• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമ: 2022-ലെ സാരഥിയാകാന്‍ വിന്‍സന്‍ പാലത്തിങ്കല്‍; അരങ്ങൊരുങ്ങി വാഷിംഗ്ടണ്‍, ഡി.സി.

ഫോമയുടെ 2022-ലെ പ്രസിഡന്റായി മത്സരിക്കുന്ന വിന്‍സണ്‍ പാലത്തിങ്കല്‍ ഔദ്യോഗിക രംഗത്തും സാമൂഹിക രംഗത്തും ഫോമയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. 

എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയായ വിന്‍സണ്‍ വാഷിംഗ്ടണ്‍ ഡിസിക്കു സമീപം മക്ലിനില്‍ (വിര്‍ജീനിയ) സ്വന്തം സ്ഥാപനം നടത്തുന്നു. ഫോമയുടെ തുടക്കക്കാരിലൊരാളും ഭരണഘടനാ കമ്മിറ്റി അംഗവുമായിരുന്നു. ഫോമ ഹെല്പ് ലൈന്‍ രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ച വിന്‍സണ്‍ ഫോമ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറിയും, 2014 -16 കാലത്ത് വൈസ് പ്രസിഡന്റുമായിരുന്നു. 

മുപ്പതു വര്‍ഷത്തിനുശേഷം ഫോമ ക്യാപ്പിറ്റല്‍ കണ്‍വന്‍ഷന് സമയമായെന്ന തലസ്ഥാന നഗരിയിലെ സംഘടനകളുടെ തിരിച്ചറിവില്‍ നിന്നാണ് വിന്‍സന്റെ സ്ഥാനാര്‍ത്ഥിഥ്വം. 1992-ല്‍ ഫൊക്കാന കണ്‍ വന്‍ഷനാണു മുന്‍പ് നടന്ന ദേശീയ സമ്മേളനം

2008-ല്‍ വിന്‍സണ്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഫൊക്കാനയില്‍ പിളര്‍പ്പ് ഉണ്ടാകുന്നത്. ഫോമയോടൊപ്പമാണ് സത്യമെന്നും ജനപിന്തുണയെന്നും തിരിച്ചറിഞ്ഞ വിന്‍സണ്‍ ഫോമയില്‍ നിലയുറപ്പിച്ചു. അതേസമയം തന്നെ പ്രാദേശിക സംഘടനയിലെ അംഗങ്ങള്‍ക്ക് താത്പര്യമുള്ള നാഷണല്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും തീരുമാനിച്ചു. ക്യാപ്പിറ്റല്‍ റീജിയനിലെ മറ്റു സംഘടനകളും ആ തീരുമാനം പിന്തുടര്‍ന്നു. അങ്ങനെ പ്രാദേശിക സംഘടനകള്‍ പിളരുന്നത് ഒഴിവായി.

ഫോമയ്ക്ക് തുടക്കമിട്ട രാണ്ട് യാഹു ഡിസ്‌കഷന്‍ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കിയത് വിന്‍സനാണ്. സമാന മനസ്‌കര്‍ തമ്മില്‍ സംവദിക്കുന്നതിനും ഭരണഘടനയെപ്പറ്റി ആഴത്തില്‍ ചിന്തിക്കുന്നതിനും ഈ ഗ്രൂപ്പുകള്‍ വഴിയൊരുക്കി. അതില്‍ നിന്നാണു സംഘടനക്കു രൂപഭാവങ്ങളുണ്ടായത്

തുടക്കത്തില്‍ അധികാര സ്ഥാനങ്ങളിലേക്ക് വരാതെ വിന്‍സന്‍ ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 2010- 12 കാലത്ത് ഫോമ ഹെല്പ് ലൈന്‍ രൂപപ്പെടുത്തൂകയും രണ്ടു വര്‍ഷം അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. 2014-ല്‍ പാനലൊന്നുമില്ലാതെ വൈസ് പ്രസിഡന്റായി വലിയ വിജയം നേടി. തുടര്‍ന്നു ഫോമ വെബ്‌സൈറ്റിനു രൂപം നല്‍കി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'സമ്മര്‍ ടു. കേരള' പ്രോഗ്രാമിനും മേല്‍നോട്ടം വഹിച്ചു. ഫോമ കണ്‍വന്‍ഷനുസ്‌പോണ്‍സര്‍മാരെ കണ്ടെത്തി.

ഇപ്പോള്‍ ഭാരവാഹി അല്ലാതിരുന്നിട്ടുകൂടി ചിക്കാഗോ കണ്‍ വന്‍ഷനുഗ്രാന്‍ഡ് റോയല്‍ പേട്രന്‍ ആയി സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിനെ കൊണ്ടുവന്നതിനു പിന്നിലും വിന്‍സന്‍ ആണ്. 

