• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ജര്‍മന്‍ യുവതിയെ കാണാതായ സംഭവം; അന്വേഷണത്തിന്‌ പ്രത്യേക സംഘം

വിനോദസഞ്ചാരിയായ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിക്കും. സംഭവത്തില്‍ ഒരു അന്വേഷണ പുരോഗതിയുമില്ലാത്ത സാഹചര്യത്തിലാണ്‌ നടപടി. അതേ സമയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകള്‍ പോലീസ്‌ പരിശോധിച്ചു.

മാര്‍ച്ച്‌ ഏഴിന്‌ തിരുവനന്തപുരത്തെത്തിയ ലിസ വെയ്‌സിനെ കാണാനില്ലെന്ന്‌ ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ കോണ്‍സുലേറ്റ്‌ ഡിജിപിക്ക്‌ കത്തയച്ചിരുന്നു. ലിസയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്‌. ന്വേഷണത്തില്‍ എന്തെങ്കിലും തുമ്പ്‌ കണ്ടെത്താന്‍ പൊലീസിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ശംഖുമുഖം അസിസന്റ്‌ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ്‌ ലിസയുടെ തിരോധാനം അന്വേഷിക്കുക.

മൊഴിയെടുക്കാനായി യുവതിയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്താന്‍ പോലീസ്‌ ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിനായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടി. മതം മാറുന്നതുമായി ബന്ധപ്പെട്ട്‌ ലിസ അമ്മയ്‌ക്ക്‌ സന്ദേശം അയച്ചിരുന്നതായാണ്‌ വിവരം. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച്‌ സ്ഥിരീകരണം വരുത്തുന്നതിന്‌ വേണ്ടിയാണ്‌ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ നടത്തുന്നത്‌. അമൃതാനന്ദമയി മഠം സന്ദര്‍ശിക്കാനാണ്‌ എത്തിയതെന്നായിരുന്നു യുവതി കുടുംബത്തെ അറിയിച്ചിരുന്നത്‌. എന്നാല്‍ ലിസ എത്തിയിട്ടില്ലെന്ന്‌ മഠം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ബ്രിട്ടീഷ്‌ പൗരനായ സുഹൃത്തുമൊത്താണ്‌ ലിസ വെയ്‌സ്‌ മാര്‍ച്ച്‌ 10ന്‌ തിരുവനന്തപുരത്തെത്തിയതെന്നാണ്‌ വിവരം. സുഹൃത്ത്‌ മാര്‍ച്ച്‌ 15ന്‌ തിരികെ പോകുകയും ചെയ്‌തു. മെയ്‌ അഞ്ചിന്‌ വിസ കാലാവധി തീര്‍ന്നിട്ടും ലിസ മടങ്ങിയെത്താത്തതിനെ തുടര്‍ന്നാണ്‌ അമ്മ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയത്‌.
 

Top