ന്യൂയോര്‍ക്ക്: സുഹൃത്തുക്കളെ, 2006-ല്‍ ഫോമ രൂപീകരിച്ചതുമുതല്‍ ഇന്നോളം ഫോമയോടൊപ്പം ആത്മാര്‍ത്ഥതയോടുകൂടി ഞാന്‍ പ്രവര്‍ത്തിച്ചുവരുന്നു. 2008- 10 കാലയളവില്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം ഫോമ എനിക്കു നല്‍കി. ഫോമയുടെ കഷ്ടതകള്‍ നിറഞ്ഞ ആ തുടക്ക കാലയളവില്‍, അന്നത്തെ പ്രസിഡന്റ് ശ്രീ ജോണ്‍ ടൈറ്റസിനും മറ്റു ഭാരവാഹികള്‍ക്കുമൊപ്പം സംഘടനയെ കെട്ടിപ്പെടുക്കാന്‍ ഓടി നടന്ന് എളിയ രീതിയില്‍ ഞാനും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തുടര്‍ന്ന് നാളിതുവരേയും ഫോമയുടെ വളര്‍ച്ചയില്‍ അതിനോടൊപ്പം സഞ്ചരിക്കുവാനും എനിക്കു സാധിച്ചിട്ടുണ്ട്. ഫോമ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായി മാറിയിരിക്കുന്നു.!! നമുക്കതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാം.!! അതോടൊപ്പം ഈ വളര്‍ച്ചയില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച എല്ലാ മുന്‍ പ്രസിഡന്റുമാരേയും, മുന്‍ ഭാരവാഹികളേയും നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. !!
2015-ല്‍ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ ജനറല്‍ബോഡിയാണ് ന്യൂയോര്‍ക്കില്‍ കണ്‍വന്‍ഷന്‍ നടത്തണമെന്നും, ഞാന്‍ പ്രസിഡന്റായി മത്സരിക്കണമെന്നുമുള്ള തീരുമാനം എടുത്തത്. അതനുസരിച്ച് 2018- 20 വര്‍ഷത്തേക്കുള്ള പ്രസിഡന്റായി ഞാന്‍ മത്സരിക്കുകയാണ്. എന്നേയും എന്നോടൊപ്പം ന്യൂയോര്‍ക്കില്‍ മികച്ചൊരു കണ്‍വന്‍ഷന്‍ 2020-ല്‍ നടത്തുന്നതിനുള്ള ഉറച്ച പിന്തുണ നല്‍കുന്ന, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി മാത്യു വര്‍ഗീസ്, സാമ്പത്തിക അച്ചടക്കവും, കര്‍മ്മ കുശലതയുമുള്ള ട്രഷറര്‍ സ്ഥാനാര്‍ത്ഥി ഷിനു ജോസഫ്, ഫോമയില്‍ മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള വനിതാ നേതാവ്, വൈസ് പ്രസിഡന്റായി മത്സരിക്കുന്ന അന്നമ്മ മാപ്പിളശേരി, കമ്യൂണിറ്റി സേവന രംഗത്ത് മലയാളികള്‍ക്ക് അഭിമാനമായ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി സാജു ജോസഫ്, കാര്യക്ഷമതയും ചുറുചുറുക്കും കൈമുതലായുള്ള ജോ. ട്രഷറര്‍ സ്ഥാനാര്‍ത്ഥി ജയിന്‍ മാത്യു എന്നിവരേയും വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളെ തെരഞ്ഞെടുത്താല്‍ ആത്മാര്‍ത്ഥതയോടും, സത്യസന്ധതയോടും, എല്ലാവരേയും വിശ്വാസത്തിലെടുത്തുകൊണ്ട് പ്രവര്‍ത്തിച്ച് ഫോമയെ വളര്‍ച്ചയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന് അക്ഷീണം പ്രയത്‌നിക്കുമെന്നു ഞങ്ങള്‍ വാക്ക് തരുന്നു. അതോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന തരത്തില്‍ വലിയൊരു കണ്‍വന്‍ഷന്‍ നടത്തുമെന്ന് ഉറപ്പുതരുവാനും ഈ അവസരം ഉപയോഗിക്കട്ടെ.
നാളിതുവരെ നിങ്ങള്‍ നല്‍കിവരുന്ന സ്‌നേഹത്തിനും സഹകരണങ്ങള്‍ക്കും ന്യൂയോര്‍ക്ക് 2020 ടീമിന്റെ പേരില്‍ ആത്മാര്‍ത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളട്ടെ.
ജയ് ഫോമ!!