• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വ്യവസായ സംരംഭകരെയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിച്ച് ഫോമാ പ്രൊഫഷണല്‍ സമിറ്റ്

ഡാളസ്: അമേരിക്കന്‍ മലയാളികളുടെ അഭ്യുന്നതിയുടെ ഉറച്ച ശബ്ദമായ ഫോമായുടെ മൂന്നാമത് 'പ്രൊഫഷണല്‍ സമിറ്റ്-2018' വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടായി. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് കാമ്പസില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉള്‍പ്പെടെയുള്ള വിവിധ സെഷനുകള്‍ പ്രധാനമായും  വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒപ്പം തന്നെ സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലായിരുന്നു. അവര്‍ക്കെല്ലാം  വ്യവസായരംഗത്തെ പുത്തന്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനുമുള്ള അവസരം ഈ മേള നല്‍കി.

 

പ്രഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അമേരിക്കയിലെ  മുന്‍നിരയിലുള്ള  നിരവധി  വ്യവസായ  സംരംഭകരും  തൊഴിലുടമകളും നിക്ഷേപകരും ഫോമാ പ്രൊഫഷണല്‍ സമിറ്റില്‍ സജീവ സാന്നിധ്യമറിയിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധിയും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഫോമാ വിദ്യാര്‍ത്ഥി വിഭാഗം പ്രസിഡന്റുമായ രോഹിത് മേനോന്‍ സ്വാഗതമാശംസിച്ച സമിറ്റ്, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് അന ഹെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഫോമാ  പ്രൊഫഷണല്‍ സമിറ്റ് സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാനും സെഷന്‍ മോഡറേറ്ററുമായ ഹരി നമ്പൂതിരി (റീജിയണല്‍ വൈസ് പ്രസിഡന്റ് ഓഫ് സീനിയര്‍ സെന്റേഴ്‌സ് ഇന്‍ ടെക്‌സാസ്) പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ഡാളസിലെ വിദ്യാര്‍ത്ഥി സമൂഹം ഈ മേളയെ ഏറെ ആകാംക്ഷയോടെ ഉറ്റു നോക്കുന്നുവെന്നു രോഹിത് മേനോന്‍ അഭിപ്രായപ്പെട്ടു . 

 

അമേരിക്കയില്‍ 300 ലധികം തൊഴിലവസരങ്ങളും 50 ഗ്ലോബല്‍ ഇന്റേണ്‍ഷിപ്പുകളും തിരുവനന്തപുരത്ത് 500 പുതിയ തൊഴിലവസരങ്ങളും തദവസരത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 50ലധികം പേര്‍ ലീഡര്‍ഷിപ്പ് ഹെല്‍ത്ത് ചെക്ക് എടുക്കുകയും മറ്റ് 50ഓളം പേര്‍ക്ക് കരിയര്‍ ഗൈഡന്‍സ് ലഭിക്കുകയും ചെയ്തു. ആഗോള  തലത്തില്‍  തന്നെ  സാമൂഹ്യ  ഉന്നമനം  ലക്ഷ്യമിട്ട   ഒരു കൂട്ടം വ്യവസായ സംരഭകരെ ഈ പ്രൊഫഷണല്‍ സമ്മിറ്റി ലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചുവെന്ന് ഹരി നമ്പൂതിരി  അഭിപ്രായപ്പെട്ടു. വിജ്ഞാനപ്രദമായ നിരവധി പ്രഭാഷണങ്ങളും കാര്യപരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഊര്‍ജ്ജസ്വലമായ ഒരു ദിനമായിരുന്നു ഇതെന്ന് പ്രൊഫഷണല്‍ സമ്മിറ്റ് വൈസ് ചെയര്‍മാന്‍ സാജു ജോസഫ് പറഞ്ഞു.

''ഈ പ്രൊഫണല്‍ സമിറ്റ് അസാധാരണമായ ഒരു മാതൃകയാണ്. ഫോമായുടെ ജനകീയ മുഖത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മറ്റൊരു വിളംബരമാണിത്. ബിസിനസിലും ജോലിയിലും മികച്ച നേട്ടം കൈവരിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്ന പരിപാടിക്ക് തീര്‍ച്ചയായും പ്രൊഫഷണല്‍ ടച്ച് ഉണ്ട്...'' പ്രമുഖ ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറും ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്റ് റിസര്‍ച്ച് സി.ഇ.ഒയും ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്ക് അഡൈ്വസറുമായ ഡോ: എം.വി പിള്ള പറഞ്ഞു. ഫോമാ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുതിയ വഴിതന്നെ തുറക്കുകയാണെന്ന് പ്രസിഡന്റ് ബെന്നിവാച്ചാച്ചിറയും, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് തീര്‍ച്ചയായും ഏറെ തൊഴിലുടമകളെ ആകര്‍ഷിക്കുമെന്ന് സെക്രട്ടറി ജിബി തോമസും പറഞ്ഞു.

 

ഉദ്ഘാടന സമ്മേളനത്തില്‍ ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍ (സി.ഇ.ഒ, ചോയ്സ്ലാബ്‌സ്), സുനു മാത്യു, ഷൈജി അലക്‌സ്, ഷേര്‍ളി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസിലെ ഫോമാ വിദ്യാര്‍ത്ഥി വിഭാഗം വൈസ് പ്രസിഡന്റും വിദ്യാര്‍ത്ഥി പ്രതിനിധിയുമായ അശ്വിന്‍ ശ്രീറാം നന്ദി പ്രകാശിപ്പിച്ചു.   

മൂന്ന് സെഷനുകളിലായാണ് സെമിനാറും മറ്റും നടന്നത്. 'ഒരു സംരംഭകനാകാന്‍ എന്തു ചെയ്യണം' എന്ന ആദ്യ സെഷന്‍ മാധവന്‍ പത്മകുമാര്‍ (സി.ഇ.ഒ, സോഫ്റ്റ്‌വെയര്‍ ഇന്‍ക്യൂബേറ്റര്‍) തുടങ്ങി വച്ചു. തന്റെ കീനോട്ട് പ്രസംഗത്തില്‍ ഒരു സംരംഭകന്‍ എപ്രകാരം വിജയിക്കാമെന്നതിനെ പറ്റി അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിച്ചു. തുടര്‍ന്ന് വിവിധ ടോപ്പിക്കുകളിന്മേല്‍ പാനല്‍ സ്പീക്കര്‍മാരായ ജോണ്‍  ടൈറ്റസ് (സി.ഇ.ഒ, എയ്‌റോ  കോണ്‍ട്രോള്‍സ്),  കൃഷ് ധനം (സി.ഇ.ഒ,  സ്‌കൈ ലൈഫ് സക്‌സസ്), ഡോ: രഞ്ജിത് നായര്‍ (സി.ഇ.ഒ, പൊട് ലക്ക് കള്‍ച്ചര്‍ സൊല്യൂഷന്‍സ്), ഗിരീഷ് നായര്‍ ( സി.ഇ.ഒ,  സ്പീരിഡിയന്‍ ടെക്‌നോളജി) തുടങ്ങിയവര്‍ സംസാരിച്ചു.

 

'എമര്‍ജിങ് ടെക് ഹോട്ട്‌സ്‌പോട്ട്‌സ്' എന്ന രണ്ടാം സെഷന്‍ ഇന്നോവേറ്റീവ് പ്രോഡക്ട്‌സ് ഇന്‍കോര്‍പറേറ്റഡ് സി.ഇ.ഒ സാം ജോണ്‍ കിക്കോഫ് ചെയ്തു. ഈ മേള, പങ്കെടുക്കുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ഏറെ സഹായകമാകുമെന്ന് പ്രൊഫഷണല്‍ സമിറ്റ് ചീഫ് കോര്‍ഡിനേറ്ററും ഇന്നോവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒയും മാനേജിങ് പാര്‍ട്ടണറുമായ ആന്റണി  സത്യദാസ് തന്റെ കീനോട്ട് പ്രസംഗത്തില്‍ വ്യക്തമാക്കി. ഡേഷന്‍ ജോസഫ് (ഇന്നോവേഷന്‍ ലീഡ്, ഹോണ്ട യു.എസ്.എ), ജോര്‍ജ്ജ് ബ്രോഡി (സി.ഇ.ഒ,  ഇന്‍ഫോ നെറ്റ് ഓഫ് തിങ്‌സ്), വീണ സോമറെഡ്ഡി (ന്യൂറോ റെഹാബ് വി.ആര്‍ കോ-ഫൗണ്ടര്‍), ആന്റണി സത്യദാസ്, മനോജ് ബെല്‍രാജ് (പ്രസിഡന്റ്, കോ-ഫൗണ്ടര്‍ എക്‌സിപീരിയന്‍ ടെക്‌നോളജീസ്) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. 

 

മൂന്നാം സംഷന്‍ 'ലാന്‍ഡിങ് എ ജോബ് ഓര്‍ ലോഞ്ചിങ് എ സ്റ്റാര്‍ട്ടപ്പ്' എന്ന വിഷയത്തെപ്പറ്റിയുള്ളതായിരുന്നു. പ്രസന്‍സ് ഹെല്‍ത്ത് ഡയറക്ടര്‍ ഷൈജി അലക്‌സ് ആയിരുന്നു മോഡറേറ്റര്‍. എഴുത്തുകാരനും നിക്ഷേപകനുമായ സുര്‍ജിത് കര്‍ കീനോട്ട് സ്പീക്കറായി. മികച്ച വിജയത്തിലേയ്ക്കുള്ള കാല്‍വയ്പ്പുകളെപ്പറ്റി അദ്ദേഹം തന്റെ നേട്ടങ്ങളുടെ വെളിച്ചത്തില്‍ സംസാരിച്ചു. തോമസ് കണ്‍ട്രോള്‍സ് സി.ഇ.ഒ ജോജി തോമസ്, ജോര്‍ജ്ജ് ബ്രോഡി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് ഡോ. രഞ്ജിത് നായരുടെ 'ജോബ്‌സ് ആന്റ് ലീഡര്‍ഷിപ്പ് ഹെല്‍ത്ത് ചെക്ക്' എന്ന ബ്രേക്ക് ഔട്ട് സെഷന്‍ നടന്നു. താമസിയാതെ ഇത്തരം സെഷനുകള്‍ മയാമിയിലും സിയാറ്റിലും നടത്തുമെന്ന് ജോണ്‍ ടൈറ്റസ് വ്യക്തമാക്കി.

Top