ആര്‍ഭാടപൂര്‍വ്വം കൊണ്ടാടിയ പതിനെട്ടാമത് ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ – ഒരു അവലോകനം.
അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന, നെഞ്ചോടു ചേര്‍ത്തുവെച്ചിട്ടുള്ള സംഘടന, അമേരിക്കന്‍ മലയാളികളുടെ അഭിമാനം എന്നൊക്കെ കൊട്ടിഘോഷിക്കുന്ന ഫൊക്കാന ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും നടത്തിവരാറുള്ള കണ്‍വന്‍ഷന്‍ ഈ വര്‍ഷം ജൂലൈ ആറിനു തന്നെ തുടങ്ങുമോ എന്ന അനിശ്ചിതത്വം അവസാന നിമിഷം വരെ പ്രവര്‍ത്തകരില്‍ ആശങ്ക പരത്തിയിരുന്നു. കാരണം ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ കരാറനുസരിച്ചുള്ള മുഴുവന്‍ തുകയും കൊടുത്തുതീര്‍ക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളതു തന്നെ. കണ്‍വന്‍ഷന്‍ തുടങ്ങുന്നതിന് മൂന്നു ദിവസം മുന്‍പ് ഈ തുക കൊടുത്താല്‍ മാത്രമേ വേദി തുറന്നു കിട്ടുകയുള്ളൂ.
ലോകപ്രശസ്ത മാനേജ്മെന്‍റ് വിദഗ്ധനെന്ന് അവകാശപ്പെടുന്ന കണ്‍വന്‍ഷന്‍ ചെയര്‍മാനും നൂറോളം കമ്മിറ്റി അംഗങ്ങളും കിണഞ്ഞു പരിശ്രമിച്ചിട്ടും 65,000 ഡോളറിന്‍റെ കുറവാണ് വന്നത്..! ആലോചനകള്‍ പലതും നടന്നു. പ്രസിഡന്‍റ് തമ്പി ചാക്കോയെ തെറിപ്പിച്ച് കാശു മുടക്കാന്‍ തയ്യാറുള്ള കണ്‍വന്‍ഷന്‍ ചെയര്‍മാനെ പ്രസിഡന്‍റാക്കി നിയമിക്കുന്നത് ചിലര്‍ സ്വപ്നം കണ്ടു. തിടുക്കപ്പെട്ട് വിളിച്ചു ചേര്‍ത്ത നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വൈറ്റ്പ്ലെയ്ന്‍സില്‍ നിന്നുള്ള ഒരു അബ്കാരി മുതലാളി സഹര്‍ഷം ഈ ഐഡിയ അവതരിപ്പിക്കുകയും ചെയ്തു. പണം കൊടുക്കാതെ കണ്‍വന്‍ഷന്‍ സെന്‍റര്‍ തുറന്നു തരില്ല. അതുകൊണ്ട് ആര് പണം മുടക്കുന്നുവോ അയാളെ അടുത്ത പ്രസിഡന്‍റാക്കുകയും അദ്ദേഹം നിര്‍ദ്ദേശിക്കുന്ന വ്യക്തികളെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുകയും വേണം.
ഈ നിര്‍ദ്ദേശം കേട്ട ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ സ്തംബ്ധരായി..! രംഗം നിശ്ശബ്ദമാകുന്നു…’രോഗി ഇച്ഛിച്ചതും പാല്, വൈദ്യന്‍ വിധിച്ചതും പാല്’ എന്നു പറഞ്ഞപോലെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പണവുമായി വരാന്‍ റെഡിയാകുന്നു. എന്നാല്‍, എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അതാ ചിക്കാഗോയില്‍ നിന്നുള്ളൊരു യുവ നേതാവ് രംഗപ്രവേശം ചെയ്യുന്നു…”65,000 ഡോളര്‍ ഞാന്‍ തരാം, എന്നെ പ്രസിഡന്‍റാക്കണം, ഞാന്‍ നിര്‍ദ്ദേശിക്കുന്നവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുകയും വേണം….”
അപ്രതീക്ഷിതമായ ഈ നീക്കം അക്ഷരാര്‍ത്ഥത്തില്‍ പ്രസിഡന്‍റ് തമ്പി ചാക്കോയെ മാത്രമല്ല, മറ്റു അംഗങ്ങളേയും ഞെട്ടിച്ചു..!! ഫൊക്കാന ഒരു വില്പനച്ചരക്കാണോ? തമ്പി ചാക്കോയ്ക്ക് നെടുവീര്‍പ്പിടുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ആ രംഗം അവിശ്വസനീയമായിരുന്നു. ചില മലയാളം സിനിമകളില്‍ കാണുന്ന ‘അബ്കാരി ലേലം’ പോലെ ആര്‍ക്കും ലേലം വിളിച്ചെടുക്കാവുന്ന രീതിയിലേക്ക് തരംതാണു പോയോ അമേരിക്കന്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത അവരുടെ ദേശീയ സംഘടന? ഏതായാലും ആ ലേലം വിളിയില്‍ അതൃപ്തരായവര്‍ ഒടുവില്‍ ‘ബക്കറ്റ് പിരിവ്’ നടത്തി അവരവരുടെ കൈയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകള്‍ ബക്കറ്റിലിട്ടു. അങ്ങനെ ചരിത്രത്തിലാദ്യമായി തെണ്ടിപ്പിരിച്ച് ഫൊക്കാന കണ്‍വന്‍ഷന്‍ തുടങ്ങി.
കണ്‍വന്‍ഷനില്‍ പങ്കെടുത്ത അതിഥികളുടെ എണ്ണവും സ്ഥാനമഹിമയും കണക്കിലെടുത്താല്‍ അടുത്ത കാലത്തൊന്നും മറ്റു സംഘടനകള്‍ക്ക് കിട്ടാത്തത്ര മൈലേജ് ഫൊക്കാനയ്ക്കും പ്രസിഡന്‍റ് തമ്പി ചാക്കോയ്ക്കും കിട്ടി. കോട്ടിട്ട കേരള മുഖ്യമന്ത്രി, ഖാദി വസ്ത്രധാരിയായ പ്രതിപക്ഷ നേതാവ്, രണ്ട് മന്ത്രിമാര്‍, എം.എല്‍.എമാര്‍, വിശിഷ്ടാതിഥികള്‍, സ്വാമിമാര്‍, മെത്രാനച്ചډാര്‍, വൈദികര്‍, സിനിമാതാരങ്ങള്‍ എന്നിവരെക്കൊണ്ട് സമ്പുഷ്ടമായ സ്റ്റേജ്, ശുഷ്കിച്ച സദസ്സും…. സംഗതി ബഹുജോര്‍..! കലാപരിപാടികള്‍ നടന്ന വേദികള്‍ സമ്പന്നമായിരുന്നെങ്കിലും സദസ്യരെ കാണാന്‍ കഴിഞ്ഞില്ല.
കണ്‍വന്‍ഷനില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും അവര്‍ ഉള്‍പ്പെടുന്ന പാനലിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനാണെന്നത് സ്പഷ്ടമാണ്. വ്യാഴാഴ്ച രാത്രിയുടെ നീളം കൂടുതലായിരുന്നു. എല്ലാ മുറികളിലും സുഭിക്ഷമായ ഭക്ഷണവും കുടിയ്ക്കാനുള്ള ദ്രാവകവും യഥേഷ്ടം സജ്ജീകരിച്ചിരുന്നു. നേതാക്കളാകട്ടേ തലങ്ങും വിലങ്ങും നടന്ന് കിട്ടാവുന്നത്ര വോട്ടിന് വില പേശുന്നു. അന്തിയുറങ്ങാന്‍ മുറിയും, കുടിയ്ക്കാന്‍ പാനീയവും ഫ്രീയായി ലഭിച്ചവര്‍ വണ്ടിക്കൂലിക്ക് പണവും കണക്കു പറഞ്ഞ് വാങ്ങാന്‍ തിരക്കു കൂട്ടുന്നതു കണ്ടു.
വെള്ളിയാഴ്ചയുടെ പ്രഭാതം പൊട്ടിവിടര്‍ന്നതു തന്നെ തിരഞ്ഞെടുപ്പിന്‍റെ ശംഖൊലി നാദം കേട്ടുകൊണ്ടാണ്. തട്ടിക്കൂട്ടിയ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ മീറ്റിംഗും, ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും പ്രഹസനമാകും വിധം അവയില്‍ പങ്കെടുത്തവരെ നോക്കുകുത്തികളാക്കി. താന്‍പോരിമയോടെ പ്രവര്‍ത്തിച്ച സെക്രട്ടറി മറ്റുള്ളവരെ മന്ദബുദ്ധികളാക്കുന്ന കാഴ്ചയാണ് അരങ്ങേറിയത്. പ്രസിഡന്‍റോ സെക്രട്ടറിയോ യോഗനടപടികള്‍ യഥാവിധി നിയന്ത്രിക്കുകയോ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ജനാധിപത്യപരമായി മറുപടി പറയുകയോ ചെയ്തില്ല. അവരുടെ ഈ പ്രവൃത്തി ഫൊക്കാനയിലെ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയായി വേണം കണക്കാക്കാന്‍.
ഇലക്ഷനെ സംബന്ധിച്ച നിരവധി പരാതികള്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്ക് രേഖാമൂലം നല്‍കിയിട്ടും തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്നത് ഇലക്ഷന്‍റെ സാധുത തന്നെ ചോദ്യം ചെയ്യപ്പെടാവുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്ന ‘നാമം’ എന്ന മതസംഘടനയുടെ പ്രവേശനം, അതിന്‍റെ ഭാരവാഹികള്‍ തന്നെ സംഘടനയെ പിന്‍വലിച്ച് പരിഹരിച്ചിരുന്നു. എന്നാല്‍, ആ മതസംഘടന അതിന്‍റെ പേരില്‍ അല്പം മാറ്റം വരുത്തി, ഫൊക്കാനയിലെ ചില തല്പരകക്ഷികളുടെ ഒത്താശയോടെ, പുറംവാതിലിലൂടെ വീണ്ടും ഫൊക്കാനയില്‍ കയറിപ്പറ്റിയതും, അതിന്‍റെ മുഖ്യശില്പിയെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുകയും ചെയ്തതു വഴി ഒരു മതേതര സംഘടനയായ ഫൊക്കാനയെ മതസംഘടനകള്‍ക്ക് അടിയറ വെയ്ക്കുന്ന അത്യന്തം വിനാശകരമായ രംഗങ്ങള്‍ക്ക് ജനറല്‍ കൗണ്‍സില്‍ സാക്ഷ്യം വഹിക്കേണ്ടി വന്നു.
ന്യൂയോര്‍ക്കിലെ ഹഡ്സണ്‍വാലി മലയാളി അസ്സോസിയേഷന്‍ പതിവിനു വിപരീതമായി രണ്ടിനു പകരം ആറ് സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയതും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വരെ പ്രതിനിധികളുടെ ലിസ്റ്റില്‍ ഇടംപിടിച്ചതുമായ പരാതികള്‍ ഫൊക്കാന നേതൃത്വം വളരെ ലാഘവത്തോടെ ദൂരെയെറിഞ്ഞു കളഞ്ഞതും, പരാതി ബോധിപ്പിച്ചവരെ സംസാരിക്കാന്‍ അനുവദിക്കാതെ മനഃപ്പൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിച്ചതും ജനാധിപത്യ മര്യാദകളുടെ ലംഘനവും ഫൊക്കാനയുടെ നിലനില്പിനെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിക്കുമെന്നും ലേഖകന്‍ കരുതുന്നു.
ഫൊക്കാന എഴുപതിനായിരം ഡോളറിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ഗീര്‍വാണം ആരെ ബോധിപ്പിക്കാനാണെന്ന് ഇനിയും മനസ്സിലാകേണ്ടിയിരിക്കുന്നു. 65,000 ഡോളര്‍ കണ്‍വന്‍ഷന്‍ സെന്‍ററിന് കൊടുക്കാന്‍ ബക്കറ്റ് പിരിവു നടത്തിയ ഫൊക്കാന നേതൃത്വം ഇതെങ്ങനെ സാധിപ്പിച്ചു എന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കണക്കുകള്‍ അവതരിപ്പിച്ച് വ്യക്തമാക്കേണ്ടി വരുമെന്ന് ഓര്‍ത്താല്‍ നന്ന്.
എല്ലാ കടലാസു സംഘടനകള്‍ക്കും ഏഴ് വീതം പ്രതിനിധികളെ അനുവദിക്കപ്പെട്ടിരുന്നു. ഏഴു പേരു പോലും അംഗങ്ങളില്ലാത്ത ഈ സംഘടനകള്‍ വഴിയേ പോയവരെ വിളിച്ചു കയറ്റി പ്രതിനിധി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണെന്നത് പകല്‍ പോലെ വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെയ്പ്പിക്കാന്‍ ഈ കാരണമൊക്കെ ധാരാളം മതിയെങ്കിലു, അതൊക്കെ അവഗണിച്ച് ഇരു പാനലിലുള്ള സ്ഥാനാര്‍ത്ഥികള്‍ ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് പോയത് ഫൊക്കാനയോടും ഫൊക്കാനയെ സ്നേഹിക്കുന്നവരോടുമുള്ള വെല്ലുവിളിയായേ കണക്കാക്കൂ.
രാവിലെ തുടങ്ങിയ പോളിംഗ് വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചപ്പോള്‍ അര്‍ദ്ധരാത്രിയായി. ഇരു പാനലിലും വിജയവും പരാജയവുമുണ്ടായി. കാലു വാരലും പാരവെയ്പും യഥേഷ്ടം നടന്നു എന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും അവരാരും അത് പ്രകടിപ്പിക്കാതെ പരസ്പരം കെട്ടിപ്പിടിച്ചു ഉമ്മ വെച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും മറ്റുള്ളവരെ മണ്ടډാരാക്കി. ശരിക്കും ഒരു ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ തന്ത്രങ്ങളാണ് ഫൊക്കാനയിലും നടന്നതെന്ന് പറയാതെ വയ്യ. ഇലക്ഷന്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെങ്കിലും വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവുമൊക്കെ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് കോരത് ഭംഗിയായി നിര്‍വ്വഹിച്ചു.
ഇതിനിടെ കേരള ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി ശൈലജ ടീച്ചറിന്‍റെ കച്ചവടം പൊടിപൊടിച്ചു. കേരളത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ ‘അമേരിക്കന്‍ മോഡലാക്കാന്‍’ അമേരിക്കന്‍ മലയാളികളുടെ സഹായമാണ് ടീച്ചര്‍ അഭ്യര്‍ത്ഥിച്ചത്. സംഗതി ഏറ്റെടുക്കാന്‍ ധാരാളം പേര്‍ മുന്നോട്ടു വന്നു.
ഫൊക്കാനയ്ക്ക് എക്കാലത്തും പ്രശ്നം സൃഷ്ടിച്ചിരുന്ന രജിസ്ട്രേഷന്‍, റൂം അസൈന്‍മെന്‍റ് തുടങ്ങിയ വിഭാഗം ഭംഗിയായി പ്രവര്‍ത്തിച്ചു എന്നു തന്നെ പറയാം. മോഡി ജേക്കബിന്‍റെ കരങ്ങളില്‍ രജിസ്ട്രേഷന്‍ ഭദ്രമായിരുന്നു. ഫൊക്കാനയുടെ സിഗ്നേച്ചര്‍ പ്രോഗ്രാമുകളായിരുന്ന മിസ് ഫൊക്കാനയും, മലയാളി മങ്കയും തെറ്റുകൂടാതെയും വിധിനിര്‍ണ്ണയത്തില്‍ പാകപ്പിഴകളില്ലാതെയും നടത്താന്‍ ഭാരവാഹികള്‍ക്കായി.
ചില്ലറ പിശകുകള്‍ ഉണ്ടായിരുന്നുവെങ്കിലും 250 പേജുകളുള്ള ഫൊക്കാന സ്മരണിക ‘മണിമുഴക്കം’ ഏബ്രഹാം പോത്തനും ബെന്നി കുര്യനും കൂടി ഭംഗിയായി പുറത്തിറക്കി. സ്മരണികയുടെ ഓണ്‍ലൈന്‍ പ്രകാശനം വേറിട്ട അനുഭവമായി. ഭക്ഷണത്തെപ്പറ്റി ആരും പരാതി പറയുന്നത് കേട്ടില്ല. എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ വകയായി ഭക്ഷണവും ഡ്രിങ്ങ്സുമെല്ലാം ധാരാളമുണ്ടായിരുന്നതുകൊണ്ട് ഹോട്ടലില്‍ ഏര്‍പ്പാടു ചെയ്തിരുന്ന ഭക്ഷണത്തിന് ആളുകള്‍ കുറവായിരുന്നു.
സാഹിത്യ സമ്മേളനം, മതസൗഹാര്‍ദ്ദ സമ്മേളനം, പൊളിറ്റിക്കല്‍ സെമിനാര്‍ എന്നിവിടങ്ങളില്‍ പരാതികളായിരുന്നു. കാരണം, ഒഴിഞ്ഞ കസേരകളെ നോക്കി ആര്‍ക്കും സംസാരിക്കാന്‍ താല്പര്യമില്ലെന്നതു തന്നെ. അതിന് പ്രസിഡന്‍റ് ട്രംപിനെയാണ് തെറി വിളിച്ചത്. പുതിയ കുടിയേറ്റ നിയമം
കൊണ്ടാണത്രേ പലര്‍ക്കും അമേരിക്കയിലേക്കുള്ള വിസ ലഭിക്കാതെ പോയത്. തമ്പി ചാക്കോ തെറിവിളി കേള്‍ക്കാതിരുന്ന ഏക ഐറ്റവും ഇതു തന്നെ…’കുടിയേറ്റ നിയമം !’
2018-ലെ കണ്‍വന്‍ഷന്‍ എന്ന മാമാങ്കം കഴിഞ്ഞു 2020-ലെ മാമാങ്കത്തിന് നേതാക്കളേയും തിരഞ്ഞെടുത്തു. അടുത്ത കണ്‍വന്‍ഷന്‍ എങ്ങനെയായിരിക്കും എന്ന് ഇപ്പോഴേ ഊഹിക്കാവുന്നതേ ഉള്ളൂ. പ്രഗത്ഭരും പ്രശസ്തരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചിട്ട് നാനൂറു പേരെ പോലും ഒരുമിച്ചു കൂട്ടാന്‍ കഴിയാത്ത, ചരിത്രത്തിലെ ഏറ്റവും ശുഷ്കമായ കണ്‍വന്‍ഷനായി 2018-ലെ ഫിലഡല്‍ഫിയ കണ്‍വന്‍ഷന്‍ മാറി. ഇതേ വ്യക്തികള്‍ തന്നെ അടുത്ത കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ ഭയപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഒന്ന് – ഫൊക്കാനയുടെ വികലമായ പുതിയ ഭരണഘടനാ ഭേദഗതി മൂലം ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി മാറിയിരിക്കുന്നു.
ഈ പ്രസ്ഥാനം ഇപ്പോള്‍ തന്നെ മൂന്നില്‍ രണ്ടു ഭാഗം അംഗ സംഘടനകള്‍ ‘ഫോമ’ നിയന്ത്രിക്കുന്ന സംഘടനകളാണ് ഭരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് ഫൊക്കാന? ‘ഫോമ’ പോരെ? അതോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചതുപോലെ ഫോമാ – ഫൊക്കാന ലയനം സാധ്യമാകുമോ? രണ്ടാമതായി സ്വത്വബോധം നഷ്ടപ്പെട്ടവര്‍ ഒരു കുപ്പി കറുത്ത ജോണി, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറി, വണ്ടിക്കൂലിയും ചിലവും മറ്റും കിട്ടിയാല്‍ തന്‍റെ വോട്ടവകാശം ആര്‍ക്കും വില്‍ക്കും…അതുകഴിഞ്ഞ് മതസൗഹാര്‍ദ്ദം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ അന്താരാഷ്ട്ര കാര്യങ്ങളില്‍ വീമ്പു പറച്ചില്‍ തുടങ്ങും. ഇങ്ങനെയുള്ള വികലവും വികടവുമായ ചിന്താഗതി വെച്ചു പുലര്‍ത്തുന്നവരാണ് മൂന്നു പതിറ്റാണ്ടിലേറെ കാലം അമേരിക്കന്‍ മലയാളികളുടെ അഭിമാനമായിരുന്ന ഫൊക്കാന എന്ന മതേതര സംഘടനയുടെ തായ്വേരറുത്തത്.
ശുഭം