മരട് ഫ്‌ലാറ്റ് പൊളിക്കുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്‌ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് നിരോധനാജ്ഞ. പെളിക്കുന്ന ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്നാണു നിര്‍ദേശം. ഈ പ്രദേശത്ത് ഡ്രോണുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. നിരോധനാജ്ഞ തൊട്ടടുത്ത കായല്‍പ്രദേശത്തും ബാധകമാണ്. ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന രണ്ടു ദിവസവും 144 നിലനില്‍ക്കും.
എച്ച്2ഒ ഹോളിഫെയ്‌ത്ത്, ആല്‍ഫ സെറീന്‍ എന്നിവയും ഞായറാഴ്‌ച ജെയ്‌ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണു പൊളിക്കുന്നത്. നാളെ രാവിലെ 8 മുതല്‍ എച്ച്2ഒ ഹോളിഫെയ്‌ത്ത്, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ നിലവില്‍ വരും. സ്‌ഫോടനത്തില്‍ പങ്കാളികളാകുന്ന വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
മരടിലെ ഫ്‌ലാറ്റുകളില്‍ സ്‌ഫോടനം നടക്കുമ്പോള്‍ 200 മീറ്റര്‍ ചുറ്റളവിലുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ എസ്. സുഹാസ് പറഞ്ഞു. 11ന് രാവിലെ 9 മുതല്‍ കുണ്ടന്നൂര്‍ തേവര പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 200 മീറ്റര്‍ ചുറ്റളവില്‍ വരുന്നതിനാല്‍ കൊച്ചി ബൈപാസിലും കുറച്ചു നേരത്തേക്കു ഗതാഗത നിയന്ത്രണമുണ്ടാകും.