സാജു ജോസഫ് (പി.ആര്‍.ഒ)
അമേരിക്കന്‍ മലയാളികളുടെ ജനപ്രിയ ഫെഡറേഷനായ ഫോമായുടെ ചരിത്രപുസ്‌തകത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് അനിയന്‍ ജോര്‍ജ് (പ്രസിഡന്റ്), റ്റി ഉണ്ണികൃഷ്‌ണന്‍ (ജനറല്‍ സെക്രട്ടറി), തോമസ് റ്റി ഉമ്മന്‍ (ട്രഷറര്‍), പ്രദീപ് നായര്‍ (വൈസ് പ്രസിഡന്റ്), ജോസ് മണക്കാട് (ജോയിന്റ് സെക്രട്ടറി), ബിജു തോണിക്കടവില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ നേതത്വം നല്‍കുന്ന ഭരണസമിതിക്ക് അധികാരം കൈമാറി. കോവിഡ് പശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ 24ാം തീയതി വൈകുന്നേരം ന്യൂയോര്‍ക്ക് ടൈം 3ന് ആരംഭിച്ച വെര്‍ച്വല്‍ സൂം മീറ്റിംഗിലായിരുന്നു ഔദ്യോഗികമായ അധികാര കൈമാറ്റം. സംഘടനയുടെ 201820 വര്‍ഷത്തെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് അവതരണം, പുതിയ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നയപ്രഖ്യാപനം, സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്‌ണന്റെ വരുന്ന രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ, ട്രഷറര്‍ തോമസ് ടി ഉമ്മന്റെ ബജറ്റ് അവതരണം തുടങ്ങിയവയായിരുന്നു ഹൈലൈറ്റുകള്‍.
റോഷന്‍ മാമന്റെ ഈശ്വരപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍ ഫോമായുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളുടെ സംക്ഷിപ്‌ത അവലോകനമാണ് ഫിലിപ്പ് ചാമത്തില്‍ നടത്തിയത്. ഫോമായുടെ അംഗസംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹൃദയപൂര്‍വമായ പിന്തുണയോടു കൂടി കോവിഡ് മഹാമാരിക്കിടയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചതായി ഫിലിപ്പ് ചാമത്തില്‍ വ്യക്തമാക്കി.
''കേരളത്തെ ഞെട്ടിച്ച പ്രളയം, ലോകത്തിന് ഭീഷണിയായ കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവര്‍ത്തനം കാഴ്‌ച വയ്‌ക്കാന്‍ 201820 കമ്മിറ്റിക്ക് കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. ഈ രണ്ടു വര്‍ഷക്കാലം സംഭവ ബഹുലമായിരുന്നു. എങ്കിലും ജീവകാരുണ്യ പദ്ധതികള്‍ക്ക് മാത്രമായി ഏകദേശം $300,000 ഡോളര്‍ വിനിയോഗിക്കുകയും അവ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുകയും ചെയ്‌തു. കേരളത്തിലെ മൂന്ന് ജില്ലകളിലായി വിഭാവനം ചെയ്‌ത പ്രളയത്തെ അതിജീവിക്കുന്ന 40 വീടുകളുടെ ഫോമാ വില്ലേജ് പ്രോജക്ടാണ് പ്രവര്‍ത്തന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം. 36 വീടുകള്‍ പൂര്‍ണമായും നിര്‍മിച്ചു കഴിഞ്ഞു. നാല് വീടുകളുടെ നിര്‍മ്മാണം ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാവും. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ആണ് എറ്റവുമധികം വീടുകള്‍ സംഭാവന ചെയ്‌തത്. (ആറ് വീടുകള്‍). ഇതിന്റെ മുഴുവന്‍ പണവും തണല്‍ എന്ന സംഘടനയ്‌ക്ക് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്...'' ഫിലിപ്പ് ചാമത്തില്‍ തുടര്‍ന്നു.