ക്യാപ്പിറ്റല്‍ റീജനിലെ മൂന്നു സംഘനടകളും വിന്‍സണ്‍ പ്രസിഡന്റ് ആകുന്നതിനെ സ്വാഗതം ചെയ്യുന്നു. നേതൃത്വത്തില്‍ വരുന്നവര്‍ വിഷനറി (വ്യക്തമായ കാഴ്ചപ്പാടുള്ളയാള്‍) ആയിരിക്കണമെന്നും വിന്‍സന്‍ കരുതുന്നു. എല്ലാവരേയും ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കാനും കഴിയണം. അമേരിക്കന്‍ മലയാളിയുടെ പ്രധാന സംഘടന എന്ന നിലയില്‍ ഫോമയ്ക്ക് വലിയ പ്രാധാന്യമുണ്ട്. തന്റെ സാങ്കേതിക പരിജ്ഞാനത്തിന്റെ പിന്‍ബലത്തോടെ പുതുതായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് വിന്‍സണ്‍ പറയുന്നു. അവയുടെ രൂപരേഖ ക്രമേണ അവതരിപ്പിക്കും.

ബാള്‍ട്ടിമൂര്‍- വാഷിംഗ്ടണ്‍ മേഖലയിലെ മൂന്നു സംഘടനയിലും അംഗമായ വിന്‍സണ്‍ 1996-ല്‍ കെ.എ.ജി.ഡബ്ല്യു സെക്രട്ടറിയായി. സംഘടനയുടെ വൈബ്‌സൈറ്റ് രൂപപ്പെടുത്തുകയും ഇപ്പോഴും അത് മാനേജ് ചെയ്യുകയും ചെയ്യുന്നു.

ദ്വിദിന യൂത്ത് ഫെസ്റ്റിവല്‍- ഡി.സി ടാലന്റ് ടൈം- സംഘടിപ്പിച്ചപ്പോള്‍ അതു പുതുമയായി .പ്രസിഡന്റായപ്പോള്‍ തലസ്ഥാനത്ത് ആദ്യമായി ഈദ് ആഘോഷം സംഘടിപ്പിച്ചതായിരുന്നു മറ്റൊന്ന്. 2008-ല്‍ വാഷിംഗ്ടണ്‍ ബാള്‍ട്ടിമോര്‍ കിംഗ്‌സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ രൂപീകരിച്ചു. അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി . എന്‍.കെ. ലൂക്കോസ് (2010), ജിമ്മി ജോര്‍ജ് (2014) വോളിബോള്‍ ടൂര്‍ണമെന്റുകളുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു.

കേരള മേളയുടെ സെക്രട്ടറി എന്ന നിലയില്‍ 2006-ല്‍ കേരളത്തിന്റെ അമ്പതാം വാര്‍ഷികം വിഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കി. മറ്റ് ഇന്ത്യാക്കാരും അമേരിക്കക്കാരുമടക്കം പതിനായിരത്തില്‍പ്പരം പേരാണു പങ്കെടുത്തു. അമേരിക്കന്‍ മലയാളികള്‍ സംഘടിപ്പിച്ചഏറ്റവും വലിയ ഒത്തുചേരലായിരുന്നു അത്. കണ്‍വീനര്‍ ബിനോയ് തോമസ്, രാജ് കുറിപ്പ്, ഡോ. പാര്‍ഥാ പിള്ള, സുരേഷ് രാജ് എന്നിവര്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം.

സംഘടിപ്പിച്ച പരിപാടികളൊക്കെ ലാഭത്തില്‍ എത്തിച്ചു എന്നതും വിന്‍സന്റെ പ്രവര്‍ത്തന മികവ് തെളിയിക്കുന്നു. ഫോമായ്ക്കു ആവശ്യമായ പ്രധാന ഘടകം തന്നെ.

2008 നവംബര്‍ 26-ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നു അമേരിക്കന്‍ ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്താന്‍ രൂപീകരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കോര്‍ഡിനേറ്ററായിരുന്നു. തുടര്‍ന്ന് പ്രമുഖ ഇന്ത്യന്‍ നേതാക്കളെ അണിനിരത്തി നടത്തിയ 'വാഷിംഗ്ടണ്‍ ചലോ' പരിപാടി സംഘടിപ്പിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന 250-ല്‍ പരം ഇന്ത്യന്‍ നേതാക്കള്‍ 55 കോണ്‍ഗ്രസ് അംഗങ്ങളുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ഇന്ത്യയുടെ ഭാഗം അവതരിപ്പിക്കുകയും ചെയ്തു

ഫാനി മേയില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ ഡൈവേഴ്‌സിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. ഏഷ്യന്‍ പസഫിക് എംപ്ലോയി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ 1998-ല്‍ വര്‍ണ്ണാഭമായി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് ചരിത്രം കുറിക്കുന്നതായിരുന്നു.

