ഷിക്കാഗോ∙ ഫോമാ ഫാമിലി കൺവൻഷൻ സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രി ശശി തരൂർ ഉദ്ഘാടനം ചെയ്യും. ജൂൺ 21 മുതൽ 24 വരെ ഷിക്കാഗോയിലുള്ള റിനൈസൻസ് കൺവെൻഷൻ സെന്ററിലാണ് ഫോമ ഫാമിലി കണ്‍വെൻഷൻ നടക്കുന്നത്.
യുഎൻ അണ്ടർ സെക്രട്ടറിയായി വർഷങ്ങളോളം സേവനം ചെയ്ത ശശി തരൂർ, ലോക മലയാളികൾക്ക് വളരെ സുപരിചിതനാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ലോക പ്രസിദ്ധമാണ്. ശശി തരൂരിന്റെ പ്രഭാഷണം ശ്രവിക്കാൻ മാത്രമായി ധാരാളം ശ്രോതാക്കൾ എല്ലായിടത്തും എത്തിച്ചേരാറുണ്ട്.
നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയായ ശശി തരൂർ, വിദേശ മാധ്യമങ്ങൾ ഉൾപ്പെടെ നിരവധി പത്രങ്ങളിലും മാസികകളിലും ലേഖനങ്ങളും എഴുതാറുണ്ട്. ഇന്ത്യൻ പാർലമെന്റിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂർ, കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്.
ഫോമയുടെ ചരിത്രത്തിൽ തന്നെ സ്ഥാനം പിടിക്കുവാൻ പോകുന്ന ഷിക്കാഗോ കൺവൻഷനിൽ നാലായിരത്തിനടുത്ത് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൺവൻഷന്റെ റജിസ്ട്രേഷൻ സമാപിച്ചു, എന്നാൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അതാതു ദിവസത്തേക്കുള്ള പ്രവേശന പാസുകൾ ലഭിക്കുന്നതാണ്.
കൺവൻഷന്റെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യ ഉണ്ടായിരിക്കും. നാട്ടിൽ നിന്നും വരുന്ന പ്രമുഖ ടീമുകൾ കലാപരിപാടികൾ അവതരിപ്പിക്കും. കൂടാതെ, മലയാളി മന്നൻ, മഹിളാരത്നം, മിസ് ഫോമാ, ബെസ്റ്റ് കപ്പിൾസ് തുടങ്ങി കൺവൻഷനിൽ പങ്കെടുക്കുന്നവർക്കും, തങ്ങളു ടെ കഴിവുകളിൽ മാറ്റുരക്കുന്നതിനുള്ള മത്സരങ്ങളും ഫോമ കൺവൻഷനിൽ ഒരുക്കിയിട്ടുണ്ട്.
കൺവൻഷന്റെ വിജയത്തിനായി ചിട്ടയോടു കൂടിയ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്. ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, ട്രഷറർ ജോസി കുരിശുങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ. ജോ. സെക്രട്ടറി വിനോദ് കൊണ്ടൂർ, ജോ. ട്രഷറർ ജോമോൻ കുളപ്പുരയ്ക്കൽ, കൺവൻഷൻ ചെയർമാൻ സണ്ണി വള്ളിക്കുളം എന്നിവരുടെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.