ഫ്‌ളോറിഡ: ഫോമാ വിമന്‍സ് ഫോറം സണ്‍ഷൈന്‍ റീജിയണ്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ്.
ഫോമാ നാഷണല്‍ വിമന്‍സ് ഫോറം നടത്തിയ ചാരിറ്റി പ്രോജക്ടുകളില്‍ സജീവമായി പങ്കെടുക്കുന്നതോടൊപ്പം തന്നെ, തങ്ങളുടെ പ്രവര്‍ത്തനമേഖല അമേരിക്കയിലെ ദുരിതമനുഭവിക്കുന്ന സ്ത്രീകളിലേക്കും വ്യാപിപ്പിക്കുവാന്‍ സണ്‍ഷൈന്‍ ചാപ്റ്റര്‍ വിമന്‍സ് ഫോറം അംഗങ്ങള്‍ തീരുമാനിച്ചു. ഡൊമസ്റ്റിക് വയലന്‍സ് മൂലം വീടുകളില്‍നിന്നും പുറത്താക്കപ്പെട്ട നിരാലംബരായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘വിമന്‍ ഇന്‍ ഡിസ്ട്രസ്’എന്ന സംഘടനയ്ക്ക് ധനസഹായം നല്‍കിയാണ് സണ്‍ഷൈന്‍ റീജിയന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡൊമസ്റ്റിക് വയലന്‍സിന് ഇരകളായ ചെറിയ കുട്ടികളെ കേമ്പ്രീകരിച്ചുനടത്തുന്ന ഹാല്‍ ഹെര്‍മന്‍ ഫിലേക്കണ്ടാണ് ഈ തുക നല്‍കിയത്. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് കൗണ്‍സലിംഗ്, താമസസൗകര്യം, വിദ്യാഭ്യാസ സഹായം എന്നീ കാര്യങ്ങള്‍ക്ക് പ്രയോജനമാവുംവിധം ആയിരിക്കും ഇത് വിനിയോഗിക്കുക.
വിമന്‍സ് ഫോറം നാഷണല്‍ ട്രഷറര്‍ ഷീലാ ജോസ്, സണ്‍ഷൈന്‍ റീജിയണ്‍ ചെയര്‍ ജൂണാ തോമസ്, സെക്രട്ടറി അലീഷ്യാ കുറ്റിയാനി, ട്രഷറര്‍ ഡോ. ജഗതി, കമ്മറ്റി അംഗങ്ങളായ റോഷിനി ബിനോയി, ജ്യോതി ജോണ്‍, റിനു ജോണി, സിന്ധു ജോര്‍ജ്, ആഷാ മാത്യു, റോസിലി പനികുളങ്ങര എന്നിവര്‍ ഈ പദ്ധതിക്ക് നേതൃത്വം നല്‍കി. ഫ്‌ളോറിഡയിലെ ബ്രൗഡര്‍ കൗണ്ടി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമന്‍ ഇന്‍ഡിസ്ട്രസ് സെന്റര്‍ വിമന്‍സ് ഫോറം അംഗങ്ങള്‍ സമ്പര്‍ശിക്കുകയും നിരവധിനിരാലംബരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലേകുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയും ചെയ്തു.
മലയാളികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, നാം ജീവിക്കുന്ന സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവരിലേക്കുകൂടി തങ്ങളുടെ സഹായഹസ്തം നീട്ടുവാന്‍ വിമന്‍സ് ഫോറം ഫ്‌ളോറിഡാ ചാപ്റ്റര്‍ കാണിച്ച മാതൃക അഭിനന്ദനം അര്‍ഹിക്കുന്നു.