തൊടുപുഴ: വണ്ണപ്പുറത്തു നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ വീട്ടിലേക്ക് നടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. വാഹനങ്ങള്‍ പ്രധാന റോഡ് വരെ മാത്രമേ എത്തുകയുള്ളൂ. മുണ്ടന്‍മുടി കാനാട്ടുവീട്ടില്‍ കൃഷ്ണന്‍കുട്ടി, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവമാണ് ഒന്നിലേറെ പേര്‍ ചേര്‍ന്നു ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സംശയം ശക്തമായിരിക്കുന്നത്. വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു
ആറടിയോളം ഉയരമുള്ള, മികച്ച ശാരീരികശേഷിയുള്ള കൃഷ്ണന്‍കുട്ടിയെയും പതിനെട്ടുകാരനായ മകനെയും ഒരാള്‍ക്കു തനിയെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കൊലപാതകത്തിനു ശേഷം വീടിനു പിന്നില്‍ കുഴിയെടുത്തു നാലുപേരെയും കുഴച്ചിടണമെങ്കില്‍ കൂടുതല്‍ പേരുടെ സഹായം ഉണ്ടായിരുന്നിരിക്കാം എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
ഒറ്റപ്പെട്ട ഈ വീട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നാല്‍ പോലും അയല്‍വാസികളുടെ ശ്രദ്ധയില്‍ വരണമെന്നില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ പെയ്ത കനത്ത മഴയും ബഹളമോ നിലവിളിയോ ഉണ്ടായെങ്കില്‍ അതു പുറം ലോകം അറിയുന്നതിനു തടസമായി. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും ചുറ്റികയും വീടിനു സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ വീട് ഇരിക്കുന്ന ഭാഗത്ത് മൊബൈല്‍ റേഞ്ച് തീരെയില്ല എന്നതും കൊലയാളികള്‍ക്കു തുണയായെന്നു കരുതുന്നു.
മോഷണ ശ്രമം കൊലപാതകത്തിലേക്കു നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ അങ്ങനെയാണെങ്കില്‍ത്തന്നെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടാന്‍ മോഷ്ടാക്കള്‍ ശ്രമിക്കില്ലെന്ന യുക്തിയാണ് അന്വേഷണ സംഘം മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മോഷ്ടാക്കള്‍ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വിട്ടില്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.