മലയാളത്തിന്റെ മനസ്സ് കീഴടക്കാന്‍ വീണ്ടും പറന്നിറങ്ങുകയാണ് അബ്രാം ഖുറേഷി . ചിത്രത്തിന്റെ രണ്ടാം ഭാഗം ലൂസിഫര്‍ ടീം പ്രഖ്യാപിച്ചുകഴിഞ്ഞു. 'എമ്പുരാന്‍' എന്ന പേരില്‍ പുറത്തിറങ്ങുന്ന രണ്ടാം ഭാഗം ആദ്യ ചിത്രത്തില്‍ ബാക്കി വച്ച കഥയുടെ തുടര്‍ച്ചയാകും പറയുക .അടുത്ത വര്‍ഷം പകുതിയോടെയാകും ചിത്രീകരണം ആരംഭിക്കുക .വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ് സുകുമാരന്‍, ആന്റണി പെരുമ്പാവൂര്‍,മുരളി ഗോപി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ പ്രഖ്യാപിച്ചത്.
മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷിയുടെ അന്താരാഷ്ട്ര ഇടപെടലുകളായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സ്റ്റീഫന്‍ നെടുമ്പള്ളിയേയും , അബ്രാം ഖുറേഷിയേയും കുറിച്ച് പ്രേക്ഷകര്‍ക്കുള്ള സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന ചിത്രവുമാകും എമ്പുരാന്‍ .
മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ ഇടംപിടിച്ച് ചരിത്രം സൃഷ്ടിച്ച സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയും പൃഥ്വിരാജിന്റെ സംവിധാനവും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവുമാണ് ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍.
ചിത്രം കണ്ടിറങ്ങിയ ഒട്ടുമിക്ക ആരാധകരുടെയും മനസിലുണ്ടായ ചോദ്യമാണ് ലൂസിഫര്‍ 2 വരുമോ എന്നത് . ആരാധകര്‍ ഇതേ പറ്റി പലവട്ടം ചോദിച്ചെങ്കിലും സംവിധായകനായ പൃഥ്വിരാജ് ഇത് സംബന്ധിച്ച് ഒരു സൂചനകളും നല്‍കിയിരുന്നില്ല. എങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും ചിത്രം നിര്‍മ്മിക്കുന്നത്. പ്രഖ്യാപനത്തിനൊപ്പം ലൂസിഫര്‍ 2 വിന്റെതായി ഒരു വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗം കാണിച്ചുകൊണ്ടുളള വീഡിയോയിലാണ് രണ്ടാം ഭാഗത്തിന്റെ ടൈറ്റില്‍ കാണിക്കുന്നത്. ഹാഷ്ടാഗ് `എല്‍ ` എന്ന ടൈറ്റിലോടെ പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കഴിഞ്ഞ ദിവസം രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയത് .രണ്ടാം ഭാഗത്തില്‍ ലാലേട്ടനൊപ്പം പൃഥ്വിയുടെ സയിദ് മസൂദ് എന്ന കഥാപാത്രവും മുഴുനീള റോളില്‍ എത്തും. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ സിനിമ അണിയിച്ചൊരുക്കുന്നത്.