ന്യൂഡല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് യമുനാ നദിയില്‍ വെള്ളപ്പൊക്ക ഭീഷണി. ഇതേത്തുടര്‍ന്ന് യമുനാ തീരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. ശനിയാഴ്ചയായിരുന്നു ഇവരെ മാറ്റിയത്. നദിയിലെ ജലനിരപ്പ് ഇപ്പോള്‍ 205.50 മീറ്ററിലെത്തി. അപകടനിരക്കിന് മുകളിലാണിത്. ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയുടെ തീരങ്ങളില്‍ ജീവിക്കുന്നര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. നദീതീരത്ത് താമസിക്കുന്ന കുടുംബങ്ങളോടും മാറി താമസിക്കാന്‍ ഇന്നലെ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പതിനായിരത്തിലധികം ആളുകള്‍ ഇതില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്. ജലനിരപ്പ് ഇനിയും വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ പേരെ കൂടി ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടിവന്നേക്കും.ഏകദേശം അഞ്ച് ലക്ഷം ക്യൂസെക് വെള്ളം ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടില്‍ നിന്ന് തുറന്ന് വിടുന്നതും ജലനിരപ്പ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകും. യമുനയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ സുരക്ഷ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ എത്തുന്നതിന് മുന്‍പ് ഹരിയാനയിലെ യമുനാനഗര്‍, കര്‍ണാല്‍, പാനിപത് ജില്ലകളിലൂടെ യമുനാ നദി ഒഴുകുന്നുണ്ട്.