• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രളയകാല രക്ഷാപ്രവര്‍ത്തനം: 113 കോടി നല്‍കണമെന്ന്‌ വ്യോമസേന

പ്രളയകാലത്ത്‌ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്‌ സംസ്ഥാന സര്‍ക്കാര്‍ 113 കോടി രൂപ നല്‍കണമെന്ന വ്യോമസേനയുടെ ആവശ്യം പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്‌ കത്തയച്ചു.

2018 ആഗസ്‌റ്റ്‌ 15 മുതല്‍ നാലു ദിവസത്തേക്ക്‌ വ്യോമസേന വിമാനങ്ങളും ഹെലികോപ്‌ടറുകളും ഉപയോഗിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാണ്‌ 113 കോടി നല്‍കണമെന്നാവശ്യപ്പെട്ട്‌ വ്യോമസേന സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിട്ടുള്ളത്‌.

ഓഖി ചുഴലിക്കാറ്റും പ്രളയവും നാശം നഷ്‌ടം വിതച്ച കേരളം പുന:നിര്‍മിച്ചു കൊണ്ടിരിക്കയാണെന്നും അതിനാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി മനസിലാക്കി വ്യോമസേന ആവശ്യപ്പെട്ട തുകയില്‍ നിന്ന്‌ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പുനര്‍നിര്‍മാണത്തിന്‌ 31,000 കോടി രൂപയാണ്‌ ചെലവു പ്രതീക്ഷിക്കുന്നത്‌. ദേശീയ ദുരിതപ്രതികരണ ഫണ്ടില്‍ നിന്ന്‌ 2904.85 കോടി രൂപമാത്രമാണ്‌ ലഭിച്ചിട്ടുള്ളത്‌. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി മറ്റ്‌ മാര്‍ഗങ്ങളിലൂടെ സംസ്ഥാനം തുക കണ്ടെത്തുവാനുള്ള ശ്രമത്തിലാണ്‌. അക്കാരണത്താല്‍ വ്യോമസേനക്ക്‌ വന്‍ തുക നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി കത്തില്‍ വിശദീകരിച്ചു.

ഓഖി ദുരന്തസമയത്ത്‌ 26 കോടി രൂപയുടെ ബില്ലാണ്‌ വ്യോമസേന സര്‍ക്കാരിന്‌ നല്‍കിയത്‌. പിന്നീട്‌ 35 കോടിയുടെ ബില്ലും വന്നിരുന്നു. അന്നും ബില്‍ ഒഴിവാക്കണമെന്ന്‌ സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

Top