നിലവാരവുമൊക്കെ സ്വയം വെളിപ്പെടുത്തിയത്തിന് ഒരിക്കല്‍ക്കൂടി നന്ദി എന്നുമുണ്ട് കമന്റ്.
അവാര്‍ഡ് വേണ്ടേങ്കില്‍ പോയ് തൊലയടെ
എടൊ ഫഹദേ...തന്നെ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ താന്‍ ഇത്രക്കും വര്‍ഗീയവാദിയാണെന്നു ഇപ്പോള്‍ മനസ്സിലായി. ബിജെപി മന്ത്രിയില്‍നിന്നും താന്‍ അവാര്‍ഡ് മേടിക്കില്ല. ഞങ്ങള്‍ ബിജെപി ക്കാര്‍ തന്റെ സിനിമയും കാണുന്നില്ലെന്നും കമന്റ് ചെയ്തിരിക്കുന്നു. ലക്ഷങ്ങള്‍ തട്ടിപ്പ് നടത്താന്‍ പോണ്ടിച്ചേരിയില്‍ വണ്ടി രജിസ്ട്രഷനും നടത്തി പിടിക്കപ്പെട്ടപ്പോള്‍ പിഴയുമടച്ച് മാപ്പ് പറഞ്ഞ് മുങ്ങിയവന്‍റെ ചാരിത്ര്യ പ്രസംഗം. അവാര്‍ഡ് വേണ്ടേങ്കില്‍ പോയ് തൊലയടെ... ആര്‍ക്ക് ചേതം എന്നും കമന്റുണ്ട്.