• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറക്ക് സ്ഥാനാര്‍ഥികളോട് പറയാനുള്ളത്.

ഇലക്ഷനില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ ഇടിച്ചുകയറുമ്പോള്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയ്ക്ക് ചിലത് പറയാനുണ്ട്- പ്രവര്‍ത്തിക്കാന്‍ സമയമില്ലെങ്കില്‍, താത്പര്യമില്ലെങ്കില്‍ ഈ രംഗത്തേക്ക് വരരുത്. സംഘടനയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും അത്. 

അമേരിക്കന്‍ മലയാളിയുടെ പ്രധാന സംഘടന എന്ന നിലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ ഫോമ കൈവരിച്ചിട്ടുണ്ട്. അത് ഇനിയും മുന്നോട്ടു പോകണമെങ്കില്‍ പുതുതായി നേതൃത്വത്തിലേക്ക് വരുന്നവര്‍ അതിനായി ശ്രമിക്കണം.

മത്സരിക്കുമ്പോള്‍ പറയും സംഘടനയ്ക്കുവേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന്. ജയിച്ചു കഴിഞ്ഞാല്‍ പലതരം ഒഴിവുകഴിവുകള്‍....ബേബി സിറ്റിംഗ്, ജോലിയിലോ ബിസിനസിലോ പ്രശ്‌നം, സമയമില്ല....അങ്ങനെയുള്ളവര്‍ ഇതിന് പോകരുത്. സ്ഥാനാര്‍ത്ഥിയാകും മുമ്പ് തന്നെ ഓരോരുത്തരും സ്വയം ചോദിക്കണം തനിക്കിതിനു പറ്റുമോ, സയമുണ്ടോ എന്ന്. ഭാര്യയുടേയും മക്കളുടേയും സമ്മതം കൂടാതെ വന്നാലും പ്രശ്‌നംതന്നെ. പ്രാദേസിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കണം

എക്‌സിക്യൂട്ടീവിലും റീജണ്‍ തലത്തിലുമുള്ള എല്ലാ ഭാരവാഹികളും അവരവരുടെ ഭാഗം ഭംഗിയായി തീര്‍ത്താല്‍ മതി സംഘടന മികവുറ്റതാകും. എക്‌സിക്യൂട്ടീവിലും റീജണ്‍ തലത്തിലുമായി അമ്പതോളം ഭാരവാഹികളുണ്ട്. ദേശീയ തലത്തിലൂള്ളവര്‍ മാത്രം25 ഫാമിലിയെ വീതം കണ്‍വന്‍ഷനില്‍ പങ്കെടുപ്പിച്ചാല്‍ തന്നെ എത്രയോ കുടുംബങ്ങള്‍ എത്തും.

ഫോമ നേതൃത്വം ഒരു സേവനമാണ്. പ്രതിഫലമില്ല. പണച്ചെലവുണ്ട് താനും. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാതെ ജനപിന്തുണയുണ്ടാവില്ല. സംഘടന വളരില്ല. 

ആരും നിര്‍ബന്ധിച്ചിട്ടല്ല ഓരോരുത്തരും മത്സരിക്കുന്നത്. സ്വയം വരുന്നതാണ്. വന്നുകഴിഞ്ഞ് പ്രവര്‍ത്തിക്കാന്‍ മടിക്കുമ്പോള്‍ അത് സംഘടനയ്ക്ക് ദോഷമായി. തയാറുള്ള മറ്റൊരാള്‍ ഉണ്ടായിരുന്നു എന്നതു മറക്കരുത്. അംഗസംഘടനകളിലും ഇതു ബാധകമാണ്.

ഫോമയുടെ 12 റീജനുകളില്‍ 8-9 എണ്ണം വളരെ സജീവമാണ്. പലയിടത്തും ചെറുപ്പക്കാരാണ് മുന്നില്‍. എന്നാല്‍ ചില സ്ഥലങ്ങളില്‍ പഴയ തലമുറ അധികാരം പിടിച്ചുവച്ചു കൊണ്ടിരിക്കുന്നു. ചെറുപ്പക്കാരെ അടുപ്പിക്കുന്നില്ല. അതു ശരിയല്ല. അതുപോലെ പുതിയ തലമുറ പഴയ തലമുറയെ അംഗീകരിക്കാതിരിക്കുന്നതും ശരിയല്ല. 

ഉള്ളുതുറന്ന പ്രവര്‍ത്തനമാണ് സംഘടനയില്‍ വേണ്ടത്. വ്യക്തി വൈരാഗ്യത്തിനു സ്ഥാനമില്ല. ചിക്കാഗോയില്‍ തന്നെ ഇഷ്ടമില്ലാത്തവരുണ്ടെന്നറിയാം. എന്നാല്‍ ആരോടെങ്കിലും പക തീര്‍ക്കാനോ, മാറ്റി നിര്‍ത്താനോ താന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല. അങ്ങനെ ചെയ്‌തെന്ന്ആരും പറയുകയുമില്ല.

ഉത്തരവാദിത്വം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ക്കു മാത്രമേയുള്ളൂ എന്നു കരുതുന്നത് ശരിയല്ല. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്. അവസരങ്ങള്‍ നമ്മള്‍ ഉണ്ടാക്കുന്നതാണ്. വിമന്‍സ് ഫോറം എത്രയോ നല്ല കാര്യങ്ങള്‍ ചെയ്തു. യുവജന വിഭാഗമാകട്ടെ ചിക്കാഗോയില്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നൂറില്‍പ്പരം പേര്‍ പങ്കെടുക്കുന്ന പാട്ടു മത്സരം 'സ്വരം' സംഘടിപ്പിക്കുന്നു. ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 

കാലിഫോര്‍ണിയ ഒഴിച്ചുള്ള വിവിധ റീജനുകളിലെ നിരവധി വീടുകളില്‍ പോയി ജനങ്ങളുമായി നേരില്‍ കാണുവാനാണ് താന്‍ ശ്രമിച്ചത്. പലരും ഒട്ടേറെ എതിരഭിപ്രായങ്ങള്‍ പറഞ്ഞു. അത് ദുരീകരിക്കാനായി. കണ്‍വന്‍ഷന്റെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് അവരെ സ്ഥിരമായി ആകര്‍ഷിക്കുകയാണ് തന്റെ ലക്ഷ്യം. തന്റെ പ്രവര്‍ത്തനങ്ങള്‍ വരുംകാലത്തും പ്രതിഫലിക്കുമെന്നുറപ്പുണ്ട്. 

പല റീജനുകളും ആര്‍.വി. പിമാരും മികച്ച നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 

ഇലക്ഷന്‍ രംഗം സജീവമാകുന്നുണ്ട്. താന്‍ ആരേയും പിന്തുണയ്ക്കുന്നില്ല. വോട്ട് ആര്‍ക്ക് ചെയ്യണമെന്നു പറയുന്നുമില്ല. നിഷ്പക്ഷത നിലനിര്‍ത്തും.

കണ്‍വന്‍ഷനെപ്പറ്റി സാമ്പത്തികമായി ആശങ്കയൊന്നുമില്ല. പരിപാടികളൊക്കെ പ്ലാന്‍ ചെയ്യുന്നപോലെ വിജയകരമാകുമെന്ന പ്രതീക്ഷയുണ്ട്. 

ഇലക്ഷനെപ്പറ്റി പറയുമ്പോള്‍ സംഘടനയ്ക്ക് പ്രയോജനമുള്ളവരെ വിജയിപ്പിക്കാന്‍ വോട്ടര്‍മാര്‍ ശ്രമിക്കണം. എന്തൊക്കെ ചെയ്യുമെന്ന ധാരണയോടെ വേണം സ്ഥാനാര്‍ഥികള്‍ ഇലക്ഷനില്‍ നില്‍ക്കാന്‍.

