ഫിലാഡല്‍ഫിയ: സിനിമ- സീരിയല്‍ താരം ഹാന എലിസബത്ത് മിസ് ഫൊക്കാന 2018 കിരീടം ചൂടി. മഹിമ ജോര്‍ജ് ആണ് റണ്ണര്‍ അപ്പ്. സെക്കന്‍ഡ് റണ്ണര്‍ അപ്പായി തെരേസാ ബാബുവും കിരീടം ചൂടി.
പത്തുപേര്‍ മാറ്റുരച്ച വര്‍ണ്ണാഭമായ മത്സരത്തില്‍ നടി മന്യ നായിഡു, സംവിധായകന്‍ നിഷാദ് തുടങ്ങിയവരായിരുന്നു ജഡ്ജിമാര്‍. ലൈസി അലക്സായിരുന്നു കോര്‍ഡിനേറ്റര്‍.
ന്യൂയോര്‍ക്ക് റോക്ക്ലാന്റ് സ്റ്റോണി പോയിന്റില്‍ നിന്നുള്ള ഹാന ഹൈസ്‌കൂളില്‍ നിന്നു ഗ്രാഡ്വേറ്റ് ചെയ്തതേയുള്ളൂ. പീഡിയാട്രിക് സര്‍ജന്‍ ആകുക ലക്ഷ്യമിടുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശി റോബര്‍ട്ട് ജോണ്‍ അരീച്ചിറയുടേയും ജോമോളുടേയും ഏക സന്താനം. നാലു വര്‍ഷമേ ആയുള്ളൂ കുടുംബം അമേരിക്കയിലെത്തിയിട്ട്.
നാലാം വയസ്സില്‍ അഭിനയ രംഗത്തേക്ക് കടന്ന ഹാന നൃത്തം, പാട്ട്, പഠനം എന്നിവയില്‍ മികവ് പുലര്‍ത്തുന്നു.
മിഴിയോരം, പൂക്കാലം, മീര, പറയിപെറ്റ പന്തിരുകുലം, വേളാങ്കണ്ണി മാതാവ് എന്നിങ്ങനെയുള്ള സീരിയലുകളില്‍ വിവിധ പ്രായത്തിലുള്ള കുട്ടിയായി അഭിനയിച്ചു. എസ്.എം.എസ് എന്ന സിനിമയിലും വേഷമിട്ടു. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. ഭീമ ജ്യൂവലേഴ്സിന്റെ 'പെണ്ണായാല്‍ പൊന്നുവേണം' എന്ന പരസ്യ ചിത്രം വര്‍ഷങ്ങളോളം ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്.
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ നാഫാ ഫിലിം അവാര്‍ഡ്സില്‍ നൃത്തം ചെയ്തിരുന്നു. ബിന്ദ്യാ പ്രസാദിനോടൊപ്പം നൃത്തം പഠിക്കുന്നു.
ഹൈസ്‌കൂള്‍ ഗ്രാഡ്വേറ്റ് ചെയ്യുംമുമ്പേ ഒരു വര്‍ഷം കോളജ് പഠനവും പൂര്‍ത്തിയാക്കി. നാട്ടില്‍ തെള്ളകം ഹോളിക്രോസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
സിനിമയില്‍ അവസരം കിട്ടിയാല്‍ പോകുമെന്ന് അമ്മ ജോമോള്‍ പറഞ്ഞു. സീരിയലിലൊക്കെ അഭിനയിക്കുമ്പോള്‍ തുടര്‍ച്ചയായി ഒട്ടേറെ ദിവസം സ്‌കൂളില്‍ നിന്നു മാറി നില്‍ക്കേണ്ടിവന്നു. എങ്കിലും അത് പഠനത്തെ ബാധിച്ചിട്ടില്ല. ആദ്യമായാണ് ഫൊക്കാനയുടെ വേദിയിലെത്തുന്നത്.
റണ്ണര്‍അപ്പായ മഹിമ ജോര്‍ജ് ഫിലാഡല്‍ഫിയ സെന്‍ട്രല്‍ ഹൈസ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോര്‍ജ് നടവയലിന്റേയും ബ്രിജിറ്റ് പാറപ്പുറത്തിന്റേയും മൂന്നു പുത്രിമാരില്‍ ഒരാള്‍. ഐശ്വര്യ, അമേയ എന്നിവര്‍ സഹോദരങ്ങള്‍.
യു.പെന്നില്‍ ന്യൂറോ സയന്‍സിലും എക്സ്ട്രാ ക്രെഡിറ്റ് എടുക്കുന്ന മഹിമ ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞു. ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പര്യടനം നടത്തി. ഡോക്ടറാകുക ലക്ഷ്യം. അതുപോലെ കലാരംഗത്തും തുടരും.
സെക്കന്‍ഡ് റണ്ണര്‍ അപ്പായ ജയിന്‍ തെരേസാ ബാബു ഓര്‍ലാന്റോയിലുള്ള നൃത്യാധ്യാപിക കൂടിയായ നിമ്മി ബാബുവിന്റേയും, ആര്‍ട്ടിസ്റ്റ് ചിയ്യേഴത്ത് ബാബുവിന്റേയും പുത്രി. എറണാകുളം സ്വദേശികളാണ്.
അരങ്ങേറ്റം കഴിഞ്ഞങ്കിലും ഡോ. സുനില്‍ നെല്ലായിയുടെ കീഴില്‍ ഇപ്പോഴും നൃത്തം പഠിക്കുന്നു. നൃത്താധ്യാപിക കൂടിയായ ജയിന്‍ തെരേസ കോറിയോഗ്രാഫറുമാണ്. സംഗീതവും പഠിച്ചിട്ടുണ്ട്. ഫാഷന്‍- സിനിമാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുക ലക്ഷ്യമിടുന്നു.
അര്‍ധരാത്രി കഴിഞ്ഞും തുടര്‍ന്ന മത്സരത്തില്‍ സാജ് ഹോട്ടലിന്റെ മിനി സാജന്‍ മിസ് ഫൊക്കാനയെ കിരീടമണിയിച്ചു. വിജയികള്‍ക്ക് ഫൊക്കാനാ നേതാക്കള്‍ സാഷും ട്രോഫിയും നല്‍കി.