ഫോമായുടെ 2020 കണ്‍വന്‍ഷന് ആര് ആതിഥേയത്വം വഹിക്കണം എന്നുള്ളതിനെക്കുറിച്ച് ചര്‍ച്ചകളും, സംവാദങ്ങളും, വാര്‍ത്തകളും അമേരിക്കന്‍ മലയാളികളുടെയും അതിനു നേതൃത്വം വഹിക്കുന്ന ഏതാണ്ട് എഴുപത്തഞ്ചോളം സംഘടനകളുടെയും മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി ഉയരുമ്പോള്‍ ചില സത്യങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ഈ വലിയ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗവും സജീവപ്രവര്‍ത്തകനും എന്ന നിലയില്‍ ഞാന്‍ നിര്‍വഹിക്കുകയാണ്.
കണ്‍വന്‍ഷന് അനുയോജ്യമായ സ്ഥലം ഇന്നത്തെ സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് അല്ല എന്ന് പറയുവാന്‍ ആഗ്രഹിക്കുന്നതിന്റെ പ്രഥമ കാരണം, ന്യൂയോര്‍ക്കില്‍ നിന്നുമുള്ള സംഘടനകളിലെ വ്യത്യസ്തമായ നിലപാടുകള്‍ ഈ വിഷയത്തില്‍ പ്രതിഫലിക്കുന്നു എന്ന സത്യമാണ്. അതോടൊപ്പം പറയുവാന്‍ ആഗ്രഹിക്കുന്നത് ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ചിലരുടെ സ്ഥാനാര്‍ത്ഥിത്വം 'ദൃശ്യം' സിനിമാ ശൈലിയില്‍ ആണെന്നുള്ള ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ വാക്കുകള്‍ ഇവിടെ ചിന്താവിഷയമാകുന്നു. ഫോമായുടെ ഭരണഘടനയിലെ പിഴവുകള്‍ ഇവിടെ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ വേണം എന്ന ആവശ്യവുമായി പലരുടെയും പ്രസ്താവനകള്‍ കാണുവാന്‍ ഇടയായി.
കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളി സമൂഹം ഇവിടെ തഴച്ചു വളര്‍ന്നുവരുന്നു. ന്യൂയോര്‍ക്കിനെ മനസ്സിലാക്കിയ മലയാളി സമൂഹവും കാലാകാലങ്ങളായി ദേശീയ സംഘടനയ്ക്ക് നേതൃത്വം കൊടുത്തവരും നാളിതുവരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കണ്‍വന്‍ഷനെക്കുറിച്ച് ചിന്തിക്കാതിരുന്നത് പണത്തിന്റെയോ, നേതൃത്വപാടവത്തിന്റെയോ, ആള്‍ബലത്തിന്റെയോ പ്രശ്‌നം ആയിരുന്നില്ല. മറിച്ച്, അമേരിക്കയിലെ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താങ്ങാന്‍ പറ്റുന്ന ഒരു പായ്‌ക്കേജ് സമര്‍പ്പിക്കാന്‍ സാധ്യമല്ല എന്ന തിരിച്ചറിവിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് എന്നത് ഏതൊരു മലയാളിക്കും മനസ്സിലാക്കുവാന്‍ സാധിക്കുന്ന പരമസത്യമാണ്.
ഫോമയുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത നിലയില്‍, വളരെ തരംതാഴ്ന്ന നിലയില്‍, ചില വ്യക്തികള്‍ അവരുടെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് വ്യാജ വോട്ടുകള്‍ക്കായി കൃത്രിമം കാണിച്ചത് ലജ്ജാവഹമാണ്. ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയാതെ അവിടെ നിന്ന് വ്യാജ രേഖയുണ്ടാക്കി ഏഴ് ഡെലിഗേറ്റുകളെ ഉള്‍പ്പെടുത്തിയതും, ന്യൂ ഇംഗ്ലണ്ട് മലയാളി അസ്സോസിയേഷനില്‍ നിന്ന് കമ്മിറ്റിക്കാരുടെ അനുമതിയോ അറിവോ ഇല്ലാതെ ഡെലിഗേറ്റുകളെ ഉള്‍പ്പെടുത്തിയതും ഇത്തവണ ഫോമ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ കണ്ടുപിടിച്ചത് ഫോമാ എന്ന ഈ മഹത്തായ സംഘടനയ്ക്ക് കളങ്കം ചാര്‍ത്തുന്ന സംഭവമായി. ആല്‍ബനി മലയാളി അസ്സോസിയേഷന്‍ (സിഡിഎംഎ) ഫോമയുടെ അംഗസംഘടന പോലുമല്ല എന്നതും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതാണ്.
അംഗസംഘടന അല്ലാതിരുന്നിട്ടും എങ്ങനെയാണ് അവിടെ നിന്ന് ഏഴ് പേരെ ഡെലിഗേറ്റുകളായി ഉള്‍പ്പെടുത്തിയത്? ആരാണ് ഈ കൃത്രിമത്തിന് കൂട്ടുനിന്നത്? ഇങ്ങനെ സംഘടനാ പ്രസിഡന്റുമാര്‍ അറിയാതെ ഇഷ്ടമുള്ളവരെ അമേരിക്കയുടെ ഏതു ഭാഗത്തുനിന്നുള്ളവര്‍ക്കും, ഒരു ദിവസം പോലും സംഘടനയില്‍ പ്രവര്‍ത്തിക്കാതെ ഡെലിഗേറ്റുകളാക്കി കൊണ്ടുവരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതിനെതിരെ പരാതി കൊടുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി. മുന്‍ വര്‍ഷങ്ങളില്‍ ഇതുപോലുള്ള സംഭവം ആരുടേയെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. എന്റെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട് ആ രണ്ടു സംഘടനകളില്‍ നിന്നാണെന്ന വ്യാജേന വന്ന ഡെലിഗേറ്റുകളെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുകയും, ഒരിക്കല്‍ പോലും ഫോമയില്‍ അംഗത്വമെടുക്കാത്ത ആല്‍ബനി മലയാളി അസ്സോസിയേഷന്റെ പേര് അംഗസംഘടനാ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ഫോമയോട് നീതി പുലര്‍ത്താത്ത, സത്യസന്ധരല്ലാത്ത വ്യക്തികള്‍ സംഘടനയില്‍ കടന്നുകൂടുമ്പോഴാണ് ഇത്തരത്തിലുള്ള വിപത്തുകള്‍ വന്നുഭവിക്കുന്നത്. ഏതായാലും എന്റെ പരാതിയില്‍ സന്ദര്‍ഭോചിതമായി ഇടപെട്ട്, സുതാര്യമായ അന്വേഷണം നടത്തി തീരുമാനമെടുത്ത ഇലക്ഷന്‍ കമ്മീഷണര്‍മാരായ അനിയന്‍ ജോര്‍ജ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്.
റോച്ചസ്റ്ററില്‍ ഫൊക്കാന നടത്തിയ കണ്‍വന്‍ഷനിലും, ബേബി ഊരാളിലിന്റെ നേതൃത്വത്തില്‍ ഫോമ ന്യൂയോര്‍ക്കില്‍ ക്രൂസില്‍ നടത്തിയ കണ്‍വന്‍ഷനിലും ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കണ്‍വന്‍ഷനെ സംബന്ധിച്ച സത്യങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാന്‍. ആ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുവാന്‍ അമേരിക്കയുടെ പല ഭാഗത്തുനിന്നും എത്തിയ മലയാളി സമൂഹത്തെ ന്യൂയോര്‍ക്കിലെ രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയില്‍ കാര്‍ണിവല്‍ ഗ്ലോറി എന്ന കപ്പലില്‍ എത്തിക്കുവാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ആ യാത്രയില്‍ കൂടെയുണ്ടായിരുന്ന ഏവര്‍ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഫോമയുടെ അതിഥിയായി എത്തിയ മലയാള മനോരമയുടെ പ്രതിനിധി സന്തോഷ് ജോര്‍ജ്ജ് ജേക്കബും ആ വിഷമയാത്രയില്‍ കൂടെയുണ്ടായിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
എന്തിന് ഡാളസ് എന്ന ചോദ്യം ഉയരുമ്പോള്‍ ഉത്തരം ഇതാണ്. സതേണ്‍ റീജനില്‍ പെട്ട അഞ്ച് സംഘടനകളും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി സംഘടനാ പ്രസിഡന്റുമാരായ ജോഷ്വാ ജോര്‍ജ്ജ്, ഷേര്‍ളി ജോണ്‍, ശാമുവേല്‍ മത്തായി, ജോസഫ് ബിജു, സന്തോഷ് ഐപ്പ്, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ബാബു മുല്ലശ്ശേരി, ജെയ്‌സണ്‍ വേണാട്ട്, അഡ്വൈസറി ബോര്‍ഡ് സെക്രട്ടറി ബാബു തെക്കേക്കര എന്നിവര്‍ക്കൊപ്പം സതേണ്‍ റീജന്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരിയുടേയും ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരുടെയും, അതോടൊപ്പം യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാളസിലെ (യുടിഡി) ഏകദേശം 200ല്‍പരം വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളുടെ ശക്തമായ പിന്തുണയും ഒരു കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലപ്പെട്ടതാകും.
ഏറ്റവും ചിലവുകുറഞ്ഞ മനോഹരങ്ങളായ കണ്‍വന്‍ഷന്‍ സെന്ററുകള്‍ എന്നിവ പ്രധാന ഘടകങ്ങളായി മാറുമ്പോള്‍ കണ്‍വന്‍ഷന്‍ എല്ലാ സ്ഥലങ്ങളിലും നടക്കണം എന്ന ആവശ്യത്തിന് നാള്‍ക്കുനാള്‍ പിന്തുണ ഏറിവരുന്നതും ഇതിനുള്ള ഉത്തരമായി മാറുകയാണ്.