• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഫോമാ യുവജനോല്‍സവം ഗ്രാന്‍ഡ് ഫിനാലെ ജൂണ്‍ 22ന്, പതിഭകള്‍ക്ക് സിനിമയില്‍ അവസരം

ചിക്കാഗോ: ഫോമായുടെ കലാ പ്രതിബദ്ധതയുടെ വര്‍ണ്ണപ്പകിട്ടായ യുവജനോല്‍സവത്തിന്റെ ഗ്രാന്റ് ഫിനാലെ ഫാമിലി കണ്‍വന്‍ഷനോടനുബന്ധിച്ച് വരുന്ന ജൂണ്‍ 22-ാം തീയതി ഷാംബര്‍ഗ് റെനെയ്‌സന്‍സ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സ്വാമി വിവേകാനന്ദ നഗറില്‍ രാവിലെ എട്ട് മണി മുതല്‍ അഞ്ച് വരെ അരങ്ങേറുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യുവജനോല്‍സവം വിവിധ റീജിയനുകളിലെ അംഗ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ആഘോഷമായി നടത്തിയിരുന്നു. 

 

 

നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളില്‍ ഗ്രൂപ്പായും സിംഗിളായും നടന്ന മല്‍സരങ്ങള്‍ വേറിട്ടു നിന്നു. ഏറെ ആവേശത്തോടെയും വാശിയോടെയുമാണ് കുട്ടികളും യുവജനങ്ങളും യുവജനോല്‍സവത്തില്‍ മാറ്റുരച്ചത്. ഇനി കാത്തിരിക്കുന്ന കലാശ പോരാട്ടവും മറ്റൊരു പ്രഖ്യാപനവും. പ്രമുഖ സംവിധായകന്‍ സിദ്ദിഖാണ് ഗ്രാന്റ് ഫിനാലെയുടെ ജൂറി. കലാശ മല്‍സരത്തില്‍ കലാപ്രതിഭ-കലാതിലകം പട്ടങ്ങള്‍ നേടുന്നവര്‍ക്ക് സിദ്ദിഖിന്റെ സിനിമയില്‍ അവസരം ലഭിക്കുമെന്നതാണ് യുവജനോല്‍സവത്തിന്റെ ഹൈലൈറ്റ്. 

 

ഗ്രൂപ്പ് എ (5-8 വയസ്സുവരെ), ഗ്രൂപ്പ് ബി (9-12 വയസ്സുവരെ), ഗ്രൂപ്പ് സി (13-16 വയസ്സുവരെ), ഗ്രൂപ്പ് ഡി (17-25 വയസ്സുവരെ), ഗ്രൂപ്പ് ഇ (26 തൊട്ട് മുകളിലേയ്ക്ക്). എന്നിങ്ങനെയാണ് മത്സരത്തിന്റെ പ്രായ പരിഗണന. ലളിതഗാനം, ശാസ്ത്രീയ ഗാനം, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രസംഗം, മിമിക്രി, മോണോ ആക്ട്, സ്റ്റാന്‍ഡപ്പ് കോമഡി, ഗ്രൂപ്പ് സോങ്ങ്, ഗ്രൂപ്പ് ഡാന്‍സ്, തിരുവാതിര, ഒപ്പന, മാര്‍ഗം കളി, ചെണ്ടമേളം എന്നിങ്ങനെ മത്സരങ്ങളുടെ വലിയ പട്ടികയുണ്ട്. 

 

കലാ പ്രതിഭയ്കികും കലാ തിലകത്തിനും പ്രോല്‍സാഹന സമ്മാനമായി 1000 ഡോളറും ജൂനിയര്‍ കലാ പ്രതിഭയ്ക്കും കലാ തിലകത്തിനും 500 ഡോളറും ലഭിക്കും. കലാ പ്രതിഭയ്കികും കലാ തിലകത്തിനും സിദ്ദിഖിന്റെ ചിത്രത്തില്‍ അവസരം ലഭിക്കുകയെന്നത് അത്യന്തം സന്തോഷകരമാണെന്നും ഇത് അമേരിക്കന്‍ മലയാളികളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഈടുറ്റ പ്രോല്‍സാഹനവും അംഗീകാരവുമാണെന്നും ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. 

 

മലയാള സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ ചെയ്തിട്ടുള്ള സിദ്ദിഖ് തമിഴിലും ബോളിവുഡിലും തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രശസ്ത നടനും സംവിധായകനുമായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാല്‍ എന്ന പേരില്‍ സംവിധാനം ചെയ്ത സിനിമകളും വന്‍ വിജയമായിരുന്നു. സിദ്ദിഖിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസോസിയേറ്റായാണ് സിദ്ദിഖ് തന്റെ സംവിധാന ജീവിതം തുടങ്ങുന്നത്. കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസില്‍ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേര്‍ക്കുന്നതും.

റാംജിറാവ് സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയാണ് ലാലിനോടൊപ്പം ചെയ്ത ചിത്രങ്ങള്‍. ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്), ബോഡി ഗാര്‍ഡ്, കാവലന്‍ (തമിഴ്), ബോഡിഗാര്‍ഡ് (ഹിന്ദി), ലേഡീസ് & ജെന്റില്‍മാന്‍, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, ഫുക്രി എന്നീ സിനിമകളാണ് ഒറ്റയ്ക്ക് സംവിധാനം ചെയ്തവ. 

 

ഫോമാ റീജിയണല്‍ തലത്തിലെ യുവജനോത്സവ വിജയികള്‍ ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയിട്ടുണ്ട്. അവര്‍ ഫോമാ കള്‍ച്ചറല്‍ കമ്മറ്റിയെയോ റീജിയണല്‍ ഒഫീഷ്യല്‍സിനെയോ, 6-11-2018ന് മുമ്പ് ബന്ധപ്പെടേണ്ടതാണ്. 

 

വിവരങ്ങള്‍ക്ക് 

 

www.fomaa.net

സാബു സ്കറിയ (ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മറ്റി ചെയർമാൻ): 267 980 7923 

ഇമെയിൽ: sackery1@yahoo.com)

ജോമോൻ കുളപ്പുരയ്ക്കൽ (കോഓർഡിനേറ്റർ) : 863 709 4434

 

ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മറ്റി 

സിറിയക്ക് കുര്യൻ 201-723-7997; ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ 248-251-2256;രേഖാ നായർ  347-885-4886; ഷീല ജോസ് 954-643-4214;രേഖാ ഫിലിപ്പ് 267-519-7118; സണ്ണി കല്ലൂപ്പാറ 845-596-0935, സജു ജോസഫ് 510-512-3288; തോമസ് മാത്യൂ 281-450-1410;ജോസ്മോൻ തത്തംകുളം 813-787-1053

Top