ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിനുള്ള അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്‌ക്കെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ ചൊല്ലി വാദങ്ങളും പ്രതിവാദങ്ങളും നടന്നു കൊണ്ടിരിക്കുന്നതിനിടെ വിധിയെ ന്യായീകരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രംഗത്ത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ കൂടിയായ മുന്‍ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നുവോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതു തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.