• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യയിലേക്ക്‌ കൂടുതല്‍ വിദേശ നിക്ഷേപം; വ്യവസ്ഥകളില്‍ ഇളവ്‌

നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകളില്‍ അയവുവരുത്തിക്കൊണ്ട്‌ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. സിംഗിള്‍ ബ്രാന്‍ഡ്‌ റീട്ടെയ്‌ല്‍ മേഖല, ഡിജിറ്റല്‍ മേഖല, ഉല്‍പാദനമേഖല എന്നിവയിലാണ്‌ വ്യവസ്ഥകള്‍ ലഘൂകരിച്ചിരിക്കുന്നത്‌. ആടി ഉലയുന്ന സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്താനാണു വിദേശനിക്ഷേപ വ്യവസ്ഥകള്‍ ഉദാരമാക്കിയ നടപടിയെന്നു കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍ പറഞ്ഞു.

രാജ്യത്ത്‌ വിദേശ നിക്ഷേപം കൂട്ടുകയാണ്‌ നിക്ഷേപവ്യവസ്ഥകളില്‍ അയവു വരുത്തിയതോടെ ലക്ഷ്യം വയ്‌ക്കുന്നത്‌. ഇതു നിക്ഷേപം, കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കല്‍, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയില്‍ ഏറെ സഹായകരമാകും. കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക്‌ ആകര്‍ഷിക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയല്‍ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഡിജിറ്റല്‍ മീഡിയയില്‍ 26 ശതമാനം വിദേശ നിക്ഷേപമാണ്‌ അനുവദിച്ചിരിക്കുന്നത്‌. കല്‍ക്കരി ഖനനത്തില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിനും സര്‍ക്കാര്‍ അനുമതി നല്‍കി. രാജ്യാന്തര തലത്തില്‍ മികച്ച കല്‍ക്കരി വിപണിയാകാന്‍ ഇതു സഹായകമാകുമെന്നാണ്‌ വിലയിരുത്തല്‍. പ്രാദേശിക ഉല്‍പാദനത്തിനും 100% നേരിട്ടുള്ള നിക്ഷേപത്തിന്‌ അനുമതി നല്‍കി.

രാജ്യത്തു പുതിയതായി 75 മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതായി കേന്ദ്രമന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ അറിയിച്ചു. 2022ഓടെ പുതിയ കോളജുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അതുവഴി 15,700 സീറ്റുകള്‍ അധികം ലഭിക്കുമെന്നും ജാവഡേക്കര്‍ പറഞ്ഞു.

Top