ജീവകാരുണ്യ രംഗത്തും വിന്‍സന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. വിവിധ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ, വികലാംഗര്‍ക്ക് സഹായമെത്തിക്കുന്ന ജാനി ഫൗണ്ടേഷന്റെപ്രസിഡന്റാണ്. എറണാകുളം ജില്ലയിലെ എരൂരില്‍ ജാനി സെന്റര്‍ ഫോര്‍ സ്‌പെഷ്യല്‍ എഡുക്കേഷന്‍ പ്രവര്‍ത്തിക്കുന്നു.
ബാള്‍ട്ടിമോര്‍-വാഷിംഗ്ടണ്‍ മേഖലയില്‍ അടുത്തയിടക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുന്നതിനു പ്രവര്‍ത്തിച്ചത് സ്ഥാപക ചെയര്‍ എന്ന നിലയില്‍ വിന്‍സന്‍ ആണ്.


വിന്‍സന്റെ ദീര്‍ഘദ്രുഷ്ടിയോടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് 2016-ല്‍ സ്ഥാപിച്ച ഇന്‍ഡോ-അമേരിക്കന്‍ സെന്റര്‍. നോണ്‍ പ്രോഫിറ്റ് സ്ഥാപനമായ ഐ.എ.സി. ഇന്ത്യയും അമേരിക്കയും തമ്മില്‍ നാനാ രംഗങ്ങളിലുള്ള പരസ്പര ബന്ധം വളര്‍ത്തുന്നത് ലക്ഷ്യമിടുന്നു. വ്യാപാരം, വ്യവസായം എന്നിവ വികസിപ്പിക്കുക, സെക്യുരിറ്റി രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുക, വിദ്യാഭ്യാസ കാര്യങ്ങളില്‍ ബന്ധം അടുത്ത തലത്തിലെത്തിക്കുക തുടങ്ങിയവ പ്രധാനം. സെന്ററിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറാണ് വിന്‍സന്‍.

ഐ.എ.സിയുമായി ബന്ധമുള്ള വിദഗ്ദര്‍ വഴി പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുക, ആശയങ്ങള്‍ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കാന്‍ ശ്രമിക്കുക, ഇതിനായി ശാസ്ത്രീയ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുക, സെമിനാറുകള്‍ സംഘടിപ്പിക്കുക, ലെജിസ്ലേറ്റര്‍മാരുമായി നിരന്തര ബന്ധം പുലര്‍ത്തുക തുടങ്ങിവയും കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടും.
നിയമ വാഴ്ചയില്‍ അടിസ്ത്രുതമായ ശക്തമായ മാര്‍ക്കറ്റ് എക്കോണമി, സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ, സ്വത്തവകാശ സംരക്ഷണം, പൊതുരംഗത്ത് കൂടുതല്‍ സുതാര്യത തുടങ്ങിയ ഉദാത്ത ലക്ഷ്യങ്ങളാണു ഐ.എ.സിയുടെ പ്രേരക ശക്തി

ചില വിശദീകരണങ്ങള്‍


ഫോമായുടെ പ്രധാനപ്പെട്ട നേതാക്കളുടെയൊക്കെ ആശീര്‍വാദത്തോടെയാണു താന്‍ മത്സരിക്കുന്നതെന്നു വിന്‍സന്‍ പറഞ്ഞു. അതിനവരോടു നന്ദിയുണ്ട്. അതിലുപരി സ്വന്തം യോഗ്യതകളെ ചൂണ്ടിക്കാണിച്ചാണു താന്‍ രംഗത്തു വരുന്നത്. ഫോമാ അംഗങ്ങളിലും ഡെലിഗേറ്റുകളിലും പൂര്‍ണ വിശ്വാസമുണ്ട്. അവരെ നിരാശപ്പെടുത്തുന്ന ഒന്നും ചെയ്യില്ല.


ഫൊക്കാനയില്‍ പ്രവര്‍ത്തന പരിചയം ഇല്ല എന്നത് ഗുണമായി കരുതുന്നു. ഫൊക്കാന ഇന്നലെയുടെയും ഫോമ നാളെയുടെയും ശബ്ദമാണ്. നാളെക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷം


പ്രസിഡന്റാകാന്‍ പ്രായമായില്ലെന്നു പറയുന്നതു ശരിയല്ല. 51 വയസയി. കുട്ടികള്‍ മുതിര്‍ന്നു. വലിയ ഉത്തരവാദിത്വങ്ങള്‍ കുറഞ്ഞു. വിവിധ രംഗങ്ങളിലെ പ്രവര്‍ത്തനത്തിലൂടെ മതിയായ പരിചയം നേടി. അതിനാല്‍ ഇതു തന്നെയാണു ശരിയായ സമയം-വിന്‍സന്‍ പറഞ്ഞു. 

 

Top