അന്താരാഷ്ട്ര ബാഡ്‌മിന്റണില്‍ ഇന്ത്യയ്‌ക്കുവേണ്ടി മെഡല്‍ നേടിയ ഒട്ടേറെ മലയാളി താരങ്ങളുണ്ട്. ആ നിരയിലെ ഒടുവിലെ കണ്ണിയാണ് ഗോവിന്ദ് കൃഷ്‌ണ. നാഗ്‌പൂരില്‍ കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു ഗോവിന്ദ്. സിംഗിള്‍സില്‍ ഗോവിന്ദിന് ലോകനിലവാരത്തിലേക്ക് ഉയരാനാകുമെന്ന് പരിശീലകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പന്ത്രണ്ടാം വയസ്സിലാണ് കളി ഗോവിന്ദ് ഗൗരവമായെടുത്തത്. എ. നാസറിന്റെ കീഴില്‍ പരിശീലനം തുടങ്ങിയത് വഴിത്തിരിവായി. കോഴിക്കോട് ജില്ലാ അഡീഷണല്‍ ഡിസ്‌ട്രിക്ട് സ്‌പെഷ്യല്‍ ജഡ്‌ജിയായിരുന്ന പിതാവ് സി. കൃഷ്‌ണകുമാറും മജിസ്‌ട്രേറ്റായ അമ്മ വി. വിനീതയും മകന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കി.
സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍17 വിഭാഗത്തിലും (2017) അണ്ടര്‍19 വിഭാഗത്തിലും (2018) ഗോവിന്ദ് ചാമ്പ്യനായി. അതോടെ ദേശീയ ടീമിലേക്ക് വഴിതുറന്നു. ഏഷ്യന്‍ സ്‌കൂള്‍ ഗെയിംസില്‍ കരുത്തരായ ടീമുകളെ അട്ടിമറിച്ചാണ് ഇന്ത്യ മൂന്നാമതെത്തിയത്. സിംഗിള്‍സില്‍ ഗോവിന്ദിന്റെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായി.
ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞവര്‍ഷം പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫെബ്രുവരിയില്‍ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ ഉത്തരാഖണ്ഡിന്റെ ഒന്നാം സീഡ് ധ്രുവ് റാവത്തിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. സീനിയര്‍ തലത്തില്‍ അട്ടിമറി തുടരാന്‍ മാതൃഭൂമി ഓപ്പണിലും ഗോവിന്ദ് ഇറങ്ങുന്നുണ്ട്. ദിവസവും ആറുമണിക്കൂറോളം കളിക്കായി മാറ്റിവെക്കുന്നു. പ്ലസ് ടു ഫലം കാത്തിരിക്കുന്ന ഗോവിന്ദ് ബാഡ്‌മിന്റനാണ് തന്റെ കരിയറെന്ന് വ്യക്തമാക്കുന്നു.