പൂണെ: ഐഎസ്‌എല്ലില്‍ സമനില പൂട്ട് പൊട്ടിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. പൂണെ ബാലെവാടി സ്റ്റേഡിയത്തില്‍ ഇന്ന നടന്ന ബ്ലാസ്റ്റേഴ്‌സ് പൂണെ സിറ്റി മത്സരവും സമനിലയായതോടെ ഡേവിഡ് ജയിംസ് പരിശീലിപ്പിക്കുന്ന ടീമിന് തുടര്‍ച്ചയായ നാലാം സമനില.ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോള്‍ റഫറി അനുവദിക്കാതിരുന്നത് കൂടി ചേര്‍ത്താലും നഷ്ടപ്പെടുത്തിയ അവസരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്‌സിനെ വേട്ടയാടുക. ഈ സീസണില്‍ മോശം ഫോണില്‍ കളിക്കുന്ന പൂണെയോട് പോലും ജയിക്കാനാകാത്തതും കോച്ചിന് തലവേദനയാകുമെന്നുറപ്പ്.
കളിയുടെ ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് 0-1ന് പിന്നിലായിരുന്നു. 13ാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് നേടിയ തകര്‍പ്പന്‍ ഗോളാണ് പൂണെയ മുന്നിലെത്തിച്ചത്. കളിയിലുടനീളം ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം നേടാനായിരുന്നില്ല. 41ാം മിനിറ്റില്‍ കോര്‍ണറിനൊടുവില്‍ ബ്ലാസ്റ്റേഴ്സ് താരം ക്രമാറെവിച്ച് പന്ത് പൂണെയുടെ ഗോള്‍വല കടത്തിയെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരുന്നത് നാടകീയ സംഭവങ്ങള്‍ക്കു വഴിവച്ചു.
പൂണെ ഗോള്‍കീപ്പര്‍ കമല്‍ജിത്താണ് പലപ്പോഴും കേരളം വിധച്ച അപകടത്തെ കുത്തിയകറ്റിയത്. 61ാം മിനിറ്റിലാണ് കേരളം സമനില ഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കെടുത്ത സ്ലാവിസ സ്‌റ്റൊവാനൊവിച്ച് നല്‍കിയ ക്രോസ് പൂണെ ഡിഫന്‍ഡര്‍ ഗുര്‍തജ് സിങിന്റെ കാലുകളില്‍ എന്നാല്‍ അപകടം ഒഴിവാക്കി പന്ത് ക്ലിയര്‍ ചെയ്യാന്‍ സിങ്ങിന് കഴിഞ്ഞില്ല. ദുര്‍ബലമായ ക്ലിയറന്‍സ് നേരെ നിക്കോളാ ക്രെമാരോവിച്ചിന്റെ കാലില്‍. ഗോള്‍ കീപ്പര്‍ കമല്‍ജിത്തിനെ വെട്ടിച്ച് പന്ത് വല കുലിക്കിയപ്പോള്‍ സ്‌കോര്‍ 1-1 . കേരളം ഒപ്പമെത്തി.
പിന്നീട് ഗോള്‍ നേടാന്‍ ഇഞ്ചുറി ടൈം വരെ കേരളം പൊരുതിയെങ്കിലും ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇന്നത്തെ മത്സരത്തോട് അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 2 പോയിന്റുമായി ഒന്‍പതാമതാണ് പൂണെ