ഫുക്കുഷിമയിലെ തകര്‍ന്ന ആണവകേന്ദ്രത്തില്‍നിന്ന് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ ജലം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെ തെക്കനേഷ്യന്‍ തീരങ്ങളില്‍ വന്‍ ആശങ്കയുയര്‍ത്തുന്നു.
ഏഷ്യന്‍ തീരങ്ങളിലെ കടല്‍ജീവികളെയും മനുഷ്യരേയും ബാധിച്ചേക്കാവുന്ന വിഷയമാണിത്. 2022 ഓടെ റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കാനാണ് ജപ്പാന്റെ തീരുമാനം.
പൊതുവില്‍ പൂര്‍ണതോതില്‍ നശിക്കാന്‍ 12 മുതല്‍ 30 വര്‍ഷം വരെയെടുക്കുന്ന സീഷ്യം, ട്രിഷ്യം, കൊബാള്‍ട്ട്, കാര്‍ബണ്‍12 തുടങ്ങിയ റേഡിയോആക്ടീവ് ഐസോട്ടോപ്പുകളുടെ വലിയൊരു ശേഖരമാണ് ഈ ആണവജലത്തില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേഖലയിലെ മീന്‍പിടിത്ത വ്യവസായത്തെയും അതിനോട് അനുബന്ധിച്ച സമ്പദ്‌വ്യവസ്ഥയെയും ഇത് ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അര്‍ബുദം അടക്കമുള്ള പലവിധ രോഗങ്ങളും ഇതിലൂടെ വര്‍ധിക്കുമെന്നും വിദഗ്‌ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഉയര്‍ന്ന അളവില്‍ റേഡിയോആക്ടീവ് വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത് ആദ്യ സംഭവമായിരിക്കുമെന്നും മറ്റുള്ളവര്‍ക്കും ഇതു തെറ്റായ മാതൃക കാണിച്ചുകൊടുക്കുമെന്നുമാണ് ഇന്ത്യയിലെ മുതിര്‍ന്ന ആണവാരോഗ്യ ശാസ്‌ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടത്.
2011 മാര്‍ച്ച് 11നാണ് റിക്ടര്‍ സ്‌കെയിലില്‍ 9.0 രേഖപ്പെടുത്തിയ ഭൂകമ്പം ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമേഖലയില്‍ ഉണ്ടായത്. ഇതേത്തുടര്‍ന്നുണ്ടായ സൂനാമിയില്‍ 5306 മെഗാവാട്ട് ശേഷിയുള്ള ഫുക്കുഷിമ ആണവ കേന്ദ്രത്തിലേക്ക് 15 മീറ്റര്‍ ഉയരത്തില്‍ സമുദ്രജലം കയറി.
1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ആണവ റിയാക്ടറുകളുമായി ബന്ധപ്പെട്ട ലോകത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആണവദുരന്തമായാണ് ഫുക്കുഷിമ ദുരന്തം വിലയിരുത്തപ്പെടുന്നതും.
ഈ ദുരന്തത്തിനുപിന്നാലെ 1.2 ദശലക്ഷം ടണ്ണോളം വരുന്ന റേഡിയോആക്ടീവ് മാലിന്യം കലര്‍ന്ന വെള്ളം ആയിരത്തിലേറെ ടാങ്കുകളിലായി ഫുക്കുഷിമ പ്ലാന്റിനു സമീപം വേര്‍തിരിച്ച മേഖലയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പ്ലാന്റ് ഡീക്കമ്മിഷന്‍ ചെയ്യുന്നതിനാല്‍ ഇത് പരിപാലിക്കാനാകാത്തതിനാലാണ് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം കടലിലേക്ക് 2022 ല്‍ ഒഴുക്കിവിടാനാണ് തീരുമാനിച്ചത്.