കൊച്ചി > കേരളത്തിലെവിടെയുമുള്ള ദുരന്തബാധിത പ്രദേശങ്ങളിലേയ്ക്ക് കെഎസ്‌ആര്‍ടിസി വഴി ബുധനാഴ്‌ച വരെ സഹായമെത്തിക്കാം. ഭക്ഷണം, സോപ്പുകള്‍, പേസ്റ്റുകള്‍, ബക്കറ്റുകള്‍, മഗ്, വാഷിംഗ് സോപ്പ്/പൗഡര്‍, ഡെറ്റോള്‍, ടോര്‍ച്ച്, എല്‍ഇഡി ബള്‍ബുകള്‍, മെഴുകുതിരികള്‍, കുടകള്‍, പാത്രങ്ങള്‍, നാപ്കിനുകള്‍ മറ്റു അത്യാവശ്യ സാധനങ്ങള്‍ എന്നിവ കേരളത്തില്‍ എവിടെ നിന്നും സൗജന്യമായി ദുരിതാശ്വാസ ക്യാമ്ബുകളിലെത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സൗകര്യമൊരുക്കിയിരിക്കുന്നത്.
ബുധനാഴ്‌ചവരെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. തൊട്ടടുത്തുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ സാധനങ്ങള്‍ വൃത്തിയായി പാക്ക് ചെയ്ത് എത്തിച്ച് അയക്കേണ്ട സ്ഥലം അറിയിച്ചാല്‍ മാത്രം മതി. പഴകിയതും ഉപയോഗ്യശൂന്യമായതുമായ വസ്തുക്കള്‍ പാക്കേജില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
എല്ലാ കളക്‌ട്രേറ്റുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇതിനുപുറമേയാണ് കെഎസ്‌ആര്‍ടിസി മുഖേന വിഭവശേഖരണത്തിന് പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്. ഏതെങ്കിലും പ്രത്യേക ജില്ലയില്‍ എത്തിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവര്‍ കളക്‌ട്രേറ്റുകളില്‍ എത്തിച്ചാലും മതിയാകും.