ബംഗളുരു: മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ എംഎം കല്‍ബൂര്‍ഗിക്കും വെടിയേറ്റത് ഒരു തോക്കില്‍ നിന്നാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ട് കൊലപാതങ്ങളും നടത്തിയത് ഒരേസംഘമാണെന്ന അന്വേഷണസംഘത്തിന്റെ നിഗമനം ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് ഫലവും. ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘം ബംഗളുരു കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ കുറ്റപത്രത്തിനൊപ്പമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
ഗൗരി ലങ്കേഷിനെ വധിച്ചകേസില്‍ പിടിയിലായ കെടി നവീന്‍കുമാറിന്‍റെ 12 പേജുള്ള കുറ്റസമ്മതമൊഴിയും കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണെന്നും അതിനാല്‍ അവര്‍ കൊല്ലപ്പെടേണ്ടവളാണെന്നും പ്രതി കുറ്റസമ്മതമൊഴിയില്‍ പറയുന്നു. ഗൗരി ലങ്കേഷിന്‍റെ വീട്ടിലേക്ക് പോകാനായി കൊലപാതകികള്‍ വരച്ച റൂട്ട് മാപ്പും കുറ്റപത്രത്തോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ആംഗിളുകളില്‍ നിന്നും തയാറാക്കിയ റൂട്ട് മാപ്പാണ് ഇത്.
2014ല്‍ സ്ഥാപിതമായ ഹിന്ദു യുവസേന എന്ന സംഘടനയിലെ അംഗമാണ് ആയുധവ്യാപാരിയായ നവീന്‍കുമാര്‍. ഗൗരിയെ വധിക്കാനായി മറ്റൊരു ഹിന്ദുതീവ്രവാദിക്ക് താന്‍ രണ്ട് വെടിയുണ്ടകള്‍ നല്‍കിയ കാര്യം ഇയാള്‍ സമ്മതിച്ചിരുന്നു. അനധികൃതമായാണ് ഇയാള്‍ ആയുധവ്യാപാരം നടത്തുന്നതെന്നും കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.
പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഗൗരി ലങ്കേഷിനും കല്‍ബൂര്‍ഗിക്കും വെടിയേറ്റത് 7.65 എംഎം കണ്‍ട്രി തോക്കില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നു. രണ്ട് കൊലപാതകങ്ങള്‍ക്കും സമാനതകളുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. രണ്ട് പേരുടേയും കൊലപാതകത്തിന് പിന്നില്‍ ഒരേ സംഘമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 2015 ഓഗസ്റ്റ് 30നാണ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര്‍ 5നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.
2015ല്‍ സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ വെടിയേറ്റ് മരിച്ച സംഭവത്തിലും 2013ല്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ട സംഭവത്തിലും സമാനതകളുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് സമാനമായാണ് ഗൗരി ലങ്കേഷ്, കല്‍ബൂര്‍ഗിയുടെയും വധങ്ങള്‍ നടന്നിരിക്കുന്നത്. മഹാരാഷ്ട്ര-കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രിതി സമിതിയുമായി ബന്ധമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസിന് വ്യക്തമായിരുന്നു.