താന്‍ മുഴുവന്‍ സമയവും ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. എല്ലാവര്‍ക്കും അതിനു കഴിഞ്ഞെന്നു വരില്ല. എങ്കിലും സംഘടനാ പ്രവര്‍ത്തനം അവഗണിക്കപ്പെടാന്‍ ഇടയാവരുത്

രണ്ടു വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനായി. ലീഗല്‍ ഫോറവും നിരവധി പേര്‍ക്ക് തുണയേകി. പടിയിറങ്ങുമ്പോള്‍ നിറഞ്ഞ സംതൃപ്തിയേയുള്ളൂ. നൂറു ശതമാനവും സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്ന സംതൃപ്തി.

എക്‌സിക്യൂട്ടീവിലെ ആറു പേരും ഒറ്റക്കെട്ടയാണ് പ്രവര്‍ത്തിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ കയ്യോടെ പറഞ്ഞുതീര്‍ത്തു. യാത്രയ്ക്കും മറ്റും കയ്യില്‍ നിന്നു കുറച്ചു പണം ചെലവാകും. പക്ഷെ വ്യക്തമായ പ്ലാനിംഗ് ഉണ്ടെങ്കില്‍ അതൊക്കെ ഏറ്റവും കുറയ്ക്കാനാകും. മുന്‍കാലങ്ങളിലേതുപോലെ നഷ്ടം എന്തായാലും ഉണ്ടാവില്ല. നഷ്ടം വരാതിരിക്കാന്‍ രണ്ടു കാര്യങ്ങളില്‍ ശ്രദ്ധിക്കണം. വ്യക്തമായ പ്ലാനും പദ്ധതിയും വേണം. രണ്ടാമതായി പണം ചെലവാകുന്ന ഏതൊരു കാര്യത്തിലും പ്രസിഡന്റിന്റെ മേല്‍നോട്ടം ഉണ്ടാവണം. ആരെയെങ്കിലും ഏല്പിച്ചതുകൊണ്ട് മാത്രമായില്ല. പല അഭിപ്രായങ്ങള്‍ ആരായണം. 

എന്തായാലും പ്രസിഡന്റ് പദത്തിലേക്ക് വരുന്നതിന് ആരും പേടിക്കേണ്ടതൊന്നുമില്ല.

ജൂണ്‍ 21 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഘോഷയാത്രയോടെയാണ് കണ്‍വന്‍ഷനു തുടക്കം. തുടര്‍ന്ന് 201 വനിതകളുടെ തിരുവാതിര. 101 പേരുടെ ചെണ്ടമേളം. മുന്‍ മന്ത്രി ശശി തരൂര്‍ എം.പി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍ വരില്ല എന്നു പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. 

അന്നുതന്നെ രാത്രി 9 മണിക്ക് ജനറല്‍ബോഡിയും, മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും നടക്കും. 10 മണി മുതല്‍ ചിക്കാഗോ സംഘടനകളുടെ വക വെല്‍ക്കം പ്രോഗ്രാം. 

വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ ഇലക്ഷന്‍. മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ഷാജി എഡ്വേര്‍ഡ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. ഇലക്ഷന്‍ പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും.

ഒട്ടേറെ പരിപാടികള്‍ വെള്ളിയാഴ്ചയുണ്ട്. പരിപാടികളുടെ എണ്ണം കൂടിയതിനാല്‍ സമയം കുറയ്ക്കേണ്ടിവന്നു. അന്നു രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ സ്റ്റേജ് 2-ല്‍ യൂത്ത് പ്രോഗ്രാം.

