ചിക്കാഗോ: "മണ്ണിനെ അറിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍' എന്നു സ്വജീവിതത്തില്‍ തെളിയിച്ച ജോയ് ലൂക്കോസ് ചെമ്മാച്ചേലിനാണ് ഈവര്‍ഷത്തെ ഫോമ കര്‍ഷകരത്‌നം അവാര്‍ഡ്. സുഹൃത്തുക്കളും സ്‌നേഹിതരും സ്‌നേഹപൂര്‍വ്വം ജോയിച്ചന്‍ എന്നു വിളിക്കുന്ന ജോയ് ലൂക്കോസ് എന്ന അമേരിക്കന്‍ വ്യവസായി കര്‍ഷക മനസ്സുള്ള തനി കുട്ടനാട്ടുകാരനാണ്. നീണ്ടൂര്‍ ചെമ്മാച്ചേല്‍ ലൂക്കായുടേയും ലില്ലിയുടേയും മകനായ ജോയിച്ചന്റെ വിശ്വാസം ദൈവം ഏല്‍പിച്ച മണ്ണും സൃഷ്ടികളും പരിപോഷിപ്പിക്കുക എന്നത് ഏതൊരു മനുഷ്യന്റേയും ഉത്തരവാദിത്വമെന്നതാണ്.
ഹരിതഭൂമിയുടെ സാര്‍വശോഭ പകര്‍ന്ന "ജെ.എസ് ഫാം' ജോയിച്ചന്റെ സ്വപ്ന സാക്ഷാത്കാരമാണ്. ഏതു സമയത്തും ആര്‍ക്കും കടന്നുചെല്ലാവുന്ന ഈ സ്വപ്നഭൂമിയില്‍ കരനെല്ലടക്കം വിവിധ കൃഷികള്‍, പക്ഷി-മൃഗാദികള്‍, മത്സ്യങ്ങള്‍ എന്നിവ പ്രത്യേക ആകര്‍ഷണങ്ങളാണ്. ഇതോടൊപ്പം കാലപ്രയാണത്തിന്റെ ചിതങ്ങള്‍ ഫാമിലുടനീളം ഒരുക്കിയിരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ സ്‌നേഹതീരമാണവിടം.
ഇത്തരമൊരു സ്വപ്നഭൂമി ജോയിച്ചന്‍ ഒരുക്കിയത് പുതുതലമുറയ്ക്ക് ഇവയെല്ലാം പരിചയപ്പെടുത്തുക എന്ന വലിയൊരു ലക്ഷ്യം കൂടി മുന്‍നിര്‍ത്തിക്കൊണ്ടാണ്.
കുട്ടനാട്ടുകാരന്റെ ഗൃഹാതുരത്വം മനസ്സില്‍ കൊണ്ടുനടക്കുന്ന മണ്ണിനോടും പച്ചപ്പിനോടും ആര്‍ദ്രലീനമായ മനസ്സുള്ള ഈ പ്രവാസി മലയാളി കര്‍ഷകരത്‌നം അവാര്‍ഡിന് തീര്‍ച്ചയായും അര്‍ഹനാണ്. അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ജോയിച്ചന്‍ നടത്തുന്നതും നടത്താനിരിക്കുന്നതുമായ എല്ലാ സംരംഭങ്ങള്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്യുന്നു.