ഗോള്‍ഡ്കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്ഡ്കോസ്റ്റില് വര്‍ണാഭമായ തുടക്കം. നിറക്കൂട്ടുകള്‍ വിരുന്നൊരുക്കിയ ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് ചടങ്ങുകള്‍ തുടങ്ങിയത്. 71 രാജ്യങ്ങളില്‍നിന്നായി 43,000 കായിക താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്ക് 218 അംഗ സംഘമാണുള്ളത്.
മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയ്ക്കായി ത്രിവര്‍ണ്ണ പതാകയേന്തിയത് റിയോ ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവാണ്. സ്കോട്ലണ്ടാണ് ആദ്യം മാര്‍ച്ച് പാസ്റ്റിനായി അണിനിരന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ മാര്‍ച്ച് പാസ്റ്റിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. ഇതിന് പിന്നാലെയാണ് ഇന്ത്യയടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത്. ആതിഥേയരായ ഓസ്ട്രേലിയക്കുവേണ്ടി 474 കായികതാരങ്ങളാണ് കളത്തിലിറങ്ങുന്നത്.
ഇംഗ്ലണ്ട് 396ഉം കാനഡ 282ഉം ന്യൂസിലന്‍ഡ് 253ഉം സ്കോട്ട്ലന്‍ഡ് 224ഉം കായികതാരങ്ങളുമായാണ് എത്തുന്നത്. വിവിധ കായികയിനങ്ങളിലായി 275 സ്വര്‍ണമെഡല്‍ പോരാട്ടങ്ങള്‍ നടക്കും. 58 സ്വര്‍ണ പോരാട്ടങ്ങളുള്ള അത്ലറ്റിക്സിലാണ് ഏറ്റവും അധികം മത്സരങ്ങളുള്ളത്. നീന്തലില്‍ 50 സുവര്‍ണ പോരാട്ടങ്ങള്‍ നടക്കും. ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ മാത്രമാണുള്ളത്.
നാളെ മുതലാണ് മത്സരങ്ങള്‍ അരങ്ങേറുക. നാളെ 19 ഫൈനലുകള്‍ നടക്കും. ഭാരോദ്വഹനം, ട്രയാത്തലണ്‍, നീന്തല്‍, ജിംനാസ്റ്റിക്, ട്രാക്ക് സൈക്ലിംഗ് തുടങ്ങിയ വിഭാഗങ്ങളിലായാണ് 19 സ്വര്‍ണ മെഡല്‍ പോരാട്ടങ്ങള്‍. ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ഹോക്കി, ലോണ്‍ ബോള്‍, നെറ്റ് ബോള്‍, സ്ക്വാഷ്, ടേബിള്‍ ടെന്നീസ് പോരാട്ടങ്ങളും നാളെ ആരംഭിക്കും.
ഉദ്ഘാടന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ പ്രസംഗം ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ പിവി സിന്ധു, സൈന നെഹ്വാള്, കിഡംബി ശ്രീകാന്ത് തുടങ്ങിയവരുടെ മത്സരങ്ങള്‍ 12-ാം തീയതിയാണ് ആരംഭിക്കുന്നത്. ഞായറാഴ്ചയാണ് ഗെയിംസിലെ ഗ്ലാമര്‍ ഇനങ്ങളായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് നാല് ഫൈനലുകള്‍ നടക്കും. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര 10-ാം തീയതിയാണ് ഫീല്‍ഡില്‍ ഇറങ്ങുക.
ഉച്ചകഴിഞ്ഞ് 2.30നാണ് മത്സരം. ഇന്ത്യ മെഡലുകള്‍ സ്വപ്നം കാണുന്ന ഷൂട്ടിംഗ് പോരാട്ടങ്ങളും ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. മനു ഭാകര്‍, സീമ തോമര്‍, അപൂര്‍വി ചാന്ദേല, തേജസ്വിനി സാവന്ത്, ഹീന സന്ധു തുടങ്ങിയവരാണ് വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍. പുരുഷവിഭാഗത്തില്‍ ജിതു റായ്, നീരജ് കുമാര്‍, മാനവ്ജിത് സിംഗ് സന്ധു, ഓംപ്രകാശ് മിതാര്വള് തുടങ്ങിയവരും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളാണ്.
ഉദ്ഘാടന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്റെ പ്രസംഗം