തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29-ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദ്ദേശിച്ചു. അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പൂര്‍ത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേര്‍ക്ക് ഇതിനകം സഹായം നല്‍കിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നല്കാന് ഏറെയും ബാക്കിയുള്ളത്. 439 പേരാണ് കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരണപ്പെട്ടത്. ഇതില്‍ 331 പേര്‍ക്ക് മരണാനന്തര ആനുകൂല്യം നല്‍കിക്കഴിഞ്ഞു. എഫ്ഐആര്‍, നിയമാനുസൃത ആശ്രിതര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാക്കുന്നതിലെ കാലതാമസം കാരണം നൂറോളം അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്.
കുടുംബശ്രീ മുഖേന വീട്ടമ്മമാര്‍ക്ക് ഒരു ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതുള്‍പ്പെടെ രണ്ട് ലക്ഷം അപേക്ഷകളില്‍ ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കും. ഒരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെയുള്ള വായ്പ നല്‍കുക.