ന്യൂയോര്‍ക്ക്: കാഴ്ചപ്പാടുകളിലെ പുതുമയും മികവുറ്റ പ്രവര്‍ത്തനത്തിനുള്ള താത്പര്യവും യുവത്വത്തിന്റെ വലിയ പ്രാതിനിധ്യവും അവതരിപ്പിച്ചു കൊണ്ട് ഫോമാ ഇലക്ഷനില്‍ഫിലിപ്പ് ചാമത്തില്‍ നേതൃത്വം നല്‍കുന്ന ഡാലസ് ടീം നയപരിപാടികളുമായി രംഗത്ത്. സംഘടനയെ അടുത്ത തലത്തിലേക്കുയര്‍ത്താനുള്ള കാര്യശേഷിയും സേവന സന്നദ്ധതയുമുള്ള ടീം രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കുകയും ചെയ്തു.
നേരത്തെ സ്വതന്ത്രനായി മത്സരിക്കുന്നു എന്ന നിലപാട് എടുത്ത ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോസ് ഏബ്രഹാം ഡാലസ് ടീമിന്റെ ഭാഗമായി പൊതുരംഗത്ത് വന്നതും പുതുമയായി.
ഇന്ത്യാ പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ രാജധാനി ഹോട്ടലില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മനസു തുറന്നപ്പോള്‍ പുതിയ ആശയങ്ങളുംഅവതരിപ്പിക്കപ്പെട്ടു
പ്രചാരണമാരംഭിച്ച ശേഷം എല്ലാ നഗരങ്ങളിലുമെത്തി ഫോമ പ്രവര്‍ത്തകരെ കണ്ടത് വലിയൊരു അനുഭവമായി ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. പുതുതായി ധാരാളം സുഹൃത്തുക്കളുണ്ടായി. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടെത്തി.
ഫോമയുടെ ചരിത്രത്തിലാദ്യമായി ട്രഷറര്‍ സ്ഥാനാര്‍ഥി മറ്റൊരു സ്റ്റേറ്റില്‍നിന്നാണ്. മലയാളികള്‍ കൂടുതലുള്ള എല്ലാ സ്ഥലങ്ങള്‍ക്കും ആറംഗ എക്സിക്യൂട്ടീവില്‍ പ്രാതിനിധ്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. മികവുറ്റ ടീമിനെ അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ട്.
എതിര്‍ സ്ഥാനാര്‍ഥികളുടെ കുറ്റവും കുറവും പറയുക തങ്ങളുടെ ലക്ഷ്യമല്ല. മല്‍സരാര്‍ഥികളുടെ മുന്‍ കാലപ്രവര്‍ത്തനവും കഴിവും വോട്ടര്‍മാര്‍ വിലയിരുത്തട്ടെ. വോട്ടര്‍മാരുടേ തീര്‍പ്പ് എന്തായാലും പരിഭവമൊന്നുമില്ലാതെ അംഗീകരിക്കും. സംഘടനയുടെ നന്മയ്ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇലക്ഷനിലെ മത്സരവും, വാക്പോരുകളുമൊന്നും മനസില്‍ സൂക്ഷിച്ചു വയ്ക്കില്ല.
ഫോമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ടെക്സസ് യൂണിവേഴ്സിറ്റിയില്‍ 200-ല്‍പ്പരം വിദ്യാര്‍ഥികളെ അംഗങ്ങളാക്കി സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ചത്. ഒരു ഡസനിലേറെ പരിപാടികള്‍ അവിടെ നടത്തി. ഓണവും ക്രിസ്മസും ആഘോഷിച്ചതു മാത്രമല്ല, ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങിയവയും നടത്തി. ഫോമയുടെ യംഗ് പ്രൊഫണല്‍ സമ്മിറ്റും അവിടെ നടത്താനായി. കണ്‍വന്‍ഷന്‍ ഡാളസില്‍ വന്നാല്‍ പ്രവര്‍ത്തന നിരതരായി ഇരൂനൂറില്‍പ്പരം യുവജനത തയാറായി നില്‍ക്കുന്നു. പത്തു യൂണിവേഴ്സിറ്റികളില്‍ ഇത്തരം സംഘടന രൂപീകരിച്ചാല്‍ തന്നെ 2000 പേരായി. അതു ചെറിയ കാര്യമല്ല.