''വൈപ്പിനില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കി. നോയല്‍ മാത്യു മലപ്പുറത്ത് നല്‍കിയ സ്ഥലത്ത് മൂന്ന് വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഫോമാ കേരള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയോട് ചേര്‍ന്ന് 11 വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്. ഈ കമ്മറ്റിയുടെ പ്രവര്‍ത്തന കാലത്ത് ഹൂസ്റ്റണിലെ ജിജു കുളങ്ങരയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരടങ്ങുന്ന 30 അംഗ മെഡിക്കല്‍ ടീമിനെ കേരളത്തിലെത്തിക്കുകയും മൂന്ന് ജില്ലകളിലായി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും ചെയ്‌തു. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ സൗജന്യ ശസ്‌ത്രക്രിയകള്‍ നടത്തി. പ്രളയ കാലത്ത് ഫോമായുടെ ടീം വിവിധ ജില്ലകളില്‍ എത്തി നേരിട്ട് നല്‍കിയ സഹായങ്ങള്‍ അനേകം പേര്‍ക്ക് ആശ്വാസമായി...'' ഫിലിപ്പ് ചാമത്തില്‍ ചൂണ്ടിക്കാട്ടി.
''രേഖാ നായരുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം ശക്തമായ പ്രവര്‍ത്തനമാണ് കാഴ്‌ച വച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ 58 നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഓരേരുത്തര്‍ക്കും 50,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ മാസം നല്‍കുകയും തൊഴിലധിഷ്‌ഠിത പദ്ധതികള്‍ നടപ്പാക്കുകയും ചെയ്‌തു. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായുള്ള സഹകരണം ഉറപ്പാക്കിയതു മൂലം 200ലധികം കോഴ്‌സുകള്‍ക്ക് 15ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇതിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ഏകദേശം എട്ട് മില്ല്യന്‍ ഡോളര്‍ ലാഭിക്കാന്‍ പറ്റി. ഫോമായുടെ ജന്‍മ സ്ഥലമായ ഹൂസ്റ്റണില്‍ 2018 നവംബറില്‍ ഈ സംഘടനയുടെ പത്താം വാര്‍ഷികം പ്രൗഢോജ്വലമായി ആഘോഷിക്കുകയും ഫോമായുടെ എല്ലാക്കാലത്തെയും സാരഥികളെ ആദരിക്കുകയും ചെയ്‌തു. ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായി നടന്ന കേരള കണ്‍വന്‍ഷനിലൂടെ ജന്‍മനാടുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കാനും കഴിഞ്ഞു...'' ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.
ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ സര്‍വ്വവിധ പിന്തുണയും നല്‍കിയ അംഗ സംഘടനകള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അമേരിക്കിന്‍ മലയാളികള്‍ക്ക് പ്രത്യേകിച്ചും തന്റെ ടീമംഗങ്ങള്‍ക്കും ഫിലിപ്പ് ചാമത്തില്‍ നന്ദി പറഞ്ഞു. അനിയന്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും അദ്ദേഹം നേര്‍ന്നു.
തുടര്‍ന്ന് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം 201820 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷിനു ജോസഫ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ക്കാലം ഫോമാ നടത്തിയ എല്ലാപരിപാടികളെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള സമഗ്രമായ റിപ്പോര്‍ട്ടായിരുന്നു ജോസ് എബ്രഹാമിന്റേത്. ഒരു ഇവന്റും വിട്ടുപോകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ മികവാര്‍ന്ന അവതരണ ശൈലി ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. അതുപോലെ ഷിനു ജോസഫിന്റെ കണക്കവതരണവും കൃത്യവും സുതാര്യമായിരുന്നു. 201820 വര്‍ഷത്തെ മൊത്തം വരവ് $3,92,075.86 ഡോളറും ആകെ ചെലവ് $3,77,773.17 ഡോളറുമാണ്. ബാക്കിയുള്ള 14,302.69 ഡോളര്‍ പുതിയ കമ്മിറ്റിയെ ഏല്‌പിക്കുകയും ചെയ്‌തു. ജോയിന്റ് സെക്രട്ടറി സാജു ജോസഫും, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാംപറമ്പിലും സംസാരിച്ചു.
