ഫ്ളോറിഡ: തലസ്ഥാനമായ തലഹാസിയിലെ യോഗാ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാത്രി ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 5 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി തലഹാസി പോലീസ് ചീഫ് മൈക്കിൾ ഡിലിയൊ അറിയിച്ചു. തോക്കുധാരിയായ നാല്പതുകാരൻ സ്വയം വെടിവച്ചു മരിച്ചതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ അഞ്ചു പേരെയും ആശുപത്രിയിലേക്കു മാറ്റി. ഇതിൽ നാലു പേരുടെ നില ഗുരുതരമാണെന്നറിയുന്നു. മരിച്ചവരിൽ അറുപത്തൊന്നുകാരിയായ ഒരു ഡോക്ടറും ഉൾപ്പെടും. വെടിയൊച്ച കേട്ടു യോഗാ സ്റ്റുഡിയോയിലേക്ക് ഓടിയെത്തിയ യുവാവ് അക്രമിയെ തടഞ്ഞില്ലായിരുന്നുവെങ്കിൽ കൂടുതൽ മരണം സംഭവിക്കുമായിരുന്നുവെന്നും പോലീസ് ചീഫ് പറഞ്ഞു. സംഭവത്തെകുറിച്ചു വിവരം ലഭിക്കുന്നവർ തലഹാസി പോലീസുമായി ബന്ധപ്പെടണമെന്നും ചീഫ് അറിയിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