പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്നു മാത്രമല്ല ആരോഗ്യസംബന്ധമായ ഗുണങ്ങളും ലഭിക്കും. ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവ കഴിക്കുമ്പോഴുണ്ടാകുന്ന വായുകോപം മുളപ്പിച്ച് ഉപയോഗിക്കുന്നതുവഴി ഇല്ലാതാകുന്നു. ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്. ഇവയില്‍ നിരോക്‌സീകാരികള്‍ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവര്‍ത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്‌സിഫൈ ചെയ്‌ത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത് ക്ലോറോഫില്‍ ആണ്.
മുളപ്പിക്കുമ്പോള്‍ ജീവകം ഡി ഉള്‍പ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കും. മുളയ്‌ക്കുമ്പോള്‍ പയറില്‍ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാന്‍ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിര്‍മാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.
മുളപ്പിച്ച പയറില്‍ ജീവനുള്ള എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയില്‍ ധാരാളം ഭക്ഷ്യ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.
രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.
ശരീരഭാരം കുറയ്‌ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങളാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്. ഇവ ദീര്‍ഘ നേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കുകയുംചെയ്യും.
ജീവകം സി മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറില്‍ ധാരാളം ഉണ്ട്. അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്‌ചശക്തിക്കും മികച്ചതാണ്. മുളപ്പിച്ച പയറിലെ നിരോക്‌സീകാരികള്‍ ഫ്രീറാഡിക്കലുകളില്‍ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.
മുളയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇവ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കുന്നു. അതോടൊപ്പം രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു. മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങള്‍ക്കും കാരണം. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളയില്‍ ഉണ്ട്. പ്രായമാകലിനു കാരണമാകുന്ന ഡി എന്‍ എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു.