ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതിന് രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഫെയര്‍നസ് ഓഫ് ഹൈസ്‌കില്‍ഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 എന്ന് പേരിട്ട ബില്‍ വന്‍ ഭൂരിപക്ഷത്തിനാണ് പാസായത്. നിലവില്‍ രാജ്യങ്ങള്‍ക്ക് ഏഴു ശതമാനമാണ് പരിധി. വിദഗ്‌ധ തൊഴിലാളികള്‍ക്കു യുഎസില്‍ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള അനുമതിയാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍ പെര്‍മനന്റ് റെസിഡന്‍സി കാര്‍ഡ്).
യുഎസില്‍ ജോലി തേടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന ബില്ലാണ് പ്രതിനിധിസഭ പാസാക്കിയത്. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഒപ്പിട്ടു നിയമമാകുന്നതിനു മുന്‍പ് യുഎസ് സെനറ്റും ഇത് പാസാക്കേണ്ടതുണ്ട്. പ്രതിനിധി സഭയില്‍ ബില്‍ പാസായത് അമേരിക്കയിലെ മുന്‍നിര ഐടി കമ്പനികള്‍ സ്വാഗതം ചെയ്‌തു.