പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകിട്ട് ആറുമണിയോടെയായിരുന്നു മരണം.
നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണ് മരണത്തിനു കാരണമായത്. കഴിഞ്ഞ 12 ാം തീയതിയായിരുന്നു പെണ്‍കുട്ടിക്കെതിരെ അക്രമമുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കുമ്പനാട് സ്വദേശി അജിന് റെജി മാത്യു നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് എറണാകുളത്ത് എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച അജിന് പൊലീസ് കസ്റ്റഡിയിലാണ്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.