ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്ക് കര്‍ണാടകയിലെ മറ്റ് പല ആക്ടിവിസ്റ്റുകളേയും കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം. ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുമായുള്ള ബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നിരുന്നു. പ്രധാനമായും സംഘപരിവാര്‍ വിമര്ശകരെയായ സാമൂഹിക പ്രവര്‍ത്തകരെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
പ്രശസ്ത എഴുത്തുകാരനും ഫിലിം മേക്കറും പത്മ പുരസ്ക്കാര ജേതാവും കൂടിയായ ഗിരീഷ് കര്‍ണാടിനെയും വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ബി.ടി ലളിതാ നായിക്, ഗുരു വീരഭദ്ര ചന്നാമല സ്വാമി, യുക്തിവാദി സി.എസ് ദ്വാരകനാഥ് തുടങ്ങിയവരും കൊലയാളി സംഘത്തിന്റെ ഹിറ്റ്ലിസ്റ്റിലുണ്ട്. തീവ്രഹിന്ദുത്വ ആശയങ്ങളെ നിരന്തരം വിമര്‍ശിക്കുന്നവരാണ് പട്ടികയിലുള്ളത്. ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസ് പിടിയിലായ പ്രതികളിലൊരാളുടെ ഡയറിയിലാണ് കൊലപ്പെടുത്തേണ്ടവരുടെ പട്ടിക കണ്ടെത്തിയത്. പ്രാചീന ലിപിയായ ദേവനഗരി ലിപിയിലാണ് ഇവ എഴുതിയിരുന്നത്.
അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചയാളെന്ന് പൊലീസ് കരുതുന്ന കവിജയപുര സ്വദേശി പരശുറാം വാഗ്മറെ ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക്കിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വാഗ്മറെയാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പ്രത്യേക അന്വേഷണ സംഘം തയാറായിട്ടില്ല.