ഡാളസ്: ഇർവിംഗ് സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനും ശ്രേഷ്ഠ രക്തസാക്ഷിയുമായ മാർ ഗീവറുഗീസ് സഹദായുടെ ഓർമ്മ പെരുനാൾ മെയ് മാസം 4 (വെള്ളി) 5 (ശനി) 6 (ഞായർ) തീയതികളിൽ വിവിധ ആധ്യാത്മീക പരിപാടികളോടെ നടത്തുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ. സക്കറിയ മാർ അപ്രേം തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും. ഡാളസിലുള്ള എല്ലാ ഓർത്തഡോക്സ് ഇടവക വികാരിമാരും, ദേശത്തു പട്ടക്കാരും സഹകാർമ്മികരായിരിക്കും.
മെയ് 4 വെള്ളിയാഴ്ച 7 മണിക്ക് സന്ധ്യാ നമസ്കാരവും ദൈവ വചന പ്രഘോഷണവും, മെയ് 5 ശനിയാഴ്ച 6:30 ന് സന്ധ്യാനമസ്കാരവും ദൈവവചന പ്രഘോഷണവും, വർണ്ണശബളവും ആധ്യാത്മീകനിറവും ആഘോഷപരവും ആയ പ്രദക്ഷിണവും വാഴ്വും നേർച്ചവിളമ്പും, മെയ് 6 ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്കാരവും ബിഷപ് ഡോ.മാർ അപ്രേം തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് പ്രദക്ഷിണവും വാഴ്വും കൈമുത്തും നേര്ച്ച വിളമ്പും പെരുനാൾ സദ്യയും ഉണ്ടായിരിക്കും.
നോർത്ത് ടെക്സാസിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള ഏക ദേവാലയമായ ഇവിടെ സഭാ വ്യത്യാസം കൂടാതെ നാനാ ജാതി മതസ്ഥരായ നാട്ടുകാരുടെ സഹകരണത്തോടെ ഓരോ വർഷവും ഈ പെരുന്നാൾ അനേകർക്ക് അനുഗ്രഹ പ്രദായകമായി നടത്തപ്പെടുന്നു. ഇത് ദേശത്തിന്റെ ഒരു ഉത്സവം എന്ന രീതിയിൽ പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ട് ഏപ്രിൽ 29 ഞായറാഴ്ച്ച വിശുദ്ധ കുർബാനക്ക് ശേഷം 11:30 ന് ഇടവക വികാരി ഫാ. തമ്പാൻ വർഗീസ് കൊടിയേറ്റ് നടത്തും. പെരുനാൾ പരിപാടികളുടെ അനുഗ്രഹപൂർണ്ണമായ നടത്തിപ്പിന് ഇടവക മാനേജിങ് കമ്മറ്റിയുടെയും വിവിധ ആധ്യാത്മീക സംഘടനകളുടെയും സംയുക്ത നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
പെരുനാളിലേക്കു എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി വികാരി ഫാ.തമ്പാൻ വർഗ്ഗീസ്, ട്രി സ്മിതാ ഗീവർഗീസ് , സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.