• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 12 മരണം , വയനാട്‌ ഒറ്റപ്പെട്ടു ; ഇടുക്കിയില്‍ കനത്തനാശം

തിരുവനന്തപുരം> സംസ്ഥാനത്ത് കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പത്തുപേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉരുള്‍പൊട്ടലിലാണ്‌ പത്തുപേര്‍ മരിച്ചത്‌. ഇടുക്കിയില്‍ ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണ്‌ മരിച്ചത്‌. ഇടുക്കി മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പൊട്ടി. വീട് തകര്‍ന്ന് ആറ് പേരെ കാണാതായി. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കൂടകുന്നേല്‍ അഗസ്‌തി , ഭാര്യ ഏലിക്കുട്ടി എന്നിവരാണ്‌ മരിച്ചത്‌. ഇരുവരുടേയും മൃതദേഹം പുറത്തെടുത്തു. 

നിലമ്ബൂരിന്‌ സമീപം ചെട്ടിയംപാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു . ചെട്ടിയം പാറ കോളനി സ്വദേശി പമ്ബാടന്‍ കുഞ്ഞി, മരുമകള്‍ ഗീത, മക്കളായ നവനീത്‌, നിവേദ്‌ , ബന്ധു മിഥുന്‍ എന്നിവരാണ്‌ മരിച്ചത്‌. ഗീതയുടെ ഭര്‍ത്താവ്‌ കുട്ടന്‌വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്‌. 

കനത്ത മഴയില്‍ ചുരത്തില്‍ മണ്ണടിഞ്ഞ്‌ വീണ്‌ ഗതാഗതം തടസ്സപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ടു. വൈത്തിരിയില്‍ ഉരുള്‍പൊട്ടി ഒരാള്‍ മണ്ണിനടിയില്‍പ്പെട്ടു മരിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റ്യാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയയായിരുന്നു റിജിത്തും രണ്ടുസുഹൃത്തുക്കളും . ഇവരുടെ കാര്‍ ഒഴുക്കില്‍പെട്ടു. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും കാറും റിജിത്തും പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. 

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു.തിരുവമ്ബാടി ആനക്കാംപൊയിലിനടുത്തമറിപ്പുഴയില്‍ ഉരുള്‍പൊട്ടി. മലവെള്ളപാച്ചിലില്‍ പാലം തകര്‍ന്നതിനാല്‍ 20 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പുല്ലൂരാംപാറഇലന്തുകടവില്‍വെള്ളംകയറിയതിനാല്‍തുരുത്തിലെകുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.തിരുവമ്ബാടി, ആനക്കാംപൊയില്‍, പുല്ലു രാംപാറ മേഖലകള്‍ ഒറ്റപ്പെട്ടു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. ദേശീയ ദുരന്തപ്രതികരണസേനയുടെ ഒരു സംഘം കോഴിക്കോട്ടേക്ക് പുറപ്പെട്ടു. മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. നിലമ്ബൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്‍റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേര്‍ കഴിയുന്നുണ്ട്. മുമ്ബെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. 

Top