സംസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് വയ്‌ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്. പിഴയടയ്‌ക്കാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനും ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് ഫ്‌ലക്‌സ് സ്ഥാപിക്കുന്നവരില്‍ നിന്ന് സര്‍ക്കാരിന് 5000 രൂപ മുതല്‍ 10000 രൂപ വരെ പിഴയീടാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
തുടര്‍ച്ചയായ ഉത്തരവുകളുണ്ടായിട്ടും സംസ്ഥാനത്ത് ഫ്‌ലക്‌സ് നിരോധനം നടപ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന് നിശ്ചയദാര്‍ഢ്യമില്ലാത്തതാണ് ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ കാരണമെന്ന് കുറ്റപ്പെടുത്തിയ കോടതി പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് പരിധിയുണ്ടെന്നും ഇത് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും മുന്നറിയിപ്പു നല്‍കി.
സര്‍ക്കാരിന് മിനിറ്റുകള്‍കൊണ്ട് നടപ്പാക്കാവുന്ന ഉത്തരവില്‍ എന്തുകൊണ്ടാണ് നടപടിയില്ലാത്തതെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ച് മടുത്തു. ഇനി വെറുതെ ഉത്തരവു പുറപ്പെടുവിക്കാനാവില്ല. സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് എന്നും ചോദിച്ചു. എന്നാല്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകനോട് എന്തിനാണ് മറുപടിയെന്നു കോടതി തിരിച്ചു ചോദിച്ചു.
ഫ്‌ലക്‌സ് വിഷയത്തില്‍ കോടതി സ്വീകരിച്ച നിലപാട് ശരിയല്ലെങ്കില്‍ അതില്‍ ഇടപെടാതിരിക്കാം. നിരോധന ഉത്തരവുകളുണ്ടായിട്ടും നിയമം ലംഘിക്കുന്നത് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയാണ്. ഇവിടെ ആര്‍ക്കും എന്തും ചെയ്യാമെന്ന സാഹചര്യമാണ് ഉള്ളതെന്നും കോടതി കുറ്റപ്പെടുത്തി. ഉത്തരവില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്ന് ഇനി കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണം. കേസ് 30ന് പരിഗണിക്കുന്നതിന് മാറ്റിവച്ചു.