കംപ്ലയന്റ്‌സ് കമ്മിറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് അധികാര കൈമാറ്റ നടപടികളുടെ നിയമാവലി വായിക്കുകയും ഈ ചടങ്ങിന് നേതൃത്വം നല്‍കുകയും ചെയ്‌തു. ഒപ്പം ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാമും ഷിനു ജോസഫും ചേര്‍ന്ന് ന്യൂജേഴ്‌സിയില്‍ സമ്മേളിച്ച പ്രസിഡന്റ് അനിയന്‍ ജോര്‍ജിനും, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ക്കും അധികാര കൈമാറ്റം സംബന്ധിച്ച രേഖകളും, അക്കൗണ്ട് വിശദാംശങ്ങളും കൈമാറി. ജുഡീഷ്യറി കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യൂസ് ചെരുവിലും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസും ഈ സുപ്രധാന ചടങ്ങിന് സാക്ഷികളായി സംസാരിച്ചു.
അടുത്തത് ഒട്ടേറെ കര്‍മ്മ പരിപാടികളും സ്വപ്‌ന പദ്ധകളുമായി ഫോമായുടെ അമരക്കാരനായി നിയോഗിക്കപ്പെട്ട പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നയപ്രഖ്യാപനമായിരുന്നു. ദീര്‍ഘമായി സംസാരിക്കാന്‍ അജണ്ട പ്രകാരമുള്ള സമയം അനുവദിക്കുന്നില്ലെന്നും വരും ദിവസങ്ങളില്‍ ചേരുന്ന മീറ്റിംഗുകളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം എന്ന മുഖവുരയോടെയുമാണ് അനിയന്‍ ജോര്‍ജ് സംസാരിച്ച് തുടങ്ങിയത്.
''അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തില്‍ ഇനിയുമേറെ ആഴ്‌ന്നിറങ്ങണമെന്നുണ്ടെങ്കില്‍ ഇതര സംഘടകളില്‍ നിന്നും വ്യത്യസ്‌തമായ ജനപക്ഷപരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതുണ്ട്. അമേരിക്കന്‍ മലയാളികളോടൊത്ത് അവരുടെ ആവശ്യങ്ങള്‍ അനുസരിച്ച് അവരുടെ സുഖത്തിലും ദുഃഖത്തിലുമെല്ലാമൊപ്പം യാത്ര ചെയ്യുന്ന സംഘടനയാണ് ഫോമാ. ഈ പുതിയ കമ്മിറ്റി ഐക്യത്തോടും പരസ്‌പര ബഹുമാനത്തോടും കൂടി പ്രവര്‍ത്തിക്കും. അംഗസംഘടനകളെയെല്ലാം മനസ്സില്‍ ചേര്‍ത്തുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വയ്‌ക്കും. ചാരിറ്റി, ബിസിനസ്, വനിത, യൂത്ത്, കേരളം എന്നിങ്ങനെ അനവധി മേഖലകളിലേക്ക് കൂടുതള്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കേണ്ടതുണ്ട്...'' അനിയന്‍ ജോര്‍ജ് തുടര്‍ന്നു.
''നാമെല്ലാം ഒന്നാണെന്ന സന്ദേശം ലോകമലയാളികള്‍ക്ക് കൊടുക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ ഒത്തൊരുമിച്ച് ഫോമായുടെ കൊടിക്കീഴില്‍ മുന്നോട്ടു പോകുന്ന കാലഘട്ടമാണ് ഞാന്‍ സ്വപ്‌നം കാണുന്നത്. ഞങ്ങളെ അനുഗ്രഹിക്കുക... ആശീര്‍വദിക്കുക. ഞങ്ങള്‍ക്ക് ഈ ദീപശിഖ കൈമാറിയിരിക്കുന്ന ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേലില്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തില്‍ എന്നിവരുടെ പാത പിന്തുടര്‍ന്നുകൊണ്ട് സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ജനാധിപത്യ സ്വഭാവവും പൂര്‍വാധികം ശക്തിയോടെ ഉറപ്പാക്കാന്‍ ശ്രമിക്കും...'' അനിയന്‍ ജോര്‍ജ് വ്യക്തമാക്കി.
