ചിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ പ്രാതിനിധ്യത്തിന്റെ പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) ആറാമത് കണ്‍വന്‍ഷന്‍ ഷോംബര്‍ഗിലെ വിവേകാന്ദ നഗറില്‍ (റിനൈസണ്‍സ് ഹോട്ടല്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍) വര്‍ണ്ണാഭമായ തുടക്കം.
രണ്ടു ദിവസമായി അവിരാമമായി എത്തിക്കൊണ്ടിരുന്ന അതിഥികള്‍ വ്യാഴാഴ്ച വൈകിട്ട് നാലര മണിയോടെ കണ്‍വന്‍ഷന്‍ ഹാളിന്റെ ലോബിയില്‍ ആര്‍പ്പുവിളികളുയര്‍ത്തിയോടെ ത്രിദിന മഹോത്സവത്തിനു തുടക്കമായി. അതോടെ ചെണ്ടമേളം ആരംഭിച്ചു. പ്രകമ്പനം കൊള്ളിച്ച ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തില്‍ ഫോമ നേതാക്കളും അസോസിയേഷനുകളും സംഘടനാ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നു. ഇരുനൂറോളം വനിതകള്‍ അണിനിരന്ന താലപ്പൊലി അപൂര്‍വ്വമനോഹര ദൃശ്യമായി.
ചെണ്ടമേളവും താലപ്പൊലിയും ആര്‍പ്പുവിളികളും കൊണ്ട് ഉത്സവ പ്രതീതി കലര്‍ന്ന അന്തരീക്ഷത്തില്‍ ഘോഷയാത്രയ്ക്ക് ഫോമ പ്രസിഡന്റ് ബന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശിങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍, ജോ. ട്രഷറര്‍ ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവരടക്കം ഭാരവാഹികളും നാട്ടില്‍ നിന്നെത്തിയ എം.എല്‍.എമാരായ രാജു ഏബ്രഹാം, മോന്‍സ് ജോസഫ് തുടങ്ങിയവരും നേതൃത്വം നല്‍കി.
ഫോമയുടെ ബാനറിനു പിന്നാലെ അസോസിയേഷനുകളുടെ ബാനറുകളുമായി പ്രാദേശിക സംഘടനകളും അണിനിരന്നു. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തില്‍ ഹോട്ടലിനു പുറത്ത് ഘോഷയാത്ര സാധ്യവുമല്ലായിരുന്നു.
ഘോഷയാത്ര വേദിയില്‍ കടന്നതോടെ വിശിഷ്ടാതിഥികളായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ഫാ. ജോസഫ് പുത്തന്‍പുരയില്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവരുമെത്തി.
തുടര്‍ന്നു ഇരുനൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിര സുന്ദര ദൃശ്യമായി. വിശാലമായ കണ്‍വന്‍ഷന്‍ ഹാളില്‍ വൈദ്യുത ദീപങ്ങള്‍ക്കു താഴെ നടന്ന തിരുവാതിര കാവ്യമനോഹരമായി. ക്യാമറയില്‍ പതിയുന്ന ഓരൊ ദ്രുശ്യവും രവിവര്‍മ്മ ചിത്രത്തിനെ ചാരുത കലര്‍ന്നതായിരുന്നു.
തിരുവാതിര കഴിഞ്ഞപ്പോഴേയ്ക്കും സ്ഥലത്തെത്തിയ മുഖ്യാതിഥി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ സ്റ്റേജിലേക്കാനയിച്ചു.
ഇതാദ്യമായി രൂപംകൊടുത്ത ഫോമ പതാക പ്രസിഡന്റ് ബന്നി വാച്ചാച്ചിറയും, മന്ത്രി അല്‍ഫോന്‍സും ചേര്‍ന്നു ഉയര്‍ത്തി. ഇന്ത്യ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ നിറങ്ങളും ഫോമ എംബ്ലവും ചേര്‍ന്നതാണ് പതാക. മൂന്നു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചതൊടേ ഉദ്ഘാടന യോഗം ആരംഭിച്ചു