• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

വിസ്മയിപ്പിക്കുന്ന അരങ്ങേറ്റം, ഇപ്പോഴും വിശ്വസിക്കാനാകാതെ ഗൗരി, 96ലെ കുട്ടി ജാനു മനസ്സ് തുറക്കുന്നു

വിജയ് സേതുപതിയും തൃഷാ കൃഷ്ണനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന 96 കണ്ടിറങ്ങിയ ഓരോരുത്തരുടെയും മനസ്സിലേക്ക് ആദ്യം ഉയര്‍ന്ന ചോദ്യം. ആരാണ് നായിക ജാനുവിന്റെ കുട്ടിക്കാലം അഭിനയിച്ച ആ പെണ്‍കുട്ടി? സി പ്രേംകുമാര്‍ സംവിധാനം ചെയ്ത സിനിമ കേരളത്തിലും സൂപ്പര്‍ ഹിറ്റായി. മലയാളിയും തമിഴനും ഒരേ പോലെ ഹൃദയത്തിലേറ്റുന്ന താരമായി 'കുട്ടി ജാനു' മാറി. സ്വാഭാവികമായ അഭിനയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഗൗരി ജി കിഷന്‍ എന്ന മലയാളി പെണ്‍കുട്ടി ഇപ്പോഴും ഏതോ മായിക ലോകത്താണ്. ഫില്‍മിബീറ്റിന് അനുവദിച്ച അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു.

തൃഷയുടെ കുട്ടിക്കാലം അവതരിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. നൃത്തം പഠിച്ചിരുന്നതുകൊണ്ട് സഭാ കമ്ബം ഇല്ലായിരുന്നു. സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍ സ്റ്റേജിലെ പെര്‍ഫോമന്‍സും ക്യാമറയ്ക്ക് മുന്നിലെ അഭിനയവും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നത് തിരിച്ചറിയുകയായിരുന്നു.

സിനിമ കണ്ടുള്ള പരിചയം മാത്രമാണ് നേരത്തെയുള്ളത്. ഓഡിഷനില്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ടെന്‍ഷനായി. ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാന്‍ കഴിയുമോ എന്ന പേടി. 7ഡി വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തത് അനുഗ്രഹമായി. ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഈ ക്യാംപ് സഹായിച്ചു.

എനിക്ക് തീര്‍ത്തും അന്യമായ കാലഘട്ടത്തിന്റെ കഥയായിരുന്നു സിനിമയിലുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ജനറേഷന്‍, എന്നാല്‍ സ്റ്റോറി ടെല്ലിങിന്റെ മാന്ത്രികത ഞാന്‍ അനുഭവിച്ചറിയുകയായിരുന്നു. അത്രയും സമര്‍ത്ഥമായാണ് ഈ കാലഘട്ടം എന്റെ ഹൃദയത്തിലേക്ക് പതിഞ്ഞത്. കൂടാതെ ഈ കാലഘട്ടങ്ങളിലുള്ള ഒട്ടേറെ സിനിമകള്‍ നേരത്തെ കണ്ടിരുന്നതും അനുഗ്രഹമായി. സംവിധായകന്റെ മിടുക്കാണ്. പല റിഫ്ളക്ഷനുകളും സിനിമ കണ്ടപ്പോഴാണ് മനസ്സിലായത്.

വായിക്കാന്‍ നല്ല ഇഷ്ടമാണ്. കുട്ടിക്കാലം മുതലെ നന്നായി വായിക്കുമായിരുന്നു. എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്യണം എന്ന ചിന്തയില്‍ നിന്നു തന്നെയാണ് ജേര്‍ണലിസം കോഴ്സ് തിരഞ്ഞെടുത്തത്. ആമിര്‍ഖാന്റെ സത്യമേവ ജയതേ സ്ഥിരമായി കാണാറുണ്ടായിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും ഇല്ലായ്മകളും പണ്ടേ മനസ്സിനെ പിടിച്ചുലക്കിയിരുന്നു. ഇപ്പോള്‍ ബാംഗ്ളൂര്‍ ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയില്‍ ജേര്‍ണലിസത്തിന് പഠിയ്ക്കുന്നതിനു പ്രചോദനവും ഇത്തരം ചിന്തകള്‍ തന്നെ.

സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ശേഷി മാധ്യമപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ധാരാളം വായിക്കാനുള്ള അവസരവും കിട്ടും. വെറും ഒരു ഡിഗ്രി എന്നതിനപ്പുറം ജേര്‍ണലിസം ക്രിയേറ്റിവിറ്റിയുള്ള ഒരു ലിബറല്‍ ആര്‍ട്ടാണ്. സമൂഹത്തെ വേറിട്ട രീതിയില്‍ നോക്കി കാണാന്‍ അവസരം ലഭിക്കുന്നു. തത്കാലം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. അതേ സമയം 96നു സമാനമായ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ പരിഗണിക്കും. തീര്‍ച്ചയായും ഓരോ കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്ബോഴും കുട്ടിജാനു ഉണ്ടാക്കിയ ഉത്തരവാദിത്വബോധം മനസ്സിലുണ്ടാകും.

അമ്മയുടെ വീട് വൈക്കത്താണ്. അച്ഛന്റെ വീട് അരൂരും. അച്ഛന്റെ ജോലിയുടെ ഭാഗമായി ദില്ലിയിലായിരുന്നു കുറച്ച്‌ കാലം. എന്നാല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെ എല്ലാ അര്‍ത്ഥത്തിലും ഭാഗ്യമായി മാറുകയായിരുന്നു. സ്വന്തം നാട്ടിലെന്ന പോലെയുള്ള ഒരു ഫീലിങാണ് ചെന്നൈയില്‍. ചേട്ടന്‍ ഗോവിന്ദും ഗൗരിക്കൊപ്പം ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയില്‍ പഠിയ്ക്കുന്നുണ്ട്.

Top