ചെലവ് കുറച്ച് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്ന കണ്‍വന്‍ഷന്‍ ഡാളസില്‍ നടത്താമെന്നു ചാമത്തില്‍ പറഞ്ഞു. 1996-ല്‍ അയ്യായിരത്തില്‍പ്പരം പേര്‍ ഡാളസ് കണ്‍വന്‍ഷന് ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ഡാളസില്‍ മലയാളി ജനസംഖ്യ വലിയ തോതില്‍ ഉയര്‍ന്നു. 25000 കുടുംബങ്ങളെങ്കിലും അവിടെ ഉണ്ട്. നാലംഗ കുടുംബത്തിന് ഇപ്പോള്‍ 1600 ഡോളര്‍ രജിസ്ട്രേഷനും യാത്രാചെലവും എല്ലാം ആകുമ്പോള്‍ കുറഞ്ഞത് 5000 ഡോളറെങ്കിലും ചെലവിടേണ്ടി വരുന്നു എന്നത് നിസാര കാര്യമല്ല. ഒരുപാട് പേര്‍ക്ക് അത് വഹിക്കാന്‍ കഴിയില്ല. അതിനാലാണ് ചെലവു കുറഞ്ഞ കണ്‍ വന്‍ഷന്‍ ലക്ഷ്യമിടുന്നത്
വര്‍ഷങ്ങളായിഹെല്ത്ത് കെയര്‍ രംഗത്ത് ബിസിനസ് ചെയ്യുന്ന തനിക്ക് ബിസിനസ്രംഗത്തുനിന്നുതന്നെ സ്പോണ്‍സര്‍ഷിപ്പ് കണ്ടെത്താനാകും. ഇപ്പോള്‍ തന്നെ ധാരാളം വാഗ്ദാനങ്ങള്‍ വന്നിട്ടുണ്ട്. അതൊക്കെ ലഭിക്കുമ്പോള്‍ ചെലവു കുറഞ്ഞ കണ്‍വന്‍ഷന്‍ സാധ്യമാണ്.
താനുള്‍പ്പെടുന്ന സതേണ്‍ റീജീയനില്‍ നിന്നും 70-ല്‍പ്പരം രജിസ്ട്രേഷനുണ്ട്. രജിസ്ട്രേഷനില്ല എന്ന ആക്ഷേപം പ്രചരിപ്പിച്ചപ്പോള്‍ മറുപടി പറയേണ്ടെന്നാണ് കരുതിയത്. ആ ആരോപണം മറുപടി അര്‍ഹിക്കുന്നില്ല.
മലയാളികള്‍ വിവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഒന്നാം തലമുറ റിട്ടയര്‍ചെയ്തു കൊണ്ടിരിക്കുന്നു.അവര്‍ക്ക്എന്തൊക്കെ ആനുകൂല്യങ്ങള്‍ ലഭ്യമാണെന്നും ഏതെല്ലാം തരത്തിലുള്ള മെഡിക്കല്‍ കെയറുകളും മറ്റും ഉപയോഗിക്കണമെന്നുമൊക്കെയുള്ള ബോധവത്കരണം ആവശ്യമാണ്. ഇതിനായി എല്ലായിടത്തും സെമിനാറുകളും മറ്റും സംഘടിപ്പിക്കും. ജോസ് ഏബ്രഹാമിനെ പോലെയുള്ള സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ഉപകരിക്കും. എച്ച് 1 വിസയിലും മറ്റും വരുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളും മുന്നിലുണ്ട്. നഷ്വില്ലില്‍ നിന്നുള്ള സാം ആന്റോയുടെ നേതൃത്വത്തിലുള്ള യുവജന പ്രസ്ഥാനവുമായി കൈകോര്‍ത്ത് ഇത്തരം കാര്യങ്ങളില്‍ ഫോമയും സജീവമാകും. ഇതിനായി നല്ല ടീമിനെ വാര്‍ത്തെടുക്കും.
മുഖ്യാധാരാ രാഷ്ട്രീയമാണ് മറ്റൊരു ലക്ഷ്യം. ഒന്നാം തലമുറയ്ക്ക് പല പരിമിതികളുമുണ്ട്. രണ്ടാം തലമുറയ്ക്ക് അതില്ല. അതിനാല്‍ അവരെ പ്രോത്സാഹിപ്പിക്കണം. അതുപോലെ പൗരത്വമുള്ള എല്ലാവരേയും വോട്ടര്‍മാരാക്കുകയും, വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിക്കുകയും ദൗത്യമായി ഏറ്റെടുക്കും.
സൗഹൃദപരമായ മത്സരം മാത്രമേ തങ്ങള്‍ ഉദ്ദേശിക്കുന്നുള്ളൂ. ഇലക്ഷനുശേഷവും തമ്മില്‍ കാണേണ്ടവരാണ്- ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. രണ്ടു വര്‍ഷഠെ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ട് മാത്രമായിരിക്കും കണ്‍ വന്‍ഷന്‍.