ചടങ്ങില്‍ പുതിയ ജനറല്‍ സെക്രട്ടറി റ്റി ഉണ്ണിക്കൃഷ്‌ണന്‍ ഫോമായുടെ വരുന്ന രണ്ടു വര്‍ഷത്തെ കര്‍മ്മ പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു. ''ഓരോ മൂന്നു മാസം കൂടും തോറും റീജിയണല്‍ മീറ്റിംഗുകള്‍ നിര്‍ബന്ധമായും വിളിച്ചു കൂട്ടും. ഫോമാ ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കാന്‍ പദ്ധതിയിടുന്നു. അത്യാവശ്യ ഘട്ടത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലും ജന്മ നാട്ടിലുമുള്ള ആളുകളെ സഹായിക്കുന്നതിനു വേണ്ടിയാണിത്. ചെറുകിട വന്‍കിട ബിസിനസ്സുകാര്‍ക്ക് ഗുണകരമാകത്തക്കവിധത്തില്‍ രൂപീകരിക്കുന്ന ബിസിനസ് ഫോറത്തിന്റെ ഉദ്‌ഘാടനം ഈ വര്‍ഷം നടത്താമെന്നു പ്രതീക്ഷിക്കുന്നു...'' ജനറല്‍ സെക്രട്ടറി പറഞ്ഞു.
''വിമന്‍സ് ഫോറം നേതാക്കള്‍ കര്‍മ്മനിരതരായിക്കഴിഞ്ഞു, അവരുടെ നേതൃത്വത്തില്‍ സ്‌ത്രീകള്‍ക്കായി യോഗയും മറ്റു ഓണ്‍ലൈന്‍ ക്ലാസ്സുകളും ഉടന്‍തന്നെ ആരംഭിക്കും. അതുപോലെ മുന്‍ കമ്മറ്റികള്‍ നടത്തി വന്ന സ്‌കോളര്‍ഷിപ്പ് പോലെയുള്ള ജനോപകാരപ്രദമായ പരിപാടികള്‍ അതേ നാണയത്തില്‍ തന്നെ തുടരും. ബിസിനസ് രംഗത്ത് വനിതാശാക്തീകരണത്തിനുള്ള സെമിനാറുകള്‍ സംഘടിപ്പിക്കും. എല്ലാ റീജിയണുകളിലും യൂത്ത് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പ്രൊഫഷണല്‍ ഫോറങ്ങളും ഉണ്ടാവും. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഐ.ടി ഫോറവും നേഴ്‌സസ് ഫോറവും രൂപീകരിക്കും. കേരളാ കണ്‍വന്‍ഷന്‍ സംബന്ധിച്ച് തീരുമാനം കോവിഡ് സാഹചര്യങ്ങള്‍ അനുസരിച്ച് എടുക്കുന്നതുമാണ്...'' റ്റി. ഉണ്ണിക്കൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം ട്രഷറര്‍ തോമസ് ടി ഉമ്മന്‍ അവതരിപ്പിച്ച 20202022 വര്‍ഷത്തേക്കുള്ള 1.92 മില്ല്യന്‍ ഡോളറിന്റെ ബജറ്റാണ്. ഫോമായുടെ ചരിത്രത്തിലെ ഈ വലിയ ബജറ്റ് ഫോമായ്‌ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ഏറെ ഗുണകരമാവുമെന്ന് തോമസ് ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ചാല്‍ 2022 ല്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന കണ്‍വന്‍ഷന്‍ നാലുവര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന കണ്‍ വന്‍ഷനായിരിക്കും എന്നതുകൊണ്ട് തന്നെ കണ്‍വന്‍ഷന്റെ പരിപാടികളും പങ്കാളിത്തവും വമ്പിച്ച തോതിലാകുവാനാണ് സാധ്യത. ഇവയെല്ലാം കണക്കിലെടുത്തതാണ് ഫോമായുടെ 1 .92 മില്യന്റെ ബജറ്റ് തയ്യാറാക്കിയതെന്ന് തോമസ് റ്റി ഉമ്മന്‍ പറഞ്ഞു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യോഗത്തില്‍ മുന്‍ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു സ്വാഗതവും പുതിയ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. മൂന്നര മണിക്കൂര്‍ നീണ്ടു നിന്ന മീറ്റിംഗില്‍ 180ലധികം പ്രതിനിധികള്‍ പങ്കെടുത്തു.