മാസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ശരിവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഗംഭീര്‍ 'രാഷ്ട്രീയ ഇന്നിങ്‌സിന്' തുടക്കം കുറിച്ചത്.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗംഭീര്‍ ബിജെപിയില്‍ അംഗത്വമെടുത്തത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയായ ഗംഭീര്‍ ഇവിടെനിന്നു ലോക്‌സഭയിലേക്കു മല്‍സരിക്കുമെന്നാണ് വിവരം. അതേസമയം, ഇക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ഗംഭീറിനെ പാര്‍ട്ടിയിലേക്കു സ്വീകരിച്ച അരുണ്‍ ജയ്‌റ്റ്!ലി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യയ്‌ക്കായുള്ള അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ ഉജ്വലമാണ്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യാന്‍ ബിജെപി പ്രവേശനത്തിലൂടെ തനിക്കു സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗംഭീര്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ നായകനായിരുന്നെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് നായക സ്ഥാനം ശ്രയസ് അയ്യര്‍ക്കു കൈമാറി സ്വയം ടീമില്‍നിന്ന് ഒഴിവായ ഗംഭീര്‍ ആരാധകരുടെ കൈയടി വാങ്ങിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഗംഭീറിന്റെ ഓപ്പണിങ് പങ്കാളിയായിരുന്ന വീരേന്ദര്‍ സേവാഗിന്റെ പേരും ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് പറഞ്ഞുകേട്ടിരുന്നെങ്കിലും അദ്ദേഹം ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സേവാഗിനു സീറ്റും വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം ക്ഷണം നിരസിച്ചെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, മത്സരസൂചന ഗംഭീറും നേരത്തെ തള്ളിയിരുന്നെങ്കിലും പല പാര്‍ട്ടി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണു ഗംഭീര്‍. അതുകൊണ്ടുതന്നെ ഈ മണ്ഡലത്തില്‍നിന്ന് ഗംഭീര്‍ ജനവിധി തേടുമെന്നാണ് വിവരം. നിലവില്‍ ഇവിടെ നിന്നുള്ള എംപിയായ മീനാക്ഷി ലേഖിയെ മറ്റൊരു മണ്ഡലത്തില്‍ മല്‍സരിപ്പിച്ചേക്കും. 2014 ല്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അമൃത്‌സറില്‍ മത്സരിച്ചപ്പോള്‍ ഗംഭീര്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിക്കാനും ഗംഭീര്‍ മുന്‍നിരയിലുണ്ട്.