ചെങ്ങന്നൂര്‍: മദ്യനയത്തിനെതിരെ സംസാരിക്കാന്‍ സഭാനേതൃത്വത്തിന് ധാര്‍മികാവകാശമില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറീലോസ്. മദ്യനയം ചെങ്ങന്നൂരില്‍ ചര്‍ച്ചയാവില്ലെന്നും മാര്‍ കൂറീലോസ് പറഞ്ഞു.
മദ്യനയത്തിനെതിരെ സംസാരിക്കാന്‍ സഭാനേതൃത്വത്തിന് ധാര്‍മികാവകാശമില്ല. ബാര്‍ മുതലാളിമാരുടെ പണം പറ്റുന്നവര്‍ മദ്യനയത്തിനെതിരെ സംസാരിക്കുന്നതിലെ അനൗചിത്യം ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കും. സഭയ്ക്കും പൊതുസമൂഹത്തിനും ദോഷം വരുന്ന നടപടികളൊന്നും പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം 'റിപ്പോര്‍ട്ട'റോട് പറഞ്ഞു.
സമാനതകളില്ലാത്ത മദ്യപാന ആസക്തിയാണ് കേരളത്തിലേതെന്നും ഭാവിയെക്കരുതി മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ് വേണ്ടതെന്നും മാര്‍ കൂറീലോസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും പിന്തുണ നല്‍കുന്നതിനെ കുറിച്ച് യാക്കോബായ സഭ തീരുമാനമെടുത്തിട്ടില്ല. ഏതെങ്കിലും മുന്നണികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ സഭാനേതൃത്വങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് ജനാധിപത്യത്തെ അപഹസിക്കുന്നതിന് തുല്ല്യമാണെന്നും നിരണം ഭദ്രാസനാധിപന്‍ വ്യക്തമാക്കി.
പിണറായി സര്‍ക്കാരിന് പോരായ്മകളുണ്ട്. പൊലീസ് നയത്തില്‍ ഉള്‍പ്പെടെ ചില വീഴ്ചകള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ സഭയ്ക്കും പൊതുസമൂഹത്തിനും ദോഷം വരുന്ന ഒരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാകും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചയാവുകയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം മാര്‍ത്തോമാ ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമത്തിയോസ് സംസ്ഥാന സര്‍ക്കാരിന്റെ
മദ്യനയത്തിനെതിരെ രംഗത്ത് വന്നിരുന്നു. കത്തോലിക്കാ സഭയും മദ്യനയത്തിനെതിരേ രംഗത്തുവരുകയും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പില്‍ ഇത് സ്വാധീനിക്കുമെന്നും വ്യക്തമാക്കിയിരുന്നു.