വിമന്‍സ് ഫോറം, വനിതാരത്‌നം, മിസ് ഫോമ, ബെസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍ പ്രോഗ്രാമുകള്‍ അന്നു നടത്തും. അതിനു പുറമെ വിവിധ സെമിനാറുകളും. ഡ്രാമാ മത്സരവും മുതിര്‍ന്നവരുടെ കലാമത്സരവും ഉണ്ടായിരിക്കും. മുതിര്‍ന്നവരുടെ 5 ടീമുകളാണ് 15 മിനിറ്റ് വീതമുള്ള പ്രോഗ്രാമുകളില്‍ മാറ്റുരയ്ക്കുക. ഇപ്രാവശ്യത്തെ പുതിയ പ്രോഗ്രാമാണിത്.

വെള്ളിയാഴ്ച രാത്രി സ്റ്റീഫന്‍ ദേവസിയുടെ കച്ചേരിയാണ് മുഖ്യം. ഒമ്പതംഗ ടീമുമായാണ് സ്റ്റീഫന്‍ ദേവസി ഇതാദ്യമായി എത്തുന്നത്. 

ശനിയാഴ്ച പൊളിറ്റിക്കല്‍ ഫോറത്തിന്റേയും മറ്റും സെമിനാറുകള്‍. ചിരിയരങ്ങില്‍ നാട്ടില്‍ നിന്നു വരുന്ന ഫാ. ജോസഫ് പുത്തന്‍പുരയില്‍, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുക്കും. ഇവിടെയുള്ളവര്‍ വേറേയും. അതിനാല്‍ അതൊരു അപൂര്‍വ്വ സദ്യതന്നെയാകും. 

അഞ്ചുമണിക്കാണ് സമാപന സമ്മേളനം. രാത്രി പിന്നണി ഗായകന്‍ വിവേകാനന്ദ് ടീം, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഷോ. 

ഇതിനകം 300-ല്‍പ്പരം റൂമുകള്‍ ബുക്ക് ചെയ്തു. അത് 400 വരെ ആകുമെന്നുറപ്പുണ്ട്. ഏഴാം തീയതി മുതല്‍ പത്തു ദിവസത്തേക്ക് ന്യൂയോര്‍ക്ക് മേഖലയില്‍ വീണ്ടും വീടുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. 

കണ്‍വന്‍ഷനിലെ ഭക്ഷണം എല്ലാം ഏര്‍പ്പാടാക്കി കഴിഞ്ഞു. രാവിലെ മലയാളി ബ്രേക്ക് ഫാസ്റ്റ്. ഉച്ചയ്ക്ക് വിവിധതരം മലയാളി ഫുഡ്. രാത്രി ഡിന്നര്‍ അമേരിക്കന്‍. ഒരു പ്ലേറ്റ് ഭക്ഷണം വിളമ്പുന്നതിന് 24 ഡോളര്‍ ആണ് ചിലവ്. ഉച്ചഭക്ഷണം കൗണ്ടറില്‍ നിന്ന് വാങ്ങാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. 

കണ്‍വന്‍ഷന് മികച്ച സ്‌പോണ്‍സര്‍മാരെ കിട്ടിയതും ഭാഗ്യമായി. സ്‌കൈലൈന്‍ ആണ് ഗ്രാന്റ് റോയല്‍ പേട്രന്‍. ജോയ് അലൂക്കാസ് റോയല്‍ പേട്രന്‍. മാസ് മ്യൂച്വലിന്റെ ജോര്‍ജ് ജോസഫ് ആണ് ഗ്രാന്റ് സ്‌പോണ്‍സര്‍.

ഫോമ നേതൃത്വത്തിന് പടിയിറങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞ സംതൃപ്തി. സംഘടനയ്ക്ക് ദോഷകരമായ ഒന്നും ചെയ്തിട്ടില്ല. വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍ നോക്കിയില്ല. ആരെയും ഒഴിവാക്കിയില്ല. നിറഞ്ഞ സംതൃപ്തിയോടെ ആയിരിക്കും നേതൃത്വം വിടുക. അതിനുശേഷവും ഫോമയില്‍ സജീവമായി തുടരും.... ബെന്നി പറഞ്ഞു

Top