കഴിഞ്ഞ ഇലക്ഷനു ശേഷം ആറുമാസം കഴിഞ്ഞപ്പോള്‍ താന്‍ സെക്രട്ടറി സ്ഥാനാര്‍ഥിയായി പ്രഖ്യാപനം ഇറക്കിയിരുന്നതായി ജോസ് ഏബ്രഹാം ചൂണ്ടിക്കാട്ടി. അന്ന് സെക്രട്ടറി സ്ഥാനത്തേക്ക് എതിരാളികള്‍ ഇല്ലായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു പേര്‍ വന്നപ്പോള്‍ താന്‍ നിഷ്പക്ഷത പാലിക്കുകയയിരുന്നു.
എന്നാല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ഥി ഒരു ജനറല്‍ സെക്രട്ടറി സ്ഥനാര്‍ഥിയെ അവതരിപ്പിച്ചു. അപ്പോള്‍ പിന്നെ മനപ്പൊരുത്തവും ഐക്യവുമുള്ള ടീമിനൊപ്പം നല്ക്കാന്‍ തീരുമാനിച്ചു. പാനലിലുപരിയുള്ള ഐക്യബോധമാണ് തങ്ങളെ ഒന്നിപ്പിച്ചത്.
ന്യൂയോര്‍ക്ക് നഗരത്തില്‍ താമിസിക്കുന്ന തനിക്ക് ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ വരുന്നതിനോട് എതിര്‍പ്പില്ല. പക്ഷെ അതിനു ന്യൂയോര്‍ക്കിലുള്ള സംഘടനകള്‍ ഒരുങ്ങിയിട്ടുണ്ടോ എന്നു സംശയമുണ്ട്. നേതൃത്വത്തില്‍ വരുന്നവര്‍ക്ക് എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകാന്‍ കഴിയണം. ആ റീജിയനിലുള്ള എല്ലാ സംഘടനകളേയും കൂടെ കൂട്ടണം. ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. നേരേ മറിച്ച് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണിലും മറ്റും ശശിധരന്‍നായര്‍ അടക്കമുള്ള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ടു വന്നിരിക്കുന്നു. ചാമത്തിലിനു വലിയ ജനപിന്തുണയുണ്ട്. നല്ല ബന്ധങ്ങളുണ്ട്. വ്യക്തമായ അജണ്ടയുണ്ട്.
നഷ്ടം വരാതെ കണ്‍വന്‍ഷന്‍ നടത്താമെന്നു ട്രഷറര്‍ സ്ഥാനാര്‍ഥി റെജി ചെറിയാന്‍ (അറ്റ്ലാന്റ) പറഞ്ഞു. ഇപ്പോഴത്തെ ഭരണ സമിതി മിച്ചം വെയ്ക്കുന്നതിന്റെ ഇരട്ടി തുക മിച്ചം വെച്ചായിരിക്കും തങ്ങള്‍ പടിയിറങ്ങുക. അതുപോലെ ജയിച്ചാല്‍ ഫോമയ്ക്ക് ഒരു ആസ്ഥാനം എന്നതും ലക്ഷ്യമാണ്. അത് എവിടെ വേണമെന്ന് തീരുമാനിക്കേണ്ടത് നാഷണല്‍ കമ്മിറ്റിയാണ്.
മയാമി കണ്‍വന്‍ഷനില്‍ വച്ചാണ് നാഷണല്‍ കമ്മിറ്റിയിലേക്ക് വരുന്നതെന്ന് ജോ. സെക്രട്ടറി സ്ഥാനാര്‍ഥി രേഖാ നായര്‍ (ന്യു യോര്‍ക്ക്) ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വനിതാ ഫോറം സെക്രട്ടറിയായി. ഒട്ടേറെ നല്ല കാര്യങ്ങള്‍ വനിതാ ഫോറത്തിന് ചെയ്യാനായി. അവ തുടരുകയാണ് ലക്ഷ്യം. അതുപോലെ കൂടുതല്‍ വനിതകളെ സംഘടനയിലേക്ക് കൊണ്ടുവരികയും ലക്ഷ്യമിടുന്നു- രേഖാ നായര്‍ ചൂണ്ടിക്കാട്ടി.
ആനന്ദന്‍ നിരവേല്‍ പ്രസിഡന്റും, ഷാജി എഡ്വേര്‍ഡ് സെക്രട്ടറിയുമായിരുന്ന കാലത്ത് പി.ആര്‍.ഒ എന്ന നിലയില്‍ റീജണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു മുറി നിര്‍മിച്ച് നല്‍കാന്‍ മുന്‍കൈ എടുത്ത കാര്യം ജോസ് ഏബ്രഹാം അനുസ്മരിച്ചു. 135,000 ഡോളറിന്റെ പദ്ധതിയായിരുന്നു അത്. ഇപ്പോള്‍ പല പ്രൊജക്ടുകളും മനസ്സിലുണ്ട്. ഒരു യൂത്ത് കണ്‍വന്‍ഷനാണ് ആദ്യം ലക്ഷ്യമിടുന്നത്. അതു ന്യൂയോര്‍ക്കിലാകാം. നഗരത്തില്‍ പറ്റില്ലെന്നറിയാമെന്നതിനാല്‍നഗരത്തിനു പുറത്തു നടത്തും. ഉന്നത നേതാക്കളെ പ്രാസംഗീകരായി കൊണ്ടുവരും.
ഇരു പാനലില്‍ നിന്നും ഉള്ളവര്‍ വിവിധ സ്ഥാനങ്ങളിലേക്ക് വിജയിച്ചാല്‍ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കുമെന്ന ചോദ്യത്തിനു പാനലിലുള്ളവര്‍ തോല്‍ക്കുന്ന അവസ്ഥ പ്രതീക്ഷിക്കുന്നില്ലെന്നു ജോസ് ഏബ്രഹാം പറഞ്ഞു.
ഫോമയുടെ തുടക്കം മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിന്‍സെന്റ് ബോസ് മാത്യു ചൂണ്ടിക്കാട്ടി. നാലു വര്‍ഷം മുമ്പ് ഏഴു വോട്ടിനാണ് ഇതേ സ്ഥാനത്തേക്ക് വിന്‍സന്‍ പാലത്തിങ്കലിനോട് പരാജയപ്പെട്ടത്. പക്ഷെ പരാജയം തന്നെ ബാധിക്കുകയുണ്ടായില്ല. ഫോമ തന്റെ കുടുംബം പോലെയാണ്. പല സ്ഥലങ്ങളിലും യാത്ര ചെയ്തപ്പോള്‍ പഴയ സുഹൃത്തുക്കളെ കണ്ടു. ഡങ്കിന്‍ ഡോണട്സിലും മറ്റും ജോലി ചെയ്യുന്നവര്‍ കണ്‍വന്‍ഷന് വരാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി. അതിനാല്‍ ചെലവ് കുറഞ്ഞ കണ്‍വന്‍ഷന്‍ ആവശ്യമാണ്. 35 വര്‍ഷമായി ബസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് സ്പോണ്‍സര്‍മാരെ കണ്ടെത്താനാകും.
ഫോമ തുടക്കം മുതല്‍ നാട്ടില്‍ നിന്നു സാഹിത്യകാരന്മാരേയും പത്രക്കാരേയും കൊണ്ടുവരാന്‍ വിമുഖത കാണിക്കുന്ന കാര്യം പ്രിന്‍സ് മാര്‍ക്കോസ് ചൂണ്ടിക്കാട്ടി. ഫൊക്കാന ഇപ്പോഴും പഴയ പാരമ്പര്യം തുടരുന്നുണ്ട്. തങ്ങള്‍ ജയിച്ചാല്‍ സാഹിത്യത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കുമെന്നു ചാമത്തിലും ജോസ് ഏബ്രഹാമും പറഞ്ഞു. അതിന്റെ ചുമതല പ്രിന്‍സിനെ ഏല്‍പിക്കുകയും ചെയ്യും.
യുവജനങ്ങള്‍ക്ക് സംഘടനയില്‍ ഇനിയും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നു ജോയിന്റ് ട്രഷററായി മത്സരിക്കുന്ന ജോസ് സെബാസ്റ്റ്യന്‍ (ഫ്‌ളോറിഡ) പറഞ്ഞു. സംഘടനയില്‍ പൊളിറ്റിക്സും മറ്റും കൂടിയാല്‍ രണ്ടാം തലമുറ വരാന്‍ മടിക്കും.
ഇലക്ഷനോട് ബന്ധപ്പെട്ട് കേസിനുള്ള സാധ്യത ഉണ്ടല്ലോ എന്ന ചോദ്യത്തിന് അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നു ചാമത്തില്‍ പറഞ്ഞു. ഭാരവാഹികളും ഇലക്ഷന്‍ കമ്മീഷണര്‍മാരുമാണ് അതു കൈകാര്യം ചെയ്യേണ്ടത്.
തോല്‍ക്കാനല്ല തങ്ങള്‍ മത്സരിക്കുന്നത് എന്നു കരുതി തോറ്റാല്‍ സംഘടനയില്‍ നിന്നു മാറി നില്‍ക്കുകയില്ല. ഒരുമയോടെ പ്രവര്‍ത്തിക്കും- അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസ് ക്ലബ് അംഗം സജി ഏബ്രഹാം സ്വാഗതവും പ്രിന്‍സ് മാര്‍ക്കോസ് നന്ദിയും പറഞ്ഞു. ബിനു തോമസ്, അരുണ്‍ കോവാട്ട്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്ര സമ്മേളനത്തിനു ശേഷം ഡാലസിനെ അനുകൂലിക്കുന്നവരുടെ യോഗം നടന്നു. ഡാലസ് ടീമിനുള്ള ജന പിന്തുണ തുറന്നു കാട്ടുന്നതായിരുന്നു സമ്മേളനം