ഒരുതൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി
ഒരുതൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…..
ഇന്ന് ജൂണ്‍ 5. വീണ്ടും ഒരു ലോക പരിസ്ഥിതി ദിനം കൂടി. എല്ലാവര്‍ക്കു പൊതുവേയുള്ളൊരു ശീലമുണ്ട്. ജൂണ്‍ അഞ്ചിന് മാത്രം എല്ലാവര്‍ക്കും പ്രകൃതിയോട് സ്‌നേഹം തോന്നും. ഈ ഒരു ദിവസം മാത്രം നമ്മള്‍ പ്രകൃതിയെ സ്‌നേഹിക്കും, പ്രകൃതിയെ പരിപാലിക്കും. എന്നാല്‍ എന്തുകൊണ്ട് ഇത് എല്ലാ ദിവസവും ചെയ്തുകൂട എന്ന് ആരു ചിന്തിക്കാറില്ല. ഇന്നത്തെ ദിവസം നിരവധി വൃക്ഷത്തൈകള്‍ നാം നട്ടുപിടിപ്പിക്കും.
എന്നാല്‍ പിന്നീട് ആരും തന്നെ അതിനെ പരിപാലിക്കാറില്ല എന്നതാണ് സത്യം. ജൂണ്‍ അഞ്ച് എന്ന ദിവസത്തിനുവേണ്ടി മാത്രം കുറച്ച് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ നമ്മുടെ പ്രകൃതി സ്‌നേഹമല്ല മറിച്ച് നമ്മുടെ സ്വാര്‍ത്ഥതയാണ് പുറത്ത് വരുന്നത്.
മനുഷ്യനെ മറന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ട എന്നപോലത്തെ ആശയങ്ങളാണ് ഇന്ന് നമ്മെ നയിക്കുന്നത് എങ്കില്‍ മനുഷ്യന് ജീവിക്കാനാക്ക ഭൂമിയാകും അതിന്റെ ഫലം. മനുഷ്യനെ നോക്കാതെ പ്രകൃതിയെ സംരക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇത്തരം ഒരവസ്ഥ ഉണ്ടാക്കിയതും നമ്മളാണ്.
ഇത്രയുംകാലം മനുഷ്യന്റെ ഇടപെടല്‍ പ്രകൃതിക്ക് നല്‍കിയ വികസനം എന്തൊക്കെയാണ്? വെട്ടിതെളിക്കപെട്ട കാടുകളും, ഇടിച്ച് നിരത്തിയ മലകളും, നികത്തിയ കുളങ്ങളും പാടങ്ങളും, പ്രതിവര്‍ഷം കൂടുന്ന ചൂടും, എന്നെന്നേക്കുമായി വംശനാശം സംഭവിക്കുന്ന കുറേയധികം ജീവിവര്‍ഗങ്ങളേയുമാണ്.
യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.ലോകത്ത് ഏറ്റവും ചൂട് കൂടിയ ഭൂപ്രദേശങ്ങളിലൊന്നായി നമ്മുടെ നാട് മാറുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഭൂമിയിലെ കഴിഞ്ഞ 40 നൂറ്റാണ്ടുകളിലെ കാലാവസ്ഥയെ കുറിച്ചു ശാസ്ത്ര ലോകം നടത്തിയ പഠനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിത്. ഈ സാഹചര്യത്തില്‍ പരിസ്ഥിതി പ്രാധാന്യമുള്ള പ്രവര്‍ത്തികള്‍ക്ക് നാം ഊന്നല്‍ കൊടുക്കേണ്ടുന്നതാണ്.
വനസമ്ബത്തു നിലനിര്‍ത്തുക, മരങ്ങള്‍ വച്ചു പിടിപ്പിക്കുക തുടങ്ങിയവയാണിതിനു പ്രതിവിധി. ആഗോള പരിസ്ഥിതിക സന്തുലനാവസ്ഥയും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുന്നതിന് ഇതു കൊണ്ടു സാധിക്കും.കോടിക്കണക്കിനു ജനങ്ങളാണ് വനത്തെ ആശ്രയിച്ചു ജീവിക്കുന്നത്.