ചിക്കാഗോ: ഫോമ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ (വെള്ളി) ഇലക്ഷന്‍ ആയിരുന്നു മുഖ്യ കലാപരിപാടി. അതിനാല്‍ മെയിന്‍ സ്റ്റേജില്‍ നടന്ന മികച്ച പരിപാടികളിലൊന്നായ ബിസിനസ് സെമിനാര്‍, രാഷ്ട്രീയ അവലോകന മീറ്റിംഗ്, ചിരയരങ്ങിനു പകരം വന്ന ചിരിയും ചിന്തയും തുടങ്ങിയവക്കൊക്കെ പതിവ് ജനക്കൂട്ടം ഇല്ലാതെപോയി. സമയം വൈകിയതിനാല്‍ സ്റ്റീഫന്‍ ദേവസിയുടെ സംഗീത പരിപാടി ഇന്നത്തേക്ക് മാറ്റി.
കണ്‍വന്‍ഷനില്‍ സാധാരണ ഏറ്റവും മനോഹരമായി മാറുന്ന മിസ് ഫോമ മത്സരം ഇത്തവണ പഴയ നിലവാരത്തിലേക്കുയര്‍ന്നില്ല. പങ്കെടുത്തത് 10 പേര്‍ മാത്രം. എന്നാല്‍ 13 പേര്‍ പങ്കെടുത്ത വനിതാരത്നം പരിപാടി മികച്ചതായി മാറുകയും ചെയ്തു. മലയാളി മന്നന്‍ മത്സരമാകട്ടെ പങ്കെടുത്തവരുടെ അത്യുജ്വല പ്രകടനം കൊണ്ട് നിറഞ്ഞ കൈയ്യടി നേടി. പ്രതിഭകള്‍ക്ക് പ്രായമോ, അമേരിക്കയിലാണെന്നതോ കുറവല്ലെന്നു വ്യക്തമായി.
ഇലക്ഷനില്‍ പ്രതീക്ഷയ്ക്കു വിപരീതമായി രണ്ടു പാനലില്‍ നിന്നുമുള്ള മൂന്നു പേര്‍ വീതം വിജയിച്ചു. ട്രഷറര്‍ സ്ഥാനാര്‍ഥി ഷിനു ജോസഫ് ആകട്ടെ മൂന്നാംവട്ടം കൗണ്ടിംഗില്‍ ഒരു വോട്ടിനാണ് വിജയിച്ചത്.
ഇലക്ഷന്‍ കമ്മീഷന്‍ മികച്ച രീതിയില്‍ ഇലക്ഷന്‍ നടത്തിയിട്ടും 10 വോട്ട് അസാധുവായി പോയി എന്നത് ഒരു കുറവുമായി. വെറുതയല്ല നാം മുഖ്യാധാരാ രാഷ്ട്രീയത്തിലൊന്നും വിജയിക്കാതെ പോകുന്നത്.
ചില സ്ഥാനാര്‍ഥികളുടെ പരാജയം അപ്രതീക്ഷിതമായിരുന്നു. ഫോമയിലും ജാതി-മത ചിന്ത വച്ചാണോ നാം വോട്ട് ചെയ്യുന്നത്? എങ്കില്‍ അതു നിന്ദ്യം തന്നെ. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞതുപോലെ ഇത് മതേതരത്വത്തിന്റേയും മാനവീകതയുടേയും വേദിയാണ്. മലയാളിയേയുള്ളൂ, ക്രിസ്ത്യാനിയും ഹിന്ദുവുമില്ല.