അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ ഫിലാഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ദ്രുത ഗതിയില്‍ നടക്കവേ ഈ മലയാളിമാമാങ്കം ചരിത്രമാക്കാന്‍ ഒരുങ്ങുകയാണ് ഫൊക്കാനാ കണ്‍വന്‍ഷന്‍ കമ്മിറ്റിയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .ജൂലൈ അഞ്ചു മുതല്‍ എട്ടുവരെ ഫിലാഡല്‍ഫിയ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് ലോകത്തിലെ ഏറ്റവും വലിയ മലയാളി സമ്മേളനം നടക്കുന്നത് .
കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യുന്ന കണ്‍വന്‍ഷന്റെ മറ്റൊരു പ്രത്യേകത ഏതാണ്ട് പതിനഞ്ചിലധികം താരങ്ങള്‍ ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു എത്തുന്നു എന്നതാണ്.നടി ഷീല,ജഗദീഷ് ,ജയസൂര്യ ,ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി നിരവധി ചലച്ചിത്ര പ്രതിഭകള്‍ ഫൊക്കാനയുടെ വേദിയില്‍ എത്തും.കൂടാതെ അമേരിക്കയിലെ കലാ പ്രതിഭകള്‍ ആയ യുവതി യുവാക്കളുടെ മിന്നുന്ന പ്രകടനമുള്ള പ്രപഞ്ചവും കണ്‍വന്‍ഷന്റെ പ്രത്യേകതയാണെന്നും മാധവന്‍ നായര്‍ അറിയിച്ചു.ഫൊക്കാന കണ്‍വെന്‍ഷനുവേണ്ടി ഒരു വീഡിയോ പ്രോമോയും ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു .
മുപ്പത്തിയഞ്ചു വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ ,സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് ഫൊക്കാന .1983 ല്‍ സ്ഥാപിതമായ സംഘടന അമേരിക്കയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടന ആയി മാറിയതില്‍ നിരവധി കര്‍മ്മ ധീരരായ വ്യക്തിത്വങ്ങളുടെ പ്രവര്‍ത്തന മികവ് ഉണ്ട് .ഇതിനോടകം ഒരു മികച്ച നേതൃത്വ നിരയെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞതിനപ്പുറം കേരളത്തിന്റെ സാമൂഹ്യ ,സാംസ്കാരിക,ജീവകാരുണ്യ മണ്ഡലങ്ങളില്‍ വലിയ സാന്നിധ്യമായി മാറുവാന്‍ സാധിച്ചിട്ടുണ്ട്.ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും,ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ അധിഷ്ഠിതവുമായതാണ് .
എന്നിരുന്നാലും ഫൊക്കാന കഴിഞ്ഞ രണ്ടു കാലയളവുകളിലായി ഏറ്റവും ചരിത്ര സംഭവമാക്കിയാണ് നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത് .അതിനു ഏറ്റവും നല്ല ഉദാഹരങ്ങള്‍ ആയിരുന്നു ചിക്കാഗോ,കാനഡാ കണ്‍വന്‍ഷനുകള്‍ .ചലച്ചിത്ര താരങ്ങളുടെ വരവും,അമേരിക്കന്‍ മലയാളി പ്രതിഭകളുടെ കലാപരിപാടികളും കൊണ്ട് സമ്പുഷ്ടമായതുമായ ഈ രണ്ടു കണ്‍വന്‍ഷനു കളെക്കാള്‍ ഒരു പടികൂടി മുന്നില്‍ നില്‍ക്കുന്ന കലാ മാമാങ്കം ആയിരിക്കും ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്നതെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു