• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫൊക്കാന 'സ്‌നേഹവീട് ' കാരുണ്യ പദ്ധതി വന്‍ വിജയം : ജോയ് ഇട്ടന്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുമ്പോള്‍ ഫൊക്കാന ഏറ്റെടുത്ത നടപ്പാക്കിയ 'സ്‌നേഹവീട് ' കാരുണ്യ പദ്ധതി വന്‍വിജയമായിരുന്നു എന്ന് ഫൊക്കാന എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ഇമലയാളിയോട് പറഞ്ഞു.

ജോയ് ഇട്ടന്റെ നേതൃത്വത്തില്‍ പിറവത്ത് തുടക്കം കുറിച്ച പ്രോജക്ട് വിവിധ ജില്ലകളിലേക്ക് വ്യാപിക്കുകയും ഏതാണാഡ് ഒരു വര്‍ഷം കൊണ്ട് ആറോളം വീടുകള്‍ പണി പൂര്‍ത്തിയാക്കി വീടില്ലാത്ത ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും അശരണരുമായ കുടുംബങ്ങള്‍ക്ക് നല്‍കുവാനും സാധിച്ചതില്‍ അതിലെയായ് സന്തോഷമുണ്ട്.

ഫൊക്കാനാ കാരുണ്യ പാര്‍പ്പിട പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം 2017  മെയ് 28  നു പിറവത്ത്  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്വഹിച്ചായിരുന്നു തുടക്കം . ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി .തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്‌നേ താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു നൂറു  വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

ഈ ഒരു ആശയം കമ്മിറ്റിക്കു മുന്‍പാകെ അവതരിപ്പിക്കുമ്പോള്‍ ഒരു വീട് സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്.ഉടന്‍ തന്നെ അര്‍ഹിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തുകയും ,വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുമായിരുന്നു.

ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകു കയായിരുന്നു .എറണാകുളം ജില്ലയിലെ പിറവത്ത് എടക്കാട്ടുവയല്‍ കാട്ടിമുറ്റം വീട്ടില്‍ ഒരു ആശ്രയവും ഇല്ലാത്ത സെബിയക്കാണ്   വീട് നിര്‍മ്മിച്ച്  നല്‍കുന്നത് .ഭര്‍ത്താവ് മരണപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഫൊക്കാനയുടെ സഹായം നല്‍കുന്നത് .പതിനൊന്നു വയസുള്ള മകളും , ഒന്‍പതു വയസുള്ള മകനുമൊത്തു ലക്ഷം വീട് കോളനിയില്‍ താമസിച്ചു വരികയായിരുന്ന സെബിയക്കു ഫൊക്കാനയുടെ സ്‌നേഹവീട് കാരുണ്യ പദ്ധതിയില്‍ വീട് നല്‍കിയത്.

ഒരു  സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയത്. അര്‍ഹിക്കുന്നവരെ കണ്ടെത്താന്‍  മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭിച്ചു. ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് നേരിട്ട് അറിയാവുന്ന ഭവന രഹിതരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. പിറവത്ത് ആരംഭിച്ച ഈ പദ്ധതി ഒരു തുടര്‍ പദ്ധതിയായി മുന്നോട്ടു കൊണ്ട് പോകുന്നതില്‍ അതിയായ സന്തോഷമുണ്ട്. തുടര്‍ന്നും ഇത്തരം കാരുണ്യ പദ്ധതികള്‍ ഏറ്റെടുത്തു നടത്തുന്നത്തില്‍ അതിയായ സന്തോഷമേ തനിക്കുള്ളൂ.ജോയ് ഇട്ടന്‍ പറഞ്ഞു.

നടപ്പിലാക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഏതു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹം പറയുക. അതുകൊണ്ടു തന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ് .ആ സ്വീകാര്യതയ്ക്ക് കഴിഞ്ഞ വര്ഷം അമേരിക്കന്‍ മലയാളികളുടെ അക്ഷര കൂട്ടായ്മയായ  ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ജോയ് ഇട്ടനു ലഭിച്ചു.അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സംഭാവന നല്‍കിയ വ്യക്തിക്കുള്ള  പ്രഥമ പുരസ്‌കാരമായിരുന്നു  ഇത്.സംഘടനാ രംഗത്തു സംശുദ്ധമായ പ്രവര്‍ത്തനം നല്‍കിയതിന് അമേരിക്കന്‍ മലയാളി പത്രപ്രവര്‍ത്തകര്‍ നല്‍കുന്ന ആദരവുകൂടിയായി മാറി ഈ പുരസ്‌കാരം.

നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച ജോയ്ഇ ട്ടന്‍ അമേരിക്കയിലേതുപോലെ കേരളത്തിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്ത്  സജീവമാണ് .പ്രധാനമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആണ് സജീവം. ഇപ്പോള്‍  ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ കാനഡ അതിഭദ്രാസന കൗണ്‍സില്‍ മെന്പര്‍ കൂടിയാണ്. ഫൊക്കാനയുടെ ഈ കമ്മിറ്റിയുടെ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ചെറുപ്പം മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ നാള്‍ വഴികള്‍ ഇങ്ങനെ.ഊരമന  ഗവ . ഹായ് സ്‌കൂള്‍ ഹൈ സ്‌കൂള്‍  ലീഡര്‍ ആയി തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനം , യൂണിവേഴ്‌സിറ്റി  യൂണിയന്‍  കൌണ്‍സില്‍  മെമ്പര്‍ , കെ എസ് യു  ജനറല്‍  സെക്രട്ടറി , കെ പി സി സി മെമ്പര്‍ , യൂത്ത്  കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറി , എറണാകളും ജില്ല  ട്രേഡ്  യൂണിയന്‍  പ്രസിഡന്റ് (ടിംബര്‍ വര്‍ക്കേഴ്‌സ്  യൂണിയന്‍, ഓട്ടോ  റിക്ഷാ  െ്രെഡവേഴ്‌സ്  യൂണിയന്‍ , ബില്‍ഡിംഗ് വര്‍ക്കേഴ്‌സ്  യൂണിയന്‍ തുടങ്ങിയ നിലകളിലേക്ക് വ്യാപിപ്പിച്ചു.

അമേരിക്കയില്‍ എത്തിയ ശേഷം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി. ഫൊക്കാനാ നാഷണല്‍ ട്രഷറര്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്,മലങ്കര ജാക്കോബായ അമേരിക്കന്‍ ഭദ്രാസനം കൗണ്‍സില്‍ മെമ്പര്‍, മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്കട്ടറി, മലങ്കര ജാക്കോബായ സെന്റര്‍ വൈഡ് പ്ലെയിന്‍സ് ജനറല്‍ സെക്രട്ടറി ,വല്‍ഹാല സെന്റ്  ജോര്‍ജ് ജാക്കോബായ പള്ളി ട്രസ്റ്റി, രാമമംഗലം കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ഊരമന വൈസ് മെന്‍സ് ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ മികച്ച സേവനം.കൂടാതെ സാംസ്‌കാരിക പ്രവര്‍ത്തങ്ങളുടെ ഭാഗമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നു എന്നതാണ് ജോയ് ഇട്ടന്റെ പ്രത്യേകത.

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നാല്  വീടുകള്‍ നിര്‍മ്മിച്ച് നല്‍കി .മുന്ന് നിര്‍ധനരായ യുവതികളുടെ വിവാഹം എല്ലാ ചിലവുകളും നല്‍കി നടത്തി കൊടുത്തു ,ഉപരി പഠനത്തിന് പാവപ്പെട്ട നാല്  കുട്ടികള്‍ക്ക് പൂര്‍ണ്ണമായും ചെലവ് വഹിച്ചു അവര്‍ക്കു ജോലിയിലും പ്രവേശിക്കുവാന്‍ അവസരം നല്‍കി,  മൂന്നു കുട്ടികളെ ഇപ്പോളും പഠിപ്പിച്ചു കൊണ്ടിരിക്കുകായും ചെയുന്നു. ഈയിടെ അന്തരിച്ച തന്റെ പിതാവിന്റെ നാല്പതാം ചരമ ദിനത്തോടനുബന്ധിച്ചു നാല്‍പ്പത് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കിയാണ് ആ ചടങ്ങ്  അദ്ദേഹം നടത്തിയത് .

അമേരിക്കയില്‍ ബിസിനസ് രംഗത്തും സംഘടനാ രംഗത്തും, ചാരിറ്റി രംഗത്തും സജീവമായിട്ടുള്ള ജോയ് ഇട്ടന്‍ മൂവാറ്റുപുഴയ്ക്കടത്തു ഊരമന പാടിയേടത്തു കുടുംബാംഗമാണ്. 

Top