അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പല രംഗങ്ങളില്‍ ശ്രദ്ധേയരായ പലരുമുണ്ടെങ്കിലും രേഖാ നായരെപ്പോലെ മറ്റൊരാളില്ല. സ്വകാര്യ അഹങ്കാരം എന്നൊക്കെ പലരേയും വിശേഷിപ്പിക്കുമെങ്കിലും രേഖാ നായരാണ് സ്വകാര്യമായും അല്ലാതെയുംള്ള അഹങ്കാരം. പാക്കനാര്‍ പറഞ്ഞപോലെ 'എല്ലാ തമ്പ്രാക്കളും തമ്പ്രക്കാള്‍, ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍' എന്ന കഥപോലെ (ഐതിഹ്യമാലക്കു കടപ്പാട്). നിസ്വാര്‍ത്ഥ സേവനമനുഷ്ഠിക്കുന്നവരും മറ്റുള്ളവരെപ്പറ്റി കരുതലുള്ളവരും പലരുണ്ട്. പക്ഷെ ആരും രേഖാ നായര്‍ക്കൊപ്പമില്ല.
അങ്ങനെയൊരാള്‍ ഫോമ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ഒരു ഇലക്ഷനില്ലാതെ തന്നെ വിജയം അര്‍ഹിക്കുന്നു. പ്രത്യേകിച്ച് ഫോമ വനിതാഫോറം സെക്രട്ടറി എന്ന നിലയില്‍ നടത്തിയ തിളങ്ങുന്ന പ്രവര്‍ത്തനങ്ങളുടെ ചരിത്രം കൂടെയുള്ളപ്പോള്‍
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയതുകൊണ്ടാണ് മത്സരം നേരിടേണ്ടി വന്നതെന്ന വാദത്തില്‍ കഴമ്പില്ലെന്നു രേഖ പറയുന്നു. വനിതാ ഫോറം സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അടുത്ത സ്ഥാനത്തേക്ക് ശ്രദ്ധിക്കന്‍ താത്പര്യം തോന്നിയില്ല. അതുപോലെ വനിതാ ഫോറം സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം ജനം അംഗീകരിക്കുകയും ജനപിന്തുണയുണ്ടെന്നു വ്യക്തമാകുകയും ചെയ്തപ്പോഴാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. അതിനു മുമ്പ് അത് ചെയ്യുന്നത് അനുചിതമായി തോന്നി.
ന്യൂയോര്‍ക്കില്‍ ആയിട്ടും ന്യൂയോര്‍ക്ക് കണ്‍വന്‍ഷനെ അനുകൂലിക്കുന്നില്ല എന്നു പറയുന്നതും ശരിയല്ല. ന്യൂയോര്‍ക്കിലെ സംഘടനകളെയൊക്കെ അണിനിരത്തി ഒന്നിച്ചുപോകാന്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ പിന്തുണയില്ലാത്ത ഒരാള്‍ ഇവിടെ കണ്‍വന്‍ഷന്‍ എങ്ങനെ നടത്തും?
വനിതാ ഫോറം തുടങ്ങിവെച്ച നഴ്സിംഗ് സ്‌കോളര്‍ഷിപ്പ്, പാലിയേറ്റീവ് കെയര്‍ പ്രോഗ്രാം തുടങ്ങിയവയൊക്കെ തുടരണമെന്നാണ് തന്റെ ആഗ്രഹം. ജോ. സെക്രട്ടറിയായി വിജയിച്ചാല്‍ അവ തുടരാന്‍ കഴിയുമെന്നതും മത്സരിക്കാന്‍ കാരണമായി.
അതുപോലെ വനിതകളേയും രണ്ടാം തലമുറയേയും ഫോമയിലേക്ക് കൊണ്ടുവരാന്‍ തന്നെപ്പോലുള്ളവര്‍ക്ക് കഴിയും. ഇവിടെ ജനിച്ചുവളര്‍ന്ന തലമുറയുടെ ഭാഗമാണ് താനും. ചെറുപ്പക്കാരും, സ്ത്രീകളും കൂടുതലായി വരുന്ന ഫാമിലി കണ്‍വന്‍ഷനാണ് ഫോമ ലക്ഷ്യമിടേണ്ടത്.
വീട്, ഔദ്യോഗിക ജീവിതം ഇവയൊക്കെ കഴിഞ്ഞ് സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് സമയമുണ്ടോ എന്നതിനും രേഖയ്ക്ക് ഉത്തരമുണ്ട്. സംഘടനാ പ്രവര്‍ത്തനം ഒരു 'ചോയ്സ്' ആണ്. വീടും ജോലിയും ഒന്നും പ്രശ്നമല്ല- താത്പര്യമുണ്ടെങ്കില്‍. പലര്‍ക്കും അതുണ്ടാവില്ല. സമയവും കാണില്ല. തനിക്ക് സംഘടനാ പ്രവര്‍ത്തനത്തിന് മനസ്സുണ്ട്. അതിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഭര്‍ത്താവെന്നതും പ്രധാനമാണ്.
ഫിലിപ്പ് ചാമത്തില്‍ പല നല്ലകാര്യങ്ങളും ചെയ്തതായി അറിയാം. ഫോമ സ്റ്റുഡന്റ്സ് ഫോറം രൂപീകരിച്ചത് സുപ്രധാനമാണ്.
ഇലക്ഷനില്‍ വ്യക്തിപരമായി ശരി എന്നു തോന്നിയതാണ് താന്‍ ചെയ്തിട്ടുള്ളത്. സ്വയം വലിയ സംഭവമാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. അന്താരാഷ്ട്ര കാര്യങ്ങളൊന്നുമല്ല, പ്രാദേശിക കാര്യങ്ങളിലാണ് താന്‍ ശ്രദ്ധവയ്ക്കുക.
താന്‍ വിജയിച്ചാല്‍ ആരുടെകൂടെ പ്രവര്‍ത്തിക്കാനും മടിയില്ല.
വനിതാഫോറം പ്രസിഡന്റ് ഡോ. സാറാ ഈശോ മികച്ച നേതൃത്വഗുണമുള്ള വ്യക്തിയാണ്. താന്‍ ജയിച്ചാല്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ നിര്‍ബന്ധിക്കും.
ന്യൂയോര്‍ക്കില്‍ ജനിച്ച് വളര്‍ന്ന രേഖാനായര്‍ മൗണ്ട് വെര്‍നോന്‍ ഹൈസ്‌ക്കൂളിലാണ് പഠിച്ചത്. ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ബിസിനസ്സില്‍ ബിരുദവും എച്ച് ആര്‍ മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും സ്വന്തമാക്കി. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മലയാളികള്‍ മലയാളം സംസാരിക്കാത്ത സാഹചര്യത്തില്‍ രേഖാ നായര്‍ മാതൃഭാഷയില്‍ സംസാരിക്കുന്നതും എഴുതുന്നതും ഏവരേയും അത്ഭുതപ്പെടുത്തും. മലയാളത്തിലെ ഈ പ്രാവീണ്യം കൊണ്ടാണ് ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, മഴവില്‍ എഫ്.എം റേഡിയോ തുടങ്ങിയ സ്ഥാപനങ്ങളില്‍ രേഖയ്ക്ക് വാര്‍ത്താ അവതാരക എന്ന നിലയില്‍ തിളങ്ങാനായത്. മികച്ച നര്‍ത്തകി കൂടിയായ രേഖ ഭരതനാട്യം, മോഹിനിയാട്ടം, കഥക്, കഥകളി തുടങ്ങിയവയിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ കലാകേന്ദ്ര എന്ന പേരില്‍ ഡാന്‍സ് സ്‌ക്കൂളും രേഖ നടത്തുന്നുണ